Good News

ഇന്ത്യയിലെ ഏറ്റവും ധനികയായ കർഷക; നിതുബെൻ, കോടീശ്വരിയായി മാറിയ വനിത

നൂതന സാങ്കേതിക വിദ്യകളും കൃഷിരീതികളും സ്ഥിരോത്സാഹവും സമന്വയിപ്പിച്ച് അസാധാരണ വിജയം കൈവരിച്ച കര്‍ഷകരാല്‍ സമൃദ്ധമാണ് ഇന്ത്യയുടെ കാര്‍ഷികരംഗം. ഔഷധസസ്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി വിളകള്‍ കൃഷി ചെയ്യുന്ന അനേകരുണ്ട്. ചില കര്‍ഷകര്‍ ജൈവ കൃഷി ഉപയോഗിക്കുമ്പോള്‍, മറ്റുള്ളവര്‍ ഡ്രിപ്പ് ഇറിഗേഷന്‍, ഹരിതഗൃഹ കൃഷി, ഹൈഡ്രോപോണിക്‌സ് എന്നിവ ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നു.

കൃഷി ഇവര്‍ക്ക് വരുമാനമാര്‍ഗ്ഗത്തിനപ്പുറത്ത് ജീവിതം കൂടിയായി മാറുമ്പോള്‍ അവരില്‍ പലരും സര്‍ക്കാര്‍ / സ്വകാര്യ മേഖലയിലെ ജോലിക്കാരെപ്പോലെ തന്നെ കൃഷിയില്‍ നിന്നും മികച്ച വരുമാനം നേടുകയും കോടികള്‍ സമ്പാദിക്കുകയും ചെയ്യുന്നു.

അവരുടെ വിജയം മറ്റ് കര്‍ഷകരെ ഈ കൃഷിരീതികള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. കൃഷിയെക്കുറിച്ചുള്ള അറിവും പ്രതിബദ്ധതയുമുണ്ടെങ്കില്‍ കൃഷി ലാഭകരവും സുസ്ഥിരവുമാകുമെന്ന് ഈ കര്‍ഷകര്‍ തെളിയിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച 10 സമ്പന്നരായ കര്‍ഷകരെ എടുത്താല്‍ ഒന്നാമത് നില്‍ക്കുന്നത് ഒരു കര്‍ഷകയാണ്. രാജ്കോട്ട് പ്രദേശത്തെ നിതുബെന്‍ പട്ടേല്‍ എന്ന സ്ത്രീയാണ് പട്ടികയില്‍ ആദ്യസ്ഥാനത്ത്.

2024ലെ മില്യണയര്‍ ഫാര്‍മര്‍ ഓഫ് ഇന്ത്യ അവാര്‍ഡിന് ഈ ഗുജറാത്തുകാരി അര്‍ഹയായി. ഈ ബഹുമതി ലഭിക്കുന്ന ആദ്യ വനിതയാണ് അവര്‍. പ്രകൃതി കൃഷിയുടെ പ്രചാരകനായിരുന്ന ദീപക് ദാദയുടെ മാർഗനിർദേശപ്രകാരം മാജിക്കല്‍ മിട്ടി, അമൃത് കൃഷി തുടങ്ങിയ ആശയങ്ങൾ സ്വീകരിച്ചു. കാർഷിക മാലിന്യങ്ങളെ മറ്റ് ഉല്‍പ്പന്നങ്ങളായി മാറ്റുകയും ജൈവ രീതികളിലൂടെ ഉൽപ്പാദനക്ഷമത ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്തു. കൂടാതെ, സജീവന്‍ ലൈഫും സജീവന്‍ ഫൗണ്ടേഷനും അവര്‍ സ്ഥാപിച്ചു.

നിതുബന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ, സജീവൻ ഫൗണ്ടേഷൻ കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിച്ചു. വെറും 45 ദിവസത്തിനുള്ളിൽ, ഫൗണ്ടേഷൻ 84 കർഷക ഉൽ‌പാദക സംഘടനകളെ രജിസ്റ്റർ ചെയ്തു, കൂടാതെ, ഗുജറാത്ത് സർക്കാരുമായി സഹകരിച്ച്, നിതുബെൻ ഒരു ഇന്റേണൽ ക്ലസ്റ്റർ സിസ്റ്റം (ICS) നടപ്പിലാക്കുന്നതിന് നേതൃത്വം നൽകി, ഇത് പുതിയ കർഷകരെ കണ്ടെത്തുകയും ഉൽപാദനച്ചെലവ് ഗണ്യമായി കുറയ്ക്കുകയും ചെയ്തു.

കീടനാശിനി രഹിത ജൈവകൃഷിയെക്കുറിച്ച് 10,000-ത്തിലധികം കര്‍ഷകരെ അവര്‍ പഠിപ്പിച്ചു, യുവതലമുറയിൽ പരിസ്ഥിതി അവബോധം വളർത്താന്‍ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ എല്ലാവര്‍ഷവും വൃക്ഷത്തൈ നടീല്‍, പ്ലാസ്റ്റിക് കുറയ്ക്കുന്നതിന് 10,000 കോട്ടണ്‍ ബാഗുകള്‍ വിതരണം ചെയ്യല്‍ തുടങ്ങിയ സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങള്‍ കൂടി ചെയ്യുന്ന നിതുബെന്‍ പട്ടേലിന്റെ വാര്‍ഷിക വിറ്റുവരവ് എത്രയാണെന്നറിയാമോ 100 കോടി രൂപ.

Leave a Reply

Your email address will not be published. Required fields are marked *