ബംഗളൂരുവില്‍ ജനിച്ചു വളര്‍ന്ന നക്ഷത്രയുടെ ബാല്യകാലം തിരസ്‌കരണത്തിന്റെയും അവഗണനയുടേതുമായിരുന്നു. ട്രാന്‍സ്ജെന്‍ഡറാണെന്ന് തിരിച്ചറിഞ്ഞതോടെ നക്ഷത്രയെ മാതാപിതാക്കള്‍ ഉപേക്ഷിച്ചു. മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട അവര്‍ മാസങ്ങളോളം ബംഗളൂരുവിലെ തെരുവുകളില്‍ താമസിച്ചു. ആ അനുഭവത്തില്‍ നിന്നാണ് കുടുംബാംഗങ്ങള്‍ ഉപേക്ഷിച്ച അനാഥരായവര്‍ക്ക് ഒരിടം എന്ന ചിന്ത നക്ഷത്രയുടെ മനസിലുദ്ദിച്ചത്. ഇന്ന് വികലാംഗരും പ്രായമായവരുമടക്കം ഉപേക്ഷിക്കപ്പെട്ട നൂറുകണക്കിന് ആളുകള്‍ക്ക് നക്ഷത്ര അഭയമാകുന്നു.
”എന്റെ പ്രായത്തിലുള്ള മറ്റ് ആണ്‍കുട്ടികളില്‍ നിന്ന് വ്യത്യസ്തമായ ചിന്തകള്‍ എന്റെ ഉള്ളില്‍ തുടങ്ങിയപ്പോള്‍ ഞാന്‍ മാതാപിതാക്കളെ സമീപിച്ചു. എന്നാല്‍ അവര്‍ക്ക് എന്നെ അംഗീകരിക്കാനായില്ല. സ്‌കൂളില്‍ നിന്നും ആശ്വാസം ലഭിച്ചില്ല. സ്ത്രൈണസ്വഭാവം കാരണം ഒരുപാട് പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. ഞാന്‍ സംസാരിക്കുമ്പോഴും നടക്കുമ്പോഴും മറ്റ് കുട്ടികള്‍ കളിയാക്കുമായിരുന്നു. ഏറ്റവും മോശമായി അനുഭവപ്പെട്ടത് അവര്‍ എന്നെ വിളിക്കുന്ന വെറുപ്പുളവാക്കുന്ന പേരുകളായിരുന്നു. ഇതൊക്കെ കാരണം ഞാന്‍ എന്റെ യഥാര്‍ത്ഥ സ്വത്വം മറച്ചുവച്ചു. സ്വന്തം മാതാപിതാക്കള്‍ എന്നെ അംഗീകരിക്കാത്തപ്പോള്‍ മറ്റുള്ളവരില്‍ നിന്നുള്ള അംഗീകാരം ഞാന്‍ എങ്ങനെ പ്രതീക്ഷിക്കും? എന്നാല്‍ ഉള്ളിലെ വികാരങ്ങളെ അടിച്ചമര്‍ത്താന്‍ കുറച്ചു സമയത്തേക്ക് മാത്രമേ നിങ്ങള്‍ക്കു സാധിക്കു. നിങ്ങളുടെയുള്ളിലുള്ള യഥാര്‍ത്ഥ വ്യക്തി എപ്പോഴും പുറത്തുവരാന്‍ ശ്രമിച്ചു കൊണ്ടിരിക്കും. അതാണ് എന്റെ കാര്യത്തിലും സംഭവിച്ചത്.
ഒമ്പതാം ക്ലാസില്‍ വച്ച് മാതാപിതാക്കള്‍ എന്നെ ബോര്‍ഡിംഗ് സ്‌കൂളില്‍ ചേര്‍ത്തു.സാമ്പത്തികമായ എല്ലാ ആവശ്യങ്ങളും അവര്‍ നിറവേറ്റിക്കൊണ്ടിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും അവര്‍ സ്‌കൂളിലെത്തി എന്നെ കണ്ടില്ല. ഉന്നത വിദ്യാഭ്യാസം നേടാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ എന്നെ ഒപ്പം കൂട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഞാന്‍ മനസ്സിലാക്കി. മാതാപിതാക്കളില്‍ നിന്ന് പ്രതീക്ഷിച്ച സ്‌നേഹം ഒരിക്കലും ലഭിക്കില്ലെന്ന് തിരിച്ചറിയാന്‍ കുറച്ച് സമയമെടുത്തു. വളരെ ബുദ്ധിമുട്ടോടെ ഒരു ദിവസം ഞാന്‍ അത് അംഗീകരിച്ചു. അന്നോടെ എനിക്ക് മോചനം ലഭിച്ചു.ഒരു കുട്ടിക്ക് ഏറ്റവും ആവശ്യം അവരുടെ മാതാപിതാക്കളുടെ സ്‌നേഹമാണ്, എനിക്ക് അത് ലഭിച്ചില്ല. ഞാന്‍ തനിച്ചാണെന്ന് അംഗീകരിച്ചതോടെ ജീവിതം കൂടുതല്‍ മികച്ചതായി.
ആ സമയത്താണ് എന്നെ പോലെ പോകാന്‍ വീടില്ലാത്ത ആളുകള്‍ക്ക് ഒരു വീട് ഉണ്ടാക്കണമെന്ന് തീരുമാനിച്ചത്. അന്ന് തുംകൂരിലെ കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന് പഠിക്കുകയായിരുന്നു ഞാന്‍. ഇതിന് പിന്നാലെ ബെംഗളൂരുവിലേക്ക് തിരിച്ചുവന്ന് ഒരു പുതുജീവിതം തുടങ്ങാന്‍ തീരുമാനിച്ചു. മാതാപിതാക്കള്‍ എന്നെ ഉപേക്ഷിച്ചതിനാല്‍ തന്നെ പോകാന്‍ വേറെ സ്ഥലമില്ലായിരുന്നു – നക്ഷത്ര വിശദീകരിക്കുന്നു.ഭക്ഷണം കിട്ടാനായി കൂലിപ്പണികള്‍ ചെയ്ത് തെരുവില്‍ അതിജീവിക്കുക എത്ര ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. ഒരു എന്‍ജിഒയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ബുദ്ധിമുട്ടുകള്‍ അവസാനിച്ചു. എന്‍ജിഒയില്‍ നിന്ന് സമ്പാദിച്ച പണം ഉപയോഗിച്ചായിരുന്നു നക്ഷത്ര സ്വന്തം ഷെല്‍ട്ടര്‍ ഹോം എന്ന സ്വപ്‌നം പടുത്തുയര്‍ത്തിയത്. സ്വന്തം സമ്പാദ്യവും കമ്മ്യൂണിറ്റിയിലെ ചില അംഗങ്ങളുടെയും സഹായവും ഷെല്‍റ്റര്‍ ഹോം എന്ന ആ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ നക്ഷത്രയെ സഹായിച്ചു.
എളുപ്പമല്ലെന്ന് അറിയാമായിരുന്നെങ്കിലും നക്ഷത്രയുടെ തീരുമാനം ഉറച്ചതായിരുന്നു. സ്ഥലം കണ്ടെത്തുന്നതായിരുന്നു ആദ്യ വെല്ലുവിളി. മുന്‍വിധിമൂലം തുടക്കത്തില്‍ സ്ഥലം കൊടുക്കാന്‍ പലരും മടിച്ചു. മാസങ്ങളോളം തിരഞ്ഞതിന് ശേഷം ഒടുവില്‍ നഗരത്തില്‍ ഒരു സ്ഥലം കണ്ടെത്തി.10 പേരുമായി തുടങ്ങി പിന്നീട് 80 ആയി ഷെല്‍റ്റര്‍ ഹോം വളര്‍ന്നു. ഇപ്പോള്‍ ഞങ്ങള്‍ വ്യത്യസ്ത ജാതികളിലും മതങ്ങളിലും ഉള്ള 150 പേരുടെ കുടുംബമാണ്. ഷെല്‍റ്റര്‍ ഹോമിലേയ്ക്ക് എത്തുന്ന പലരും സ്വന്തം നിലയ്ക്ക് നക്ഷത്രയെ സമീപിക്കുന്നവരായിരുന്നു.
ഉപേക്ഷിക്കപ്പെട്ട കുട്ടികളെയും പ്രായമായവരെയും കണ്ടെത്താന്‍ ലോക്കല്‍ പോലീസിന്റെ സഹായം തേടാറുണ്ട്. കൂടാതെ സന്നദ്ധപ്രവര്‍ത്തകരുടെ ഒരു ശൃംഖലയും നക്ഷത്രയ്ക്കുണ്ട്. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം എന്നിവയടക്കം അന്തേവാസികളുടെ എല്ലാ ആവശ്യങ്ങളും ഇവര്‍ നിറവേറ്റുന്നുണ്ട്. ഗവണ്‍മെന്റ് പിന്തുണയൊന്നും ലഭിക്കുന്നില്ലെങ്കിലും സാമ്പത്തിക സംഭാവനകള്‍ നല്‍കുന്ന നിരവധി സന്മനസുകളുടെ പിന്തുണയും ഇന്ന് നക്ഷത്രയ്ക്കുണ്ട്.