ഇന്ത്യ സന്ദർശിക്കാനെത്തുന്ന ഒട്ടുമിക്ക വിദേശ വ്ലോഗ്ഗർമാരും തങ്ങളുടെ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ
മുംബൈയിൽ നിന്ന് വന്ദേഭാരത് ട്രെയിനിൽ ഗോവയിലേക്കുള്ള യാത്രയുടെ അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് യുകെയിൽ ഒരു നിന്നുള്ള ട്രാവൽ ബ്ലോഗർ.
ചാർളി എന്ന് പേരുള്ള യുവതിയാണ് മനോഹരമായ യാത്രയെ പ്രശംസിച്ച് രംഗത്തെത്തിയത്. “ഇന്ത്യയിലെ ഏറ്റവും മികച്ച റെയിൽ ഓപ്ഷനുകളിലൊന്ന്” എന്നാണ് വന്ദേഭാരതിലെ യാത്രയെ ചാർളി വിശേഷിപ്പിച്ചത്. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ട വീഡിയോയിൽ, ചാർലി ട്രെയിൻ ടൂറും അതിനുള്ളിലെ സൗകര്യങ്ങളെക്കുറിച്ചുമാണ് പങ്കുവെച്ചിരിക്കുന്നത്.
“മഡ്ഗാവിലേക്കുള്ള ഈ 8 മണിക്കൂർ യാത്രയ്ക്കായി ഞാൻ ഒരു ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുത്തു, അതിന് എനിക്ക് 3157 രൂപ ചിലവായി. ഇന്ത്യൻ നിലവാരമനുസരിച്ച് ഇത് ചെലവേറിയതാണ്, എന്നാൽ ഞാൻ എടുത്ത മറ്റ് ട്രെയിനുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ അനുഭവം ആയിരുന്നു ഇത്” ചാർലി പറഞ്ഞു. വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ മഴക്കാലത്താണ് കാഴ്ചകൾ ഏറ്റവും മികച്ചതെന്നും ചാർളി വ്യക്തമാക്കിട്ടുണ്ട്.
വീഡിയോ വൈറലായതോടെ ഇന്ത്യക്കാർക്ക് മാത്രമല്ല നിരവധി വിദേശ വ്ലോഗ്ഗർമാരും വന്ദേഭാരതിൽ യാത്ര ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തി.