Lifestyle

സുരേഷ്‌ ഗോപിയുടെ ‘കലുങ്ക്‌ ചര്‍ച്ച’യില്‍ പങ്കെടുത്തവര്‍ കോണ്‍ഗ്രസിലേക്ക്‌

വരന്തരപ്പിള്ളി: കേന്ദ്ര സഹമന്ത്രിയും തൃശൂര്‍ എം.പിയുമായ സുരേഷ്‌ ഗോപിയുടെ കല്ലുങ്ക്‌ സൗഹൃദചര്‍ച്ചയില്‍ പങ്കെടുത്ത വരന്തരപ്പിള്ളി പഞ്ചായത്ത്‌ നാലാം വാര്‍ഡിലെ ബി.ജെ.പി. പ്രവര്‍ത്തകരും അവരുടെ കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നു. സജീവ ബി.ജെ.പി. പ്രവര്‍ത്തകരായിരുന്ന പ്രസാദ്‌, രാജശ്രീ, സുമേഷ്‌, ശാലിനി എന്നിവരും അവരുടെ കുടുംബവുമാണ്‌ കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചത്‌.

കോണ്‍ഗ്രസിലേക്കു വന്ന ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും കെ.പി.സി.സി. അംഗം നിഖില്‍ ദാമോദരന്‍ പാര്‍ട്ടി അംഗത്വം നല്‍കി. പതിനെട്ടിനായിരുന്നു വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കല്ലുങ്ക്‌ ചര്‍ച്ച നടന്നത്‌. ചര്‍ച്ച കഴിഞ്ഞു തൊട്ടടുത്ത ദിവസംതന്നെ ബി.ജെ.പി. പ്രവര്‍ത്തകരും അവരുടെ കുടുംബവും കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിച്ച വാര്‍ഡ്‌കൂടിയാണ്‌ നാല്‌.