Celebrity

സ്ട്രോക്കിന് ശേഷം നടക്കാന്‍ പരസഹായം വേണം; ഉല്ലാസ് പന്തളത്തിന്റെ അവസ്ഥ കണ്ട് നൊമ്പരത്തോടെ പ്രേക്ഷകർ

മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ഉല്ലാസ് പന്തളത്തിന് സ്ട്രോക്ക് ബാധിച്ചു . കോമഡി ഷോകളിലൂടെ വന്‍ആരാധവൃന്ദത്തെ സൃഷ്ടിച്ച ഉല്ലാസ്, സിനിമയിലും സജീവമാണ്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവല്ലയില്‍ എത്തിയതിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

രോഗാവസ്ഥ മറച്ചുവയ്ക്കാതെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ താരം വേദിയില്‍ എത്തുകായായിരുന്നു. ഊന്നുവടിയുടെ സഹായത്തോടെയാണ് കൗണ്ടറുകളുടെ മാലപ്പടക്കം തീര്‍ക്കുന്ന താരം വേദിയിലെത്തിയത്. മുഖത്തിന്റെ ഒരുഭാഗം കോടിയത് പോലെയും കാണാം. ഉല്ലാസ് പന്തളം ചേട്ടനെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുന്ന അവതാരക ലക്ഷ്മി നക്ഷത്രയേയും വീഡിയോയില്‍ കാണാം.

‘‘സത്യം പറഞ്ഞാൽ എനിക്ക് അസുഖം ഉള്ള കാര്യം ആർക്കും അറിയില്ല ഇത് കാരണം എനിക്ക് കുറെ പ്രാർത്ഥന കിട്ടും, ഈ വീഡിയോ പുറത്തു വരുമ്പോ​ഴേ ആളുകള്‍ ഇതറിയൂ’’ ഉല്ലാസ് പറഞ്ഞു. ഇതിനിടയിലും തമാശകള്‍ പൊട്ടിക്കാന്‍ താരം മടികാണിച്ചില്ല. ബുദ്ധിമുട്ടിയാണെങ്കിലും ഒരു ഗാനവും മൂളി.

സ്ട്രോക്ക് വന്നതില്‍ പിന്നെയാണ് നടന് ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടമായത്. ബലക്ഷയമുണ്ടായതിനാല്‍ നടക്കാന്‍ പരസഹായം വേണം. ശബ്ദമുയര്‍ത്തി വ്യക്തതയോടെ സംസാരിക്കാനും കഴിയുന്നില്ല. വാക്കിങ് സ്റ്റിക്കിലൂന്നിയാണ് താരം നിന്നത്.

പരിപാടി കഴിഞ്ഞ പോകാനിറങ്ങിയതും ഉല്ലാസ് പന്തളത്തിന്‍റെ കണ്ണുകള്‍ നിറഞ്ഞു. വേഗം സുഖമായി സ്റ്റേജുകളിലേക്ക് തിരിച്ചെത്താന്‍ നിരവധി പേരാണ് പ്രാര്‍ഥനാശംസകള്‍ പങ്കുവച്ചിരിക്കുന്നത്.