Featured Lifestyle

ഉപയോഗിച്ച എണ്ണ കളയാന്‍ വരട്ടെ; കാശ് തന്ന് വാങ്ങാനായി ആളുണ്ട് !

ഒരിക്കല്‍ ഉപയോഗിച്ച എണ്ണ പിന്നീട് ഉപയോഗിക്കുന്നതിലൂടെ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവെക്കും. എന്നാല്‍ പിന്നെ ഈ ഉപയോഗിച്ച എണ്ണ എന്താണ് ചെയ്യാനായി സാധിക്കുക . റെസ്‌റ്റോറന്റുകളില്‍ ചെന്ന് ഉപയോഗിച്ച എണ്ണ ശേഖരിച്ചുകൊണ്ട് പോകുന്ന പല ഏജന്‍സികളുണ്ട്. ഇത് ബയോ ഡീസല്‍ നിര്‍മാണത്തിനായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അത്തരത്തിലുള്ള ഒരു കമ്പനിയാണ് ചെന്നൈയിലെ യുറാനസ് ഓയില്‍ കമ്പനി . 2020ല്‍ വസന്ത് ജെ ബി, വെങ്കിടേശ്വരന്‍ എസ്, സ്രിന്ധി ബി എന്നിവര്‍ ചേര്‍ന്നായിരുന്നു കമ്പനി ആരംഭിച്ചത്.

സ്റ്റാർ ഹോട്ടലുകള്‍ , റസ്‌റ്റേറന്റുകള്‍ സര്‍ക്കാര്‍ കാന്റീനുകള്‍ എന്നിവയില്‍ നിന്ന് ഇവര്‍ എണ്ണ ശേഖരിക്കുന്നു. എണ്ണ നല്‍കാനായി താല്‍പര്യമുള്ള സ്ഥാപനങ്ങള്‍ ഇവരെ സമീപിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇവര്‍ സ്ഥിരമായി എണ്ണ നല്‍കാനായി കഴിയുന്ന സ്ഥാപനമാണോയെന്ന് പിന്നീട് കമ്പനി നിയോഗിച്ച ടീം വിലയിരുത്തുന്നു.സ്ഥാപനത്തിന് പാചക എണ്ണയുടെ കിറ്റും സ്റ്റോറേജ് കണ്ടെയ്‌നറും നല്‍കുന്നു.

തികച്ചും വൃത്തിയായി എണ്ണ ശേഖരിച്ചതിന് ശേഷം പണം നല്‍കുന്നു. പിന്നീട് ഇത് വായുസഞ്ചാരമുള്ള ടാങ്കുകളില്‍ സൂക്ഷിക്കുന്നു, അത് ബയോഡീസലായി മാറ്റുന്നു.നിലവില്‍ 150ലധികം യുവസംരംഭകരാണ് കമ്പനിയുമായി ചേർന്ന് പ്രവര്‍ത്തിക്കുന്നത്. ഗേറ്റഡ് കമ്മ്യൂണിറ്റില്‍ നിന്നും റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകളില്‍ നിന്നും ഇവര്‍ എണ്ണ ശേഖരിക്കുന്നു. (fssai), (ficci) എന്നിവയുടെ അംഗീകാരത്തോടെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഫോസില്‍ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാണ് കമ്പനി ഉപയോഗിക്കുന്നതെന്ന ഒരു പ്രത്യേകത കൂടിയുണ്ട്.

നിലവില്‍ കേരളത്തില്‍ 30 ഓളം ഏജന്‍സികള്‍ മുഖേന ഭക്ഷ്യവകുപ്പും ഇത്തരം എണ്ണ ശേഖരിക്കുന്നുണ്ട്. 50 ലിറ്ററില്‍ അധികം എണ്ണ പ്രതിദിനം കൈകാര്യം ചെയ്യുന്ന ഹോട്ടലുകളും ചിപ്‌സ് – മിക്‌സ്ചർ നിര്‍മാണയൂണിറ്റുകളും നിര്‍ബന്ധമായും ഉപയോഗിച്ച എണ്ണ കൈമാറിയിരിക്കണമെന്ന് നിര്‍ദേശമുണ്ട്. ഇതിനായി പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കുകയും വേണം.എണ്ണ ലിറ്ററിന് 50- 60രൂപയ്ക്കാണ് ഇത്തരത്തിലുള്ള ഏജന്‍സികള്‍ വാങ്ങുന്നത്.

ഇങ്ങനെ ശേഖരിക്കുന്ന എണ്ണ കേന്ദ്രസർക്കാരിന്റെ ഈറ്റ് റൈറ്റ് ഇന്ത്യ, റൂക്കോ പദ്ധതികൾ പ്രകാരം ബയോ ഡീസൽ ഉത്‌പാദനത്തിനായി പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കൈമാറുകയാണ് ചെയ്യുന്നത്.