Movie News

സന്ദീപ് വെംഗറെഡ്ഡിയുടെ സ്പിരിറ്റില്‍ ത്രിഷ നായിക; നായകനും വില്ലനുമായി പ്രഭാസ്

ഇന്ന് പാന്‍ ഇന്ത്യന്‍ സിനിമകളുടെ അമരക്കാരായി നില്‍ക്കുന്ന രണ്ടുപേരാണ് സന്ദീപ് വെംഗറെഡ്ഡി എന്ന സംവിധായകനും തെലുങ്ക് നടനായ പ്രഭാസും. ഇന്ത്യയിലും പുറത്തും വലിയ വിജയം നേടിയ ‘കല്‍ക്കി എഡി 2898’ എന്ന സിനിമയുടെ വന്‍ വിജയത്തിന് ശേഷം പ്രഭാസും ‘ആനിമല്‍’ എന്ന സിനിമയിലൂടെ വന്‍ വിജയം നേടിയ സന്ദീപ് വെംഗ റെഡ്ഡിയും അടുത്ത സിനിമയ്ക്കായി ഒന്നിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം. ഇവര്‍ ഒന്നിക്കുന്ന ‘സ്പിരിറ്റി’ ല്‍ തെന്നിന്ത്യന്‍ സുന്ദരി ത്രിഷ നായികയാകുമെന്നാണ് ഏറ്റവും പുതിയ വിവരം. അടുത്തവര്‍ഷം ജനുവരിയോടെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം.

സിനിമയില്‍ നായികയാകാന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ ത്രിഷയുമായി ചര്‍ച്ചയിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. തമിഴ് വിപണി കൂടി ലക്ഷ്യമിട്ടാണ് ത്രിഷയെ നായികയായി തെരഞ്ഞെടുത്തതെന്നാണ് വിവരം. 300 കോടിയുടെ ബജറ്റാണ് സിനിമയ്ക്ക് പ്രതീക്ഷിക്കുന്നത്. സിനിമയില്‍ നായകനും വില്ലനും പ്രഭാസ് തന്നെയാണെന്നാണ് അണിയറക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷങ്ങളിലെ അര്‍ജുന്‍ റെഡ്ഡിയും ആനിമലും പോലെ തന്നെ അടുത്തവര്‍ഷത്തെ വമ്പന്‍ റിലീസായിരിക്കും സ്പിരിറ്റെന്നാണ് വിവരം.

അതേസമയം പ്രഭാസിനെ പോലെ തന്നെ ത്രിഷയ്ക്കും ദക്ഷിണേന്ത്യന്‍ സിനിമാ വിപണിയില്‍ തിരക്കോട് തിരക്കാണ്. നടി ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരവിനായി ഒരുങ്ങുകയാണ്. അനസ് ഖാനും അഖില്‍പോളും സംവിധാനം ചെയ്യുന്ന ‘ഐഡന്റിറ്റി’ യില്‍ ത്രിഷ മലയാളത്തില്‍ എത്തും. ടൊവീനോയാണ് സിനിമയിലെ നായകന്‍. ത്രില്ലര്‍ മൂഡിലുള്ള സിനിമയില്‍ ത്രിഷയ്‌ക്കൊപ്പം വിനയ് റായ്, മന്ദിരാബേദി എന്നിവരും സിനിമയുടെ ലീഡ് വേഷത്തില്‍ എത്തും. നിലവില്‍ ത്രിഷയുടെ ത്രില്ലര്‍മൂവിയായ ബ്രിന്ദ തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയെടുത്ത് മുന്നേറുകയാണ്.