ഇന്ത്യൻ സംസ്കാരത്തിനും ഭക്ഷണരീതികൾക്കുമെല്ലാം ലോകമെമ്പാടും നിരവധി ആരാധകരുണ്ട്. വൈവിധ്യമാർന്ന ഈ ഭക്ഷണരീതികൾ പരീക്ഷിക്കാൻ നാളുകളോളം ഇന്ത്യയിൽ താമസിക്കുന്ന അനേകം വിദേശികളും ഉണ്ട്. ദാൽ ചാവൽ മുതൽ കടായി പനീർ തുടങ്ങി നിരവധി വിഭവങ്ങളാണ് ആളുകളുടെ ഇഷ്ട ലിസ്റ്റിൽ ഉള്ളത്. പല വിദേശികളും ഇന്ത്യൻ ഭക്ഷണങ്ങളുമായി ബന്ധപ്പെട്ട ഒട്ടനവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ താനും ഇന്ത്യൻ വിഭവങ്ങളുടെ ഒരു കടുത്ത ആരാധികയാണ് എന്നു വെളിപ്പെടുത്തികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയിലേക്ക് താമസം മാറിയ അമേരിക്കൻ കണ്ടന്റ് ക്രീയേറ്റർ ക്രിസ്റ്റൻ ഫിഷർ. അടുത്തിടെ, തന്റെ കുട്ടികളുടെ പ്രിയപ്പെട്ട ഇന്ത്യൻ വിഭവങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു വീഡിയോ ക്രിസ്റ്റൻ ഇൻസ്റ്റാഗ്രാമിൽ പങ്കിടുകയുണ്ടായി.ഈ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
“ഞങ്ങൾ ആദ്യമായി ഇന്ത്യയിൽ വന്നപ്പോൾ എന്റെ കുട്ടികൾ ഇന്ത്യൻ ഭക്ഷണം കഴിക്കില്ലായിരുന്നു. എന്നാൽ ഇപ്പോൾ അവർ കഴിക്കുന്നത് അത് മാത്രമാണ്. അവർ ഈ രാജ്യത്തെ ഭക്ഷണം ഇഷ്ടപ്പെടാൻ പഠിച്ചു, എന്റെ ഓരോ കുട്ടികൾക്കും അവരുടേതായ ഇഷ്ടവിഭവങ്ങളുണ്ട്. ഇവിടെ ചിത്രീകരിക്കാത്ത മറ്റൊന്ന് കൂടിയുണ്ട് എന്റെ പ്രിയപ്പെട്ട ചോലെ ബട്ടൂരയും എന്റെ ഭർത്താവിന്റെ പ്രിയപ്പെട്ട മസാല ദോശയും,” എന്നു കുറിച്ചുകൊണ്ടാണ് ക്രിസ്റ്റൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയുടെ തുടക്കത്തിൽ, ക്രിസ്റ്റൻ മകൾ ട്രിനിറ്റിക്ക് തൈരും സാലഡും ചേർത്ത് ഒരു ആലു പറാത്ത നൽകുന്നതാണ് കാണുന്നത്. തുടർന്ന് ക്രിസ്റ്റൻ തന്റെ മറ്റൊരു മകൾ നോയലക്ക് ഒരു പാത്രം നിറയെ പോഹ വിളമ്പുകയാണ്, ഈ സമയം മകൾ അതീവ സന്തോഷത്തോടെ പുഞ്ചിരിക്കുന്നത് കാണാം. ഏറ്റവും ഒടുവിൽ ക്രിസ്റ്റൻ തന്റെ ഇളയ മകൾ സോഫിയക്ക് ദാൽ ചാവൽ നൽകുന്നതും അവൾ അത് ആസ്വദിച്ചു കഴിക്കുന്നതുമാണ് കാണുന്നത്.
നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായ വീഡിയോ ഇതിനോടകം 11 മില്യണിലധികം ആളുകളാണ് കണ്ടത്. നിരവധി ആളുകളാണ് തങ്ങളുടെ അഭിപ്രായങ്ങളുമായി കമന്റ് സെക്ഷനിലേക്ക് ഓടിയെത്തിയത്.
“ആരെങ്കിലും അവർക്ക് ആധാർ കാർഡ് കൊടുക്കൂ,” ഒരാൾ കുറിച്ചു. ആരോ പറഞ്ഞു, “മറ്റൊരു രാജ്യത്തും കാണാൻ കഴിയാത്ത ടൺ കണക്കിന് വെജിറ്റേറിയൻ ഓപ്ഷനുകൾ ഇന്ത്യക്കാർക്ക് ഉണ്ട്.”
ഒരു ഉപഭോക്താവ് “ നിങ്ങൾ ഒരു നല്ല അമ്മയാണെന്ന്” കുറിച്ചു., “നിങ്ങളും നിങ്ങളുടെ കുട്ടികളും എങ്ങനെയാണ് ഇന്ത്യൻ ജീവിതശൈലിയോടും ഭക്ഷണത്തോടും പൊരുത്തപ്പെട്ടത്? ഇതെല്ലാം കാണുമ്പോൾ എല്ലാം ശരിക്കും അത്ഭുതമായി തോന്നുന്നു” മറ്റൊരാൾ തന്റെ ആശ്ചര്യം വെളുപ്പെടുത്തി.