കുപ്രസിദ്ധമായ മീററ്റ് കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഏറെ ചർച്ചയായ ഒന്നായിരുന്നു ബ്ലൂ ഡ്രം. അതിനുശേഷം ബ്ലൂ ഡ്രം ദമ്പതികൾക്കിടയിലും ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. ഇതിനിടയിലാണ് ഉത്തർപ്രദേശിലെ ഹാമിർപൂരിൽ നവദമ്പതികൾക്ക് വിവാഹത്തിനെത്തിയ അതിഥികൾ നീല ഡ്രം സമ്മാനിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായത്. ഇതോടെ വീഡിയോ വ്യാപകമായ രോഷത്തിന് കാരണമായി.
ഈയിടെ മീററ്റിൽ നടന്ന സൗരഭ് രാജ്പുത്തിന്റെ കൊലപാതകത്തെ പരാമർശിക്കുന്നതായിരുന്നു, പലരും ഇപ്പോൾ തമാശയായി കരുതുന്ന ഈ ബ്ലൂ ഡ്രം. മാർച്ചിൽ മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന സൗരഭ് രാജ്പുതിനെ ഭാര്യ മുസ്‌കൻ റസ്‌തോഗി കാമുകനായ സാഹിലിന്റെ സഹായത്തോടെയാണ് മയക്കുമരുന്ന് നൽകി കൊലപ്പെടുത്തിയത്. ക്രൂരമായ കൊലപാതകത്തിന് ശേഷം ഇരുവരും ചേർന്ന് മൃതദേഹം നീല പ്ലാസ്റ്റിക് ഡ്രമ്മിൽ ഒളിപ്പിച്ച് സിമന്റ് നിറച്ച് കുറ്റകൃത്യം മറച്ചുവെക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ബ്ലു ഡ്രം കുപ്രസിദ്ധമായത്.
വൈറൽ വീഡിയോയിൽ വധൂവരന്മാർ സ്റ്റേജിൽ ഇരിക്കുന്നതും ഒരു വലിയ നീല ഡ്രമ്മുമായി ഒരു കൂട്ടം സുഹൃത്തുക്കൾ അവരുടെ അടുത്ത് വന്ന് സമ്മാനമായി നൽകുന്നതുമാണ് വീഡിയോയിൽ കാണുന്നത്. വരൻ അമ്പരപ്പോടെ നിന്നപ്പോൾ, വധു പൊട്ടിച്ചിരിച്ചു. കൂട്ടച്ചിരി തുടരുന്നതിനിടയിലും അപ്രതീക്ഷിതമായ തമാശ ദമ്പതികളെ അമ്പരിപ്പിച്ചു.
വൈറൽ വീഡിയോയിലെ ദമ്പതികളുടെയും അതിഥികളുടെയും ഐഡന്റിറ്റി വ്യക്തമല്ലെങ്കിലും , ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ക്രൂരമായ അക്രമത്തെ നിസ്സാരമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കു വീഡിയോ തുടക്കമിടുകയും ചെയ്തു. രാജ്യത്തെ ഭയപ്പെടുത്തുന്ന ക്രൂരമായ കൊലപാതകത്തെ പരാമർശിക്കുന്ന ബ്ലൂ ഡ്രം തമാശയായി കണ്ടതിനെതിരെ , നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ വീഡിയോയെ “വിവേചനരഹിതം” എന്നും “ആഴത്തിൽ അസ്വസ്ഥമാക്കുന്നു” എന്നും വിശേഷിപ്പിച്ചു.
“ലോകത്തിനു എന്തുപറ്റി എല്ലാ തെരുവുകളിലും ആളുകൾ ഈ കൂട്ടക്കൊലയെ കളിയാക്കി, അവർക്ക് ഇങ്ങനെ എന്തെങ്കിലും സംഭവിക്കുമ്പോഴെ അവർ വേദന തിരിച്ചറിയു,” മറ്റൊരാൾ പറഞ്ഞു. മറ്റൊരു ഉപയോക്താവ് , “ഇവർ ഏതുതരം സുഹൃത്തുക്കളാണ്? അവർ ശത്രുക്കളേക്കാൾ മോശമാണ്. ഇത്തരത്തിലുള്ള തമാശ ആളുകൾക്ക് എത്രമാത്രം അധഃപതിക്കാമെന്ന് കാണിക്കുന്നതാണ്” എന്നാണ് കുറിച്ചത്.