വിശ്രമമുറികൾ ഉപയോഗിക്കുന്ന സമയത്ത് മൂത്രമൊഴിക്കാനുള്ള പ്രേരണ തോന്നുന്നത് തീർത്തും സ്വഭാവികമാണ്. നമ്മുടെ ശരീരത്തിൽ അബോധമായി തുടരുന്ന ഒരു പ്രവർത്തിയാണിതെന്ന് പറയാം. എന്നാല്‍ മൂത്രം പോകാതെ ഇരുന്നാലോ? അതുണ്ടാക്കുന്ന ആസ്വസ്ഥതയും ആരോഗ്യ പ്രശ്നങ്ങളും വളരെ ഗുരുതരമാണ്. ഇവിടെ ഇംഗ്ലണ്ടിലെ ബാത്തിൽ നിന്നുള്ള 27 കാരിയായ അന്ന ഗ്രേയ്‌ക്ക്, മൂത്രമൊഴിക്കല്‍ അസാധ്യമായ ഒരു കാര്യമായിരുന്നു. നീണ്ട ആറ് വർഷമാണ് ഈ അവസ്ഥ അവളുടെ ജീവിതത്തെ നരകമാക്കിയത് .
അപൂർവവും വേദനാജനകവുമായ മൂത്രാശയ രോഗമായ ഫൗളേഴ്‌സ് സിൻഡ്രോമാണ് അന്നയ്ക്കെന്ന് രോഗനിർണയം നടത്തുന്നതുവരെ തന്റെ മൂത്രസഞ്ചി ശൂന്യമാക്കാൻ അരഡസനിലധികം കത്തീറ്ററുകളാണ് വർഷങ്ങളായി ഉപയോഗിച്ചത്.
2018 നവംബറിലാണ് അന്നയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ആരംഭിച്ചത്. കഠിനമായ വൃക്ക അണുബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ്, കുറച്ച് ദിവസത്തേക്ക് മൂത്രമൊഴിക്കാൻ കഴിയാതെ വന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നാണ് ഡോക്ടർമാർ ആദ്യം കരുതിയത്. എന്നാൽ അവളുടെ മൂത്രസഞ്ചിയിൽ നിന്ന് ഏകദേശം രണ്ട് ലിറ്റർ മൂത്രം കളയേണ്ടി വന്നപ്പോൾ പ്രശ്നം ഗുരുതരമായി. കാരണം ഇത് സാധാരണ അണുബാധയായിരുന്നില്ല.
തുടർന്ന് ഏതാനും ആഴ്ചകൾക്കൂടി ആശുപത്രിയിൽ ചിലവഴിച്ചപ്പോൾ അവളുടെ ശരീരത്തിൽ ഒരു കാര്യംകൂടി കണ്ടെത്തി. അന്നയുടെ മൂത്രസഞ്ചി പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. നിരവധി പരിശോധനകൾക്ക് ശേഷവും, ഇതിന്റെ കാരണം അഞ്ജാതമായി തുടർന്നു. ഒടുവിൽ വിദഗ്ധ സംഘം അവൾക്ക് ഫൗളേഴ്‌സ് സിൻഡ്രോം ഉണ്ടെന്ന് കണ്ടെത്തി. വളരെ അപൂർവമായ ഒരു അവസ്ഥ, പരിചയസമ്പന്നരായ യൂറോളജിസ്റ്റുകൾ പോലും വിരലിലെണ്ണാവുന്ന കേസുകൾ മാത്രമേ നേരിട്ടിട്ടുള്ളൂ.
ഇനി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അവളെ അറിയിച്ചു. തനിക്ക് ഇത് എങ്ങനെ സംഭവിച്ചു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് അന്ന ഒരു അഭിമുഖത്തിൽ പറഞ്ഞു.
2020-ഓടെ, ആവർത്തിച്ചുള്ള അണുബാധകൾക്കും ആശുപത്രി വാസത്തിനും ശേഷം, അന്നയ്ക്ക് ഒരു സുപ്രപ്യൂബിക് കത്തീറ്റർ ഘടിപ്പിച്ചു – ഒരു ട്യൂബ് അവളുടെ വയറിലൂടെ നേരിട്ട് അവളുടെ മൂത്രസഞ്ചിയിലേക്ക് എത്തിക്കുന്നതായിരുന്നു ഇത്. കത്തീറ്റർ ഒരു ശേഖരണ ബാഗിലേക്ക് മൂത്രം നിറയ്ക്കുന്നു. ഇതിലൂടെ ഒരു ദിവസത്തിൽ പല തവണ മൂത്രസഞ്ചി ശൂന്യമാക്കുന്നു. ഇതുമായി പൊരുത്തപ്പെടാന്‍ അവര്‍ക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. പിന്നാലെ മാനസിക ആരോഗ്യപ്രശ്നങ്ങളും. തുടര്‍ന്ന് അവര്‍ വിഷാദരോഗത്തിന് ആശുപത്രിയിലായി.
2024 ജനുവരിയിൽ, അന്നയുടെ കത്തീറ്റർ സൈറ്റിന് ചുറ്റും സെപ്സിസ് ബാധിച്ചു. ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിലേയ്ക്കെത്തി. അന്നയെ മൂന്നാഴ്ചത്തേയ്ക്ക് തീവ്രപരിചരണത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഈ തിരിച്ചടികൾക്കിടയിലും തന്റെ രോഗാവസ്ഥ മറച്ചുവെക്കാൻ അവൾ ഒരുക്കമായിരുന്നില്ല.
“ഞാൻ ഷോർട്ട്‌സും ടോപ്പും ധരിക്കുന്നു- നിങ്ങൾക്ക് ബാഗ് കാണാം. അത് എന്നെ ശല്യപ്പെടുത്തുന്നില്ല. ആളുകൾ ചോദ്യങ്ങൾ ചോദിക്കുന്നു, എനിക്ക് അതിൽ കുഴപ്പമില്ല” അന്ന പറയുന്നു.
തന്റെ അവസ്ഥയോർത്ത് അന്നയ്ക്ക് ആദ്യം അങ്ങേയറ്റം ഒറ്റപ്പെടൽ തോന്നിയെങ്കിലും, ഫൗളേഴ്‌സ് സിൻഡ്രോം രോഗികൾക്കുള്ള ഓൺലൈൻ സപ്പോർട്ട് ഗ്രൂപ്പുകളെക്കുറിച്ച് അവൾ അറിഞ്ഞപ്പോൾ ആ ഒരു വിഷമം മാറി.
“എന്റെ അവസ്ഥ മനസ്സിലാക്കിയ മറ്റുള്ളവരെ കണ്ടുമുട്ടുന്നത് ജീവിതത്തെ മാറ്റിമറിച്ചു. ഒടുവിൽ എനിക്ക് തനിച്ചായി എന്ന് തോന്നിയില്ല, ഞാൻ അതിനൊപ്പം ജീവിക്കാൻ പഠിക്കുകയാണ്. ആളുകൾ തനിച്ചല്ലെന്ന് അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇത്തരമൊരു അവസ്ഥയുണ്ടെങ്കിലും ജീവിതം ഇപ്പോഴും പൂർണമാണ്” അന്ന പറഞ്ഞു.
വിട്ടുമാറാത്ത രോഗങ്ങളുള്ള അനേകർക്ക് കമ്മ്യൂണിറ്റി പിന്തുണയായി മാറിയിരിക്കുന്നു. പ്രത്യേകിച്ചും അന്നയെപ്പോലുള്ളവരുടെ അവസ്ഥകൾ പൊതുജനങ്ങളും മെഡിക്കൽ കമ്മ്യൂണിറ്റിയും പോലും തിരിച്ചറിയാത്തതോ തെറ്റിദ്ധരിച്ചതോ ആയ നിലയ്ക്ക്.
ഫൗളേഴ്‌സ് സിൻഡ്രോം മൂത്രാശയ സ്‌ഫിൻക്‌ടറിനെയാണ് ബാധിക്കുന്നുത്. മൂത്രത്തിന്റെ സ്രവത്തെ നിയന്ത്രിക്കുന്ന പേശി- മൂത്രസഞ്ചി നിറഞ്ഞിരിക്കുമ്പോൾ പോലും പേശികൾ സങ്കോചമായി തുടരുന്നു. ഇത് സ്വമേധയാ മൂത്രമൊഴിക്കാനുള്ള കഴിവില്ലായ്മയിലേക്ക് നയിക്കുന്നു. കാരണമില്ലാതെ ചില സന്ദർഭങ്ങളിൽ ഇത് പെട്ടെന്ന് വന്നേക്കാം. കൂടാതെ ശസ്ത്രക്രിയ അല്ലെങ്കിൽ പ്രസവത്തിനു ശേഷമായിരിക്കാം.
രോഗലക്ഷണങ്ങൾ ഓരോ രോഗിക്കും വ്യത്യസ്തമാണ്. ചിലർക്ക് മൂത്രമൊഴിക്കാൻ കഴിഞ്ഞേക്കാം, പക്ഷേ മൂത്രസഞ്ചി പൂർണ്ണമായി ശൂന്യമാകില്ല, മറ്റുള്ളവർ-അന്നയെ പോലുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നു. മൂത്രസഞ്ചി നിറയുന്നതോടെ കടുത്ത വേദനയും ഇടയ്ക്കിടെ അണുബാധയും ഉണ്ടാകുന്നു. പല സ്ത്രീകളും ആവർത്തിച്ചുള്ള സിസ്റ്റിറ്റിസ്, വൃക്ക അണുബാധകൾ, നിരന്തരമായ വേദന എന്നിവ അനുഭവിക്കുന്നു.
എന്തുകൊണ്ടാണ് ഫൗളേഴ്സ് സിൻഡ്രോം ഉണ്ടാകുന്നത്?
ഈ ഘട്ടത്തിൽ, ഫൗളേഴ്സ് സിൻഡ്രോമിന്റെ യഥാർത്ഥ കാരണം കണ്ടെത്തിയിട്ടില്ല. ശാസ്ത്രജ്ഞർ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ചില ഹോർമോൺ പ്രശ്നങ്ങളാണ് ഇതിനു പിന്നിലെന്ന് കരുതപ്പെടുന്നു. ഒരു സ്ഥിര ചികിത്സയില്ലെങ്കിലും , രോഗലക്ഷണ രോഗ ലക്ഷണങ്ങളെ ചികിൽസിക്കാൻ കഴിഞ്ഞേക്കും. ചുരുക്കം കേസുകളിൽ അതായത് ഭാഗികമായി മൂത്രമൊഴിക്കാനുള്ള കഴിവുള്ള രോഗികൾക്ക്, അവശേഷിക്കുന്ന മൂത്രാശയത്തിന്റെ അളവ് വിലയിരുത്തി നിരീക്ഷണം ആവശ്യമാണ്. അണുബാധയും മൂത്രാശയ കേടുപാടുകളും ഒഴിവാക്കാൻ കത്തീട്ടർ ആവശ്യമായി വന്നേക്കാം.
ഗുരുതരമായ കേസുകളിൽ രോഗികളെ സാക്രൽ നാഡി ഉത്തേജനം നിര്‍ദേശിക്കുന്നു. ഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതിനും മൂത്രസഞ്ചി പ്രവർത്തനം തിരികെ നൽകുന്നതിനും വൈദ്യുത പൾസുകളുടെ ഉപയോഗം ഉൾപ്പെടുന്ന ഒരു ചികിത്സയാണിത്. ചില രോഗികളിൽ സ്വാഭാവിക മൂത്രമൊഴിക്കൽ പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയുള്ള ഒരേയൊരു ചികിത്സ ഇതാണ്.