Lifestyle

പച്ചക്കറികളിലെ വിഷാംശം കുറയ്ക്കാന്‍ ടിപ്സുകള്‍, വെജിറ്റബിള്‍ ക്ലീനറുകള്‍ എങ്ങ​നെ തയ്യാറാക്കാം?

ഉയര്‍ന്ന അളവില്‍ കീടനാശിനി തളിച്ച പച്ചക്കറികളും പഴങ്ങളുമാണ് വിപണിയില്‍ എത്തുന്നത്. ജീവനില്‍ പേടിയുള്ളവര്‍ ജൈവ കൃഷിയിലേക്ക് തിരിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഫ്രഷാണെന്ന് പറഞ്ഞ് വാങ്ങിക്കൊണ്ടുവരുന്ന പച്ചക്കറികള്‍ വിഷമയമാണെന്ന് തിരിച്ചറിയണം. വീട്ടമ്മമാര്‍ക്കായി പച്ചക്കറികളിലെ വിഷാംശം കുറയ്ക്കാനുള്ള ടിപ്സുകള്‍…

  1. കോളിഫ്‌ളവറിന്റെ ഇലയും തണ്ടും കളഞ്ഞശേഷം വിനാഗിരി ലായനിയിലോ ഉപ്പുവെള്ളത്തിലോ പത്ത് മിനിറ്റ് മുക്കി വയ്ക്കുക. ശുദ്ധ ജലത്തില്‍ പലതവണ കഴുകുക. സുഷിരങ്ങള്‍ ഉള്ള പാത്രത്തില്‍വച്ച് വെള്ളം വാര്‍ന്നശേഷം പ്ലാസ്റ്റിക് പാത്രത്തില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
  2. കാബേജിന്റെ പുറമേയുള്ള നാലോ അഞ്ചോ ഇതളുകള്‍ കളഞ്ഞ് വെള്ളത്തില്‍ പല തവണ കഴുകുക. കോട്ടന്‍ തുണി ഉപയോഗിച്ച് വെള്ളം തുടച്ചശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. കുറച്ചു സമയം ഉപ്പുവെള്ളത്തിലിട്ട ശേഷം കാബേജ് ഉപയോഗിക്കാം.
  3. മല്ലിയില ചുവടു വേരോടെ കളഞ്ഞ ശേഷം ടിഷ്യു പേപ്പറിലോ ഇഴയകന്ന കോട്ടണ്‍ തുണിയിലോ പൊതിഞ്ഞ് പ്ലാസ്റ്റിക് പാത്രത്തിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുക.ഉപയോഗിക്കുന്നതിന് മുമ്പ് ടാപ്പ് വെള്ളത്തില്‍ പല ആവര്‍ത്തി കഴുകുക.
  4. പുതിനയില, പച്ചമുളക്, കാപ്‌സിക്കം, കത്തിരി, തക്കാളി, കോവയ്ക്ക എന്നിവ വിനാഗിരി ലായനിയിലോ വാളന്‍പുളി ലായനിയിലോ 10 മിനിറ്റ് മുക്കിവയ്ക്കുക. ശേഷം വെള്ളത്തില്‍ പലതവണ കഴുകുക. വെള്ളം വാര്‍ന്നുപോകാന്‍ സുഷിരങ്ങളുള്ള പാത്രത്തില്‍ ഒരു രാത്രി മുഴുവന്‍ ഇട്ടുവയ്ക്കുക. വെള്ളം വാര്‍ന്നുപോയ ശേഷം പുതിനയില ടിഷ്യൂപേപ്പറിലോ ഇഴയകന്ന കോട്ടണ്‍തുണിയിലോ പൊതിഞ്ഞ് പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. മുളക്, കാപ്‌സിക്കം, കത്തിരി എന്നിവയുടെ ഞെട്ട് അടര്‍ത്തി മാറ്റിയശേഷം വെള്ളം തുടച്ച് സൂക്ഷിക്കുക.
  5. പയറും പടവലവും വളരെ മൃദുവായ സ്‌ക്രബ് പാഡ് ഉപയോഗിച്ച് ഉരസി കഴുകുക. പാവയ്ക്കയും വെണ്ടയ്ക്കയും തുണി കഴുകുന്ന ബ്രഷ്‌കൊണ്ട് മൃദുവായി ഉരസിയശേഷം വെള്ളത്തില്‍ നന്നായി കഴുകുക.
  6. ബീറ്റ്‌റൂട്ട്, കാരറ്റ്, മുരിങ്ങയ്ക്ക എന്നിവ ഉപയോഗത്തിന് മുമ്പ് തൊലിചുരണ്ടി കളഞ്ഞശേഷം നന്നായി കഴുകുക.
  7. ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ യുടെ ഉണങ്ങിയ തൊലി മുഴുവന്‍ പൊളിച്ചുകളയണം. തുടര്‍ന്ന് പലയാവര്‍ത്തി വെള്ളത്തില്‍ കഴുകിയശേഷം ഉപയോഗിക്കാം.
  8. ഏറ്റവും കൂടുതല്‍ വിഷം ഉള്ളത് മാമ്പഴത്തിലാണ്. തൊലി കറുത്തതും ചുളിവുവീണതുമായ മാമ്പഴം ഉപയോഗിക്കരുത്. മാമ്പഴം നന്നായി കഴുകി തൊലികളഞ്ഞശേഷം ഉപയോഗിക്കുക.
  9. ഇന്ന് വിപണിയില്‍ എത്തുന്ന നല്ലൊരു ശതമാനം ആപ്പിളിലും മെഴുക് പുരട്ടിയിട്ടുണ്ടാവാം. ആദ്യം ആപ്പിള്‍ ഒഴുകുന്ന ടാപ്പ് വെള്ളത്തില്‍ കഴുകണം. പിന്നീട് പുളിവെള്ളത്തിലോ വിനാഗിരി ലായനിയിലോ മുക്കിവയ്ക്കുക. വീണ്ടും ശുദ്ധ ജലത്തില്‍ പല ആവര്‍ത്തി കഴുകി തൊലി കളഞ്ഞ ശേഷം ഉപയോഗിക്കുക.
  10. മുന്തിരിയിലും മാരകമായ അളവില്‍ കീടനാശിനികള്‍ അടങ്ങിയിട്ടുണ്ട്. ഉപ്പും ബേക്കിംങ് സോഡയും വെള്ളത്തില്‍ കലര്‍ത്തി മുന്തിരിയില്‍ തളിക്കുക. പത്തുമിനിറ്റിനുശേഷം നന്നായി കഴുകുക. വെള്ളം വാര്‍ന്നുപോകാന്‍ ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കാം.

വെജിറ്റബിള്‍ ക്ലീനറുകള്‍ തയ്യാറാക്കാം

വെജിറ്റബിള്‍ ക്ലീനറുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ ഇവ വീട്ടിലുണ്ടാക്കാവുന്നതേയുള്ളു. ഇതാ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വെജിറ്റബിള്‍ ക്ലീനറുകള്‍.

ഒട്ടുമിക്ക പച്ചക്കറികളും വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ കഴുകിയെടുക്കുമ്പോള്‍ വിഷാംശം പോകും. ഉപ്പും മഞ്ഞളും ചേര്‍ത്ത വെള്ളത്തില്‍ കഴുകുന്നതിലൂടെയും പച്ചക്കറികളിലെ വിഷാംശം കുറയ്ക്കാന്‍ സഹായിക്കുന്നു. പച്ചക്കറികളും പഴങ്ങളും തണുത്തവെള്ളത്തില്‍ കഴുകുന്നത് കെമിക്കലുകളെ ഒരുപരിധിവരെ കുറയ്ക്കും.

1 ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര്, രണ്ട് സ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവ ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ക്കുക. ഈ മിശ്രിതം പച്ചക്കറികളിലും പഴങ്ങളിലും തളിച്ച് പത്തുമിനിറ്റ് വച്ചശേഷം തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കുക.

2 ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര്,രണ്ട് ടേബിള്‍ സ്പൂണ്‍ വിനാഗിരി എന്നിവ ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ക്കുക. ആ മിശ്രിതം സ്‌പ്രേ ചെയ്ത് പത്ത് മിനിറ്റ് വച്ചശേഷം തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *