Good News

ആത്മവിശ്വാസത്തെ മുറുകെ പിടിച്ച് അവഗണനകള്‍ക്ക് മറുപടിയുമായി അഭിരാമി

വെള്ളുത്തനിറവും സീറോ സൈസും സൗന്ദര്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നവരാണ് അധികവും. മുഖം വെളുക്കുവാനും നിറംവയ്ക്കുവാനും മാര്‍ക്കറ്റിലുള്ള അനേകം സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെയും വണ്ണം കുറയ്ക്കുവാനുനുള്ള മരുന്നുക്ുടേയും വില്‍പനയ്ക്കു പിന്നിലുള്ള മന:ശാസ്ത്രവും മറ്റൊന്നല്ല.

ഇരുണ്ട നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തലുകള്‍ സഹിക്കേണ്ടതായി വന്ന ഒത്തിരി ആളുകള്‍ നമ്മുക്ക് ചുറ്റിനുമുണ്ട്. അവഗണന ഭയന്നിട്ട് പലരും മോഡലിങ്ങും അഭിനയവും പോലുള്ള തങ്ങളുടെ സ്വപ്നങ്ങള്‍ മാറ്റിവച്ചിട്ടുള്ളവരുമുണ്ടാകാം. എന്നാല്‍ ഇത്തരത്തിലുള്ള അവഗണനകളെയും പ്രതിസന്ധികളെയും നിഷ്പ്രയാസം മറികടന്ന് ഫാഷന്‍ ലോകത്ത് തന്റേതായ ചുവടുകള്‍ പതിപ്പിച്ചിരിക്കുകയാണ് കൊല്ലം സ്വദേശിയായ അഭിരാമി കൃഷ്ണന്‍. ചെറുപ്പം മുതല്‍ മോഡലിങ്ങ് മനസ്സില്‍ പാഷനായി വളര്‍ത്തിയ അഭിരാമി നിറത്തിന്റെയും ശരീരികഘടനയുടെയും പേരില്‍ പല തവണ മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ട്.

അഭിനയരംഗത്തിലേക്ക് എത്തിച്ചേരുകയെന്നതും അഭിരാമിയുടെ സ്വപ്നമായിരുന്നു. ആത്മവിശ്വാസത്തിനെ കൂട്ടുപിടിച്ച് സ്‌കൂള്‍ കാലം മുതല്‍ പല പ്രോഗ്രാമുകളുടെയും ഭാഗമായിരുന്നുവെങ്കിലും നിറക്കുറവിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടുണ്ട്. അഭിനയിക്കാന്‍ അവസരം ലഭിക്കുന്നതിനായി പരിശ്രമിച്ചിരുന്ന സമയത്താണ് മിസ് മില്ലേനിയല്‍ ഇന്ത്യ എന്നൊരു ഇവന്റ് ശ്രദ്ധയില്‍പെടുന്നത്. അതില്‍ പങ്കെടുക്കുകയും മിസ് മില്ലേനിയല്‍ കേരള എന്നൊരു പേജന്റില്‍ വിജയിയാകുകയും ചെയ്തു.

ഈ മത്സരത്തിലെ വിജയത്തോടെയാണ് മോഡലിങ് രംഗത്ത് സജീവമാകുന്നത്. ആത്മവിശ്വാസം തിരികെപിടിച്ച അഭിരാമി, നാഗ്പൂരില്‍ നടന്ന മിസ് നേഷന്‍ 2024-ല്‍ സെക്കന്‍ഡ് റണ്ണറപ്പായതോടെയാണ് വാര്‍ത്തകളില്‍ നിറയുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 15 മത്സരാര്‍ഥികളില്‍ നിന്നാണ് 24-കാരിയായ അഭിരാമി നേട്ടം സ്വന്തമാക്കിയത്.

ആർക്കിടെക്റ്റായ അഭിരാമി മിസ് മില്ലേനിയര്‍ കേരള 2021, മിസ് ടോപ് ഫാഷന്‍ മോഡല്‍ 2021 എന്നീ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. അഭിനയ മേഖലയിലേക്ക് ചുവട് വെക്കാനായി ഒരുങ്ങുകയാണ് ഇപ്പോള്‍ അഭിരാമി.