Lifestyle

ഭാരതത്തിന് പിന്തുണയറിയിച്ച് ബലൂച് നേതാവ്; ഓപ്പറേഷന്‍ സിന്ദൂറിന് അഭിനന്ദനം, ചൈന- പാക് സഖ്യത്തില്‍ ആശങ്ക

ന്യൂഡല്‍ഹി: ചൈന-പാകിസ്താന്‍ സഖ്യം ശക്തമാകുന്നതില്‍ ആശങ്ക പങ്കുവച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന് തുറന്ന കത്തുമായി പ്രമുഖ ബലൂച് നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മിര്‍ യാര്‍ ബലോച്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ചൈന, പാകിസ്താനിലെ ബലൂചിസ്ഥാന്‍ മേഖലയില്‍ സൈനിക വിന്യാസം നടത്താനിടയുണ്ടെന്നും കത്തില്‍ വെളിപ്പെടുത്തല്‍.

പാകിസ്താന്‍ നിയന്ത്രണത്തില്‍ ബലൂചിസ്താന്‍ പതിറ്റാണ്ടുകളായി അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബലോച് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതില്‍ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന അക്രമവും മനുഷ്യാവകാശ ലംഘനങ്ങളും ഉള്‍പ്പെടുന്നു. 2025 മേയില്‍ ബലൂച് ദേശീയ നേതാക്കള്‍ പാകിസ്താനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 2026 ലെ ആദ്യ ആഴ്ചയില്‍ റിപ്പബ്ലിക് ഓഫ് ബലൂചിസ്താന്‍, ‘2026 ബലൂചിസ്താന്‍ ആഗോള നയതന്ത്ര വാരം’ ആഘോഷിക്കുമെന്ന് മിര്‍ ബലോച് പ്രഖ്യാപിച്ചു. ഇത് ബലൂചിസ്താന് ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി നേരിട്ട് ഇടപഴകാന്‍ വഴിയൊരുക്കും.

പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സര്‍ക്കാര്‍ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത നടപടിയെ ബലോച് പ്രശംസിച്ചു. ഇന്ത്യയുടെ ധൈര്യത്തിന്റെയും ഉറച്ച പ്രതിബദ്ധതയുടെയും പ്രകടനമായാണ് മിര്‍ ബലൂച് ഈ നടപടികളെ വിശേഷിപ്പിച്ചത്. ‘ബലൂചിസ്താന്‍ റിപ്പബ്ലിക്കിലെ കോടിക്കണക്കിന് ദേശസ്‌നേഹികളായ പൗരന്മാരുടെ പേരില്‍ ഭാരതത്തിലെ 140 കോടി ജനങ്ങള്‍ക്കും പാര്‍ലമെന്റിന്റെ ഇരുസഭകള്‍ക്കും മാധ്യമങ്ങള്‍ക്കും സിവില്‍ സമൂഹത്തിനും പുതുവത്സരാശംസകള്‍ നേരുന്നു. ബലൂചിസ്താനും ഇന്ത്യയുമായി ദീര്‍ഘകാല ബന്ധമാണുള്ളത്.

ഹിംഗ്ലാജ് മാതാ ക്ഷേത്രം (നാനി മന്ദിര്‍) പോലുള്ള പുണ്യസ്ഥലങ്ങള്‍ ഈ ബന്ധത്തിന്റെ ഉദാഹരണങ്ങളാണ്- മിര്‍ ബലൂച്ച് കൂട്ടിച്ചേര്‍ത്തു. പാകിസ്താനും ചൈനയും തമ്മിലുള്ള വളര്‍ന്നുവരുന്ന തന്ത്രപരമായ സഖ്യത്തെ ബലൂചിസ്ഥാനിലെ ജനങ്ങള്‍ അങ്ങേയറ്റം അപകടകരമാണെന്ന് ബലോച് വാദിച്ചു.ഇസ്ലാമാബാദുമായി സഹകരിച്ച് ബീജിങ്, ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സി.പി.ഇസി) അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഈ നില തുടര്‍ന്നാല്‍, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ചൈനയ്ക്ക് ബലൂചിസ്ഥാനില്‍ സൈനികരെ വിന്യസിക്കാന്‍ കഴിയും. ബലൂച് മണ്ണിലെ ചൈനീസ് സൈനിക സാന്നിധ്യം ഇന്ത്യയുടെയും ബലൂചിസ്ഥാന്റെയും ഭാവിക്ക് സങ്കല്‍പ്പിക്കാവുന്നതിനും അപ്പുറം വലിയ ഭീഷണിയും വെല്ലുവിളിയും ഉയര്‍ത്തുമെന്നും മിര്‍ യാര്‍ ബലോച് കത്തില്‍ ചൂണ്ടിക്കാട്ടി.