മുംബൈ: മഹാരാഷ്ട്രയിലെ സത്താറയിലെ വനിതാ ഡോക്ടറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ടുപേരെ അറസ്റ്റ്ചെയ്തു. സബ് ഇന്‍സ്പെക്ടറായ ഗോപാല്‍ ബദ്നെയെയും ഐടി ജീവനക്കാരനായ പ്രശാന്ത് ബാങ്കര്‍ എന്ന യുവാവിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അറസ്റ്റിലായ ടെക്കി യുവാവ് വനിതാ ഡോക്ടറുടെ വീട്ടുടമയുടെ മകനാണെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കെതിരേയും ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പില്‍ ആരോപണമുണ്ടായിരുന്നു. തുടര്‍ന്നാണ് പോലീസ് ഇയാളെയും അറസ്റ്റ്ചെയ്തത്.
അതേസമയം, പുണെയിലെ ഫാംഹൗസില്‍നിന്നല്ല ടെക്കി യുവാവിനെ അറസ്റ്റ് ചെയ്തതെന്നും തങ്ങള്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നും യുവാവിന്റെ സഹോദരനും സഹോദരിയും മാധ്യമങ്ങളോട് പറഞ്ഞു. യുവാവ് ഒരിക്കലും വനിതാ ഡോക്ടറെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിട്ടില്ലെന്നും ഡോക്ടറാണ് സ്ഥിരമായി യുവാവിനെ ഫോണില്‍വിളിച്ച് ശല്യംചെയ്തിരുന്നതെന്നും കുടുംബം ആരോപിച്ചു. യുവാവിന്റെ ഫോണ്‍വിളി വിവരങ്ങളും സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലെ വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.
”കഴിഞ്ഞമാസം എന്റെ സഹോദരന്‍ ഡെങ്കി ബാധിച്ച് നാട്ടിലെത്തിയിരുന്നു. വനിതാ ഡോക്ടറാണ് അവനെ ചികിത്സിച്ചത്. അവര്‍ പരസ്പരം നമ്പറുകള്‍ കൈമാറുകയുംചെയ്തിരുന്നു. 15 ദിവസം മുന്‍പ് വനിതാ ഡോക്ടര്‍ അവനെ വിളിച്ച് വിവാഹാഭ്യര്‍ഥന നടത്തി. പക്ഷേ, സഹോദരന്‍ അത് നിരസിച്ചു. ദീപാവലി ആഘോഷത്തിനിടെ ഡോക്ടറെ അസ്വസ്ഥയായി കണ്ടിരുന്നു. എന്നാല്‍, ജോലിസ്ഥലത്തെ പ്രശ്നങ്ങളായിരിക്കുമെന്നാണ് കരുതിയത്. അവള്‍ ഞങ്ങളുടെ കുടുംബത്തിലെ അംഗത്തെപ്പോലെയായിരുന്നു. എന്റെ അമ്മ സ്വന്തം മകളെപ്പോലെയാണ് ഡോക്ടറെ നോക്കിയിരുന്നത്”, ടെക്കി യുവാവിന്റെ സഹോദരി പറഞ്ഞു.
വനിതാ ഡോക്ടര്‍ വിവാഹം നടത്താനായി നിര്‍ബന്ധിച്ചിരുന്നെന്ന് യുവാവും മൊഴി നല്‍കിയിട്ടുണ്ടെന്ന് പോലീസും പ്രതികരിച്ചു. ശാരീരികബന്ധത്തിനും ഡോക്ടര്‍ നിര്‍ബന്ധിച്ചതായും യുവാവ് മൊഴി നല്‍കിയിട്ടുണ്ട്. യുവാവിന്റെ ഫോണ്‍കോള്‍, ചാറ്റ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സത്താറയിലെ ഫല്‍ത്താനിലെ ആരോഗ്യകേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറായിരുന്ന 26-കാരിയാണ് കഴിഞ്ഞദിവസം ജീവനൊടുക്കിയത്.
എസ്‌ഐയായ ഗോപാല്‍ ബദ്‌നെ നാലുതവണ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും കഴിഞ്ഞ അഞ്ചുമാസമായി ശാരീരിക-മാനസിക പീഡനം തുടരുകയാണെന്നും കൈവെള്ളയില്‍ എഴുതിവെച്ചിട്ടാണ് യുവതി മരിച്ചത്. ഇതിനുപിന്നാലെയാണ് ഡോക്ടറുടെ വിശദമായ മറ്റൊരു ആത്മഹത്യാക്കുറിപ്പും പുറത്തുവന്നിരുന്നു. വ്യാജ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ എസ്ഐ നിര്‍ബന്ധിച്ചെന്നും ഇതിന് വിസമ്മതിച്ചപ്പോഴാണ് ഉപദ്രവിച്ചതെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്. ഒരു എംപിയും ഇയാളുടെ രണ്ട് പേഴ്സണല്‍ സ്റ്റാഫും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനായി ഭീഷണിപ്പെടുത്തിയെന്നും കുറിപ്പില്‍ ആരോപണമുണ്ടായിരുന്നു. ഇതേ കുറിപ്പിലാണ് വീട്ടുടമയുടെ മകനായ ടെക്കി യുവാവിനെതിരേയും യുവതി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. എസ്ഐയും വീട്ടുടമയുടെ മകനും കാരണമാണ് താന്‍ ജീവനൊടുക്കുന്നതെന്നാണ് യുവതി കുറിപ്പില്‍ എഴുതിയിരുന്നത്.
ഒക്ടോബർ 23-ന് കരാർ അടിസ്ഥാനത്തിൽ സത്താറയിലെ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്തിരുന്ന ഡോക്ടർ തന്റെ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് കൈവെള്ളയിൽ മറാത്തിയിൽ ഒരു ആത്മഹത്യാ കുറിപ്പെഴുതി, അതിലാണ് ബദനെയും ബാങ്കറെയും കുറ്റപ്പെടുത്തിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)




