സ്ത്രീകള്‍ പ്രധാനമായും നേരിടുന്ന ഒരു പ്രശ്‌നമാണ് ആര്‍ത്തവ ക്രമക്കേടുകള്‍. ഓരോ സ്ത്രീകള്‍ക്കും അവരുടെ ശാരീരിക ക്രമം അനുസരിച്ച് രണ്ടു മുതല്‍ ഏഴുദിവസം വരെ രക്തസ്രാവം ഉണ്ടാകാം. എന്നാല്‍ തനിക്ക് 1000ത്തോളം ദിവസമായിരുന്നു ആര്‍ത്തവ ദൈര്‍ഘ്യം എന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിയ്ക്കുകയാണ് ഒരു യുവതി. പോപ്പി എന്ന യുവതിയ്ക്കാണ് ഈ അവസ്ഥ ഉണ്ടായത്. മൂന്നുവര്‍ഷത്തോളം നീണ്ടുനില്‍ക്കുന്നതായിരുന്നു പോപ്പിയുടെ ആര്‍ത്തവദിനങ്ങള്‍.
രക്തസ്രാവം നീണ്ടു നില്‍ക്കുന്നതിനാല് തന്റെ ശരീരത്തില്‍ അയേണിന്റെ അളവ് കുറഞ്ഞ് പേശികളിലെല്ലാം കഠിനവേദന അനുഭവപ്പെട്ടതായും പോപ്പി പറയുന്നു. കടുത്ത തലവേദനയും ക്ഷീണവും ഉണ്ടായി. ആര്‍ത്തവം ആരംഭിച്ച് രക്തസ്രാവം രണ്ടാഴ്ച പിന്നിട്ടപ്പോള്‍ തന്നെ പരിശോധനകള്‍ക്കു വിധേയമായി. സ്‌കാനിങ്ങില്‍ അണ്ഡാശയത്തില്‍ സിസ്റ്റുകള്‍ കണ്ടെത്തിയെങ്കിലും പോപ്പിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കൊന്നും യഥാര്‍ഥ കാരണം മനസ്സിലായില്ല. ആര്‍ത്തവം മൂന്നുമാസം നീണ്ടു നിന്നപ്പോള്‍ പോപ്പിക്ക് പിസിഒഎസ് ഉണ്ടെന്നു വ്യക്തമായി. തുടര്‍ന്ന് മരുന്നുകള്‍ കഴിച്ചെങ്കിലും രക്തസ്രാവം തുടരുകയും കടുത്ത നിരാശയിലാവുകയും ചെയ്‌തെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
ഒടുവില്‍ ആര്‍ത്തവം 950 ദിവസം പിന്നിട്ടപ്പോള്‍ ടിക്ടോക്ക് ഉപയോക്താക്കളുടെ സഹായത്തോടെയാണ് രക്തസ്രാവം തുടരുന്നതിലെ യഥാര്‍ഥ കാരണം കണ്ടെത്തിയത്. ഗര്‍ഭപാത്രത്തിന്റെ ആകൃതി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായതായിരിക്കാം ഈ അവസ്ഥയ്ക്കു കാരണം. ഗര്‍ഭപാത്രം ഹൃദയത്തിന്റെ ആകൃതിയിലാണെങ്കില്‍ രക്തസ്രാവമുണ്ടാകുമെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. അള്‍ട്രാസൗണ്ട് സ്‌കാനിങ്ങില്‍ ഗര്‍ഭപാത്രത്തിന്റെ ആകൃതിയിലെ വ്യത്യാസം തുടക്കത്തില്‍ തന്നെ കണ്ടെത്തിയിരുന്നെങ്കിലും അത് ഡോക്ടര്‍മാര്‍ കാര്യമാക്കാതിരുന്നതില്‍ തനിക്ക് അതിശയം തോന്നുന്നെന്നും പോപ്പി പറഞ്ഞു.
ഗര്‍ഭപാത്ര ആകൃതിയിലെ വ്യത്യാസം കാര്യമാക്കാത്തതിനാല്‍ തന്നെ പരിശോധനകള്‍ തുടര്‍ന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തി ഗര്‍ഭപാത്രത്തിന്റെ ആകൃതി ശരിയാക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തണമെന്ന് പോപ്പി തന്നെ ഡോക്ടറോട് ആവശ്യപ്പെടുകയായിരുന്നു. അഞ്ച് ശതമാനം സ്ത്രീകള്‍ക്കു മാത്രമാണ് ഗര്‍ഭപാത്രത്തിന്റെ ആകൃതിയില്‍ വ്യത്യാസമുണ്ടാകുന്നത്. അപൂര്‍വം ചിലരില്‍ ഇത് രക്തസ്രാവത്തിനും പെല്‍വിക് മസിലുകളുടെ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.