നിറത്തിന്റെ പേരില്‍ ഒരു വ്യക്തിയെ മാറ്റി നിര്‍ത്തുന്നതും അപമാനിക്കുന്നതും ഒരിക്കലും നല്ലതല്ല. എന്നാല്‍ പ്രായത്തിന്റെ പേരില്‍ ഇതാകാമോ? അതിനും ഇല്ലായെന്ന് തന്നെയാണ് ഉത്തരം. സോഷ്യല്‍ മീഡിയില്‍ ഇഷ്ടപ്പെടാത്തവരെ കണ്ടാല്‍ ഉടനെ കിളവന്‍ കിളവി,അമ്മാവന്‍ അമ്മായി തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തുന്നത് ഒരു മാനസികപ്രശ്‌നമാണൈന്ന് അറിയണം. ഏജിസം എന്നാണ് ഇതിന്റെ പേര്.
പ്രായത്തിനെ അടിസ്ഥാനമാക്കി പരിഹാസങ്ങളും മുന്‍വിധികളും വച്ച് പുലര്‍ത്തുന്നതിനെയാണ് ഏജിസം എന്ന് വിളിക്കുന്നത്. പ്രായമുണ്ടെന്ന പേരില്‍ കളിയാക്കുന്നത് മാത്രമല്ല. നിങ്ങള്‍ ധരിച്ചിരിക്കുന്ന വസ്ത്രം പ്രായത്തിന് യോജിക്കുന്നില്ല എന്ന് പറയുന്നതും അധിക്ഷേപത്തില്‍ പെടുന്നു. ആന്റി ഏജിങ് ക്രീമിന്റെ പരസ്യം മുതല്‍ തന്തവൈബ് വിളി വരെ ഏജിസത്തില്‍പ്പെടുന്നു. പ്രായം ഒരു വ്യക്തിയുടെ ചിന്താശേഷിയെയും ക്രിയാത്മകതയും ബാധിക്കുന്നുവെന്നതും തികച്ചും മുന്‍വിധിയാണെന്ന് ശാസ്ത്രം പറയുന്നു.
യുവനേതാവ് യുവ നടന്‍ തുടങ്ങിയ വിശേഷണങ്ങള്‍ പോലും ഏജിസത്തില്‍പ്പെടും. ഈ പ്രായത്തിലും ഇതെങ്ങനെ സാധിക്കുന്നുവെന്ന് ചോദിക്കുന്നതും ഏജിസത്തില്‍പ്പെടുന്നു. ഒരു കാര്യത്തിനെ പറയാന്‍ വയസിനെ കൂട്ട് പിടിക്കാതെയിരിക്കുകയെന്നതാണ് ഇതിന്റെ പരിഹാരം.
ഈ പ്രായത്തില്‍ ഇങ്ങനെയേ ചെയ്യാവൂ, ഇങ്ങനെ പെരുമാറണം എന്നൊക്കെയുള്ള മുന്‍വിധികള്‍ തകരുമ്പോഴുണ്ടാകുന്ന അസൂയയില്‍ നിന്നാണ് മഞ്ജുവാര്യരെ ഡാകിനി എന്ന് വിളിക്കാന്‍ തുനിയുന്നത്. അല്ലെങ്കില്‍ അമ്മായി എന്ന് എഴുതിവച്ചു പോകുന്നത്. മമ്മൂട്ടിയുടെ ഗ്ലാമര്‍ പടത്തിന് ലൈക്കടിക്കുന്നതിനൊപ്പം കഴുത്തില്‍ ചുളിവുണ്ടോ എന്നു ചുഴിഞ്ഞു നോക്കുന്നതും ഈ അസൂയ പൂണ്ട മനസാണ്.
ഏജിസം മോശമാണെന്ന് സമൂഹം ചിന്തിച്ച് തുടങ്ങിയിട്ടില്ല. മനശാസ്ത്രലോകം പ്രായത്തിനോടുള്ള സമീപനം വളരെ ആഴത്തില്‍ പഠിക്കുന്നു. വര്‍ണവെറിയും ജാതിവെറിയും തടയാനുള്ള നിയമങ്ങള്‍ക്ക് സമാനമായി പ്രായവെറി തടയാനും നിയമങ്ങള്‍ വരണം.
പ്രായം ഒരാള്‍ക്ക് നിയന്ത്രണമല്ലാത്ത കാര്യമാണ്. അതിന്റെ പേരില്‍ വിലയിരുത്തിയല്ല ഒരു വ്യക്തിയെ വിലയിരുത്തേണ്ടത്. പകരമായി ഒരാളുടെ വ്യക്തിത്വം മികവ് എന്നിവ അടിസ്ഥാനമാക്കിവേണം ഒരാളെ വിലയിരുത്താന്‍. പ്രായത്തെ അതിന്റേതായ സ്വാഭാവികതയില്‍ സ്വീകരിക്കുന്നത് പോലെ തന്റെ ഒരോ പ്രായത്തിലും എന്ത് ചെയ്യണമെന്ന് കല്‍പ്പിക്കാനായി മെനക്കെടുന്ന അസുഖവും ചികിത്സിക്കേണ്ടതാണ്.