ലോകത്തില്‍ ഏറ്റവും റൊമാന്റിക്കായൊരു ഗ്രാമം. അതിന്റെ പേരുതന്നെ ‘ ലവര്‍’ എന്നാണ്. ഈ മനോഹരമായ ഗ്രാമം സ്ഥിതിചെയ്യുന്നതാവട്ടെ യു കെയിലും. എല്ലാക്കൊല്ലവും വാലന്റൈന്‍ വീക്കില്‍ ഇവിടെ താല്‍ക്കാലികമായി ഒരു തപാല്‍ ഓഫീസ് തുറക്കപ്പെടും. പ്രണയം ആഘോഷമാക്കുന്നതിനൊപ്പം ലവര്‍ പോസ്റ്റ് മാര്‍ക്ക് പതിപ്പിച്ച് ശ്രദ്ധനേടുകയാണ് ഈ ഗ്രാമം. ഇവരുടെ പ്രത്യേക പോസ്റ്റല്‍ വഴി ഏതാണ്ട് 1000ത്തോളം പ്രണയം തുളുമ്പുന്ന കാര്‍ഡുകളാണ് അയച്ചുകൊടുക്കുന്നത്.
ഒരോ വര്‍ഷവും പിന്നിടുമ്പോഴും ഈ ഗ്രാമവും ഇവിടുത്തെ താപാല്‍ ഓഫീസും വളരെ ജനകീയമായി തീരുന്നു. ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ളവര്‍ തങ്ങളുടെ കാര്‍ഡുകളില്‍ ‘ ലവര്‍’ താപാല്‍ മുദ്ര പതിപ്പിക്കുന്നതിനായി വളരെ അധികം പണം ചെലവഴിക്കുന്നു.
ഫെബ്രുവരി 14 വരെ തുറക്കുന്ന പോപ് അപ്പ് പോസ്റ്റ് ഓഫീസില്‍ നേരിട്ട് എത്തി അയക്കുകയോ ഓണ്‍ലൈനായോ കാര്‍ഡ് ഓര്‍ഡര്‍ ചെയ്യുകയോ ചെയ്യാം. 9 വര്‍ഷത്തിന് മുമ്പാണ് ലവര്‍ ഗ്രാമവാസികൾ ലവര്‍ കമ്മ്യൂണിറ്റി ട്രസ്റ്റ് രൂപികരിച്ചത് . അന്ന് മുതല്‍ ഇതുവരെ 10000 ലധികം പ്രണയലേഖനം ഇവിടെ നിന്ന് അയച്ചട്ടുണ്ട്.
ഈ ഗ്രാമത്തില്‍ ഉടനീളം പേപ്പര്‍ കൊണ്ട് നിര്‍മിച്ച ഹൃദയം കൊണ്ടുള്ള അലങ്കാരങ്ങളും ഒരു ഡാര്‍ലിങ് കഫേയും ഇവര്‍ തയാറാക്കിയിട്ടുണ്ട്. മറ്റൊരാളോട് പ്രണയം തുറന്നു പറയുന്നതിനേക്കാള്‍ മികച്ചതായി മറ്റെന്താണ് ഉള്ളതെന്നാണ് ഇവിടുത്തെ സന്നദ്ധപ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഇതിനെല്ലാം പുറമേ കാര്‍ഡുകള്‍ക്കായി ആളുകള്‍ അടച്ച രൂപ മുഴുവന്‍ ഇവിടുത്തെ നവീകരിച്ച കെട്ടിടത്തിന്റെ നവീകരണത്തിനായും മറ്റ് സാമൂഹിക സേവനത്തിനായുമാണ് ഉപകരിക്കുന്നത്. പേരില്‍ തന്നെ പ്രണയം കാത്ത് സൂക്ഷിക്കുന്ന ഈ കൊച്ചു ഗ്രാമം എന്നും മനോഹര കാഴ്ചയാണ് എന്നത് ഉറപ്പ്.