Crime

സമ്പന്നര്‍ വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നു ; വിഷാദം പിടിപെട്ട മൃഗഡോക്ടര്‍ ആത്മഹത്യ ചെയ്തു…!

വളര്‍ത്താന്‍ കഴിയാതെ സമ്പന്നര്‍ വളര്‍ത്തുമൃഗങ്ങളെ ദയാവധത്തിന് ഇരയാക്കു ന്നതിലെ മനോദു:ഖത്തില്‍ മൃഗഡോക്ടര്‍ ആത്മഹത്യ ചെയ്തു. യുകെയിലെ വെറ്റിനറി ഡോക്ടറും 35 കാരനുമായ ഡോ. ജോണ്‍ എല്ലിസാണ് സ്വയം കുത്തിവെയ്പ്പ് നടത്തി വിടപറഞ്ഞത്. വളര്‍ത്തുമൃഗങ്ങളെ ദയാവധം ചെയ്യേണ്ടിവന്നതിന്റെ പേരില്‍ 35 വയസ്സുള്ള ഒരു മൃഗവൈദ്യന്‍ കാര്യമായ സമ്മര്‍ദത്തിലായിരുന്നു.

മൃഗങ്ങളെ ദയാവധം ചെയ്യാന്‍ ഉപയോഗിക്കുന്ന അതേ മരുന്നുകള്‍ കുത്തിവെച്ചാണ് ഡോക്ടറുടെ ആത്മഹത്യയും. ”ആളുകള്‍ക്ക് ‘പുതിയ കാറുകള്‍’ വാങ്ങാന്‍ പണമുണ്ട്. എന്നാല്‍ അവരുടെ വളര്‍ത്തുമൃഗങ്ങളുടെ ലളിതമായ അസുഖങ്ങള്‍ക്കുള്ള ചികിത്സ യ്ക്ക് പണം മുടക്കാന്‍ തയ്യാറല്ല.” 35-കാരനായ ഡോ. ജോണ്‍ എല്ലിസ് തന്റെ അമ്മ, ഫാരെഹാമിലെ കണ്‍സര്‍വേറ്റീവ് കൗണ്‍സിലറായ ടീന എല്ലിസിനോട് പറഞ്ഞു.

ഇതിന് പുറമേ സ്വകാര്യ ജീവിതത്തിലും എല്ലിസ് സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. 12 വര്‍ഷമായി തന്റെ പങ്കാളിയെ രഹസ്യമായി വഞ്ചിച്ചുകൊണ്ട് അയാള്‍ ‘ഇരട്ടജീവിതം’ നയിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. 2022 നവംബറില്‍, തന്റെ ദീര്‍ഘകാല പങ്കാളിയുമായി പിരിയാന്‍ പോകുകയാണെന്ന് എല്ലിസ് അമ്മയെ അറിയിച്ചതായി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് അദ്ദേഹം ആനിമെഡ് സന്ദര്‍ശിച്ച് ഒരു നഴ്സിനോട് ‘ഒരു സുഹൃത്തിന്റെ നായയെ കൊല്ലാന്‍’ മരുന്നുകള്‍ എടുക്കാന്‍ തനിക്ക് അനുമതിയുണ്ടെന്ന് പറഞ്ഞു.

തുടര്‍ന്ന് അയാള്‍ തന്റെ പങ്കാളിയെയും പിന്നീട് കാമുകിയെയും വിളിച്ചു. താന്‍ ഏറെ സ്‌നേഹിക്കുന്നതായി രണ്ടുപേരോടും പറഞ്ഞു. ഇനി ഉപദ്രവിക്കില്ലെന്ന് പങ്കാളിയോട് പ്രത്യേകം പറഞ്ഞിട്ട് ഫോണ്‍ കട്ട് ചെയ്തു. അവധിക്ക് നാട്ടിലെത്തിയ സുഹൃത്തിന്റെ വീടിന്റെ പുറകുവശത്തെ കുളിമുറിയില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തുക യായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ക്ക് പിന്തുണ ആവശ്യമുണ്ടെങ്കില്‍ അടുത്തുള്ള മാനസികാരോഗ്യ വിദഗ്ധനെ ബന്ധപ്പെടുക.)