Oddly News

പ്രേതബാധയുള്ളവര്‍ക്കു വേണ്ടി ഒരു ക്ഷേത്രം, ദുഷ്ടാത്മാക്കള്‍ ബാധിച്ച ഭക്തര്‍ ചങ്ങലയില്‍, പ്രസാദം ക്ഷേ​‍ത്രത്തില്‍തന്നെ ഉപേക്ഷിക്കണം

പണ്ട് പറഞ്ഞ കേട്ട മുത്തശ്ശി കഥകളില്‍ ഒരു പ്രേതകഥയെങ്കിലും കേള്‍ക്കാത്തവര്‍ ചുരുക്കമാണെന്ന് തന്നെ പറയേണ്ടി വരും. പ്രേതത്തെ ഒരു മന്ത്രവാദി വന്ന് പിടിയ്ക്കുന്നതും തളയ്ക്കുന്നതുമൊക്കെ നമ്മള്‍ കേട്ട കഥകളിലൊക്കെ കാണും. ഭയമുണ്ടെങ്കിലും ഇത്തരം കഥകള്‍ കേള്‍ക്കാന്‍ നമുക്കൊക്കെ വളരെ ആകാംക്ഷ തന്നെയാണ് ചെറുപ്പത്തില്‍. അതുകൊണ്ട് തന്നെയാണ് പലര്‍ക്കും ഹൊറര്‍ ചിത്രങ്ങളും അത്തരം സ്ഥലങ്ങളുമൊക്കെ കാണാനും അവയെ കുറിച്ച് കൂടുതല്‍ അറിയാനും താല്പര്യം ഉള്ളതും.

ഇത്തരത്തില്‍ ഇന്ത്യയിലെ ഏറ്റവും നിഗൂഢവും ശക്തവുമായ ക്ഷേത്രം ഏതാണെന്ന് നിങ്ങള്‍ക്കറിയാമോ?. രാജസ്ഥാനിലെ മെഹന്ദിപൂര്‍ എന്ന ചെറിയ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മെഹന്തിപൂര്‍ ബാലാജി എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഈ ക്ഷേത്രം ഹനുമാന് സമര്‍പ്പിക്കപ്പെട്ടതാണെന്നാണ് സങ്കല്‍പ്പം. ഇരുണ്ട ശക്തികള്‍, മന്ത്രവാദം, അസുഖങ്ങള്‍ എന്നിവയാല്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് ആശ്വാസവും മോചനവും ഈ ക്ഷേത്രത്തില്‍ എത്തുമ്പോള്‍ ലഭിയ്ക്കുമെന്ന് വിശ്വസിയ്ക്കുന്നു. ഇന്ത്യയിലെ മിക്ക ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് മെഹന്ദിപൂര്‍ ബാലാജി. ഈ ക്ഷേത്രത്തില്‍ എത്തുമ്പോള്‍ മുതല്‍ നിങ്ങളെ ഒരു പ്രത്യേക തരത്തിലുള്ള, തീവ്രവും ഏതാണ്ട് അസ്വസ്ഥവുമായ ഒരു ഊര്‍ജ്ജം വലയം ചെയ്യുന്നതായി തോന്നും. ചിലര്‍ ഇതിനെ ആളുകളെ ആകര്‍ഷിക്കുന്ന ഒരു കാന്തിക വലയമായി വിശേഷിപ്പിക്കും, മറ്റുള്ളവര്‍ അതിന്റെ ആത്മീയ പ്രഭാവലയം ആണെന്ന് പറയുന്നു.

നിങ്ങള്‍ മെഹന്ദിപൂര്‍ ബാലാജിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ ‘ജയ് ബാലാ’ എന്ന മന്ത്രം അന്തരീക്ഷത്തില്‍ പ്രതിധ്വനിയ്ക്കുന്നത് കേള്‍ക്കാം. മെഹന്ദിപൂര്‍ ബാലാജിയില്‍ ഏവരും എത്തുന്നത് അനുഗ്രഹങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, രോഗശാന്തിയും തേടിയാണ്. ‘ദുഷ്ട’ അല്ലെങ്കില്‍ ‘ഇരുണ്ട’ ആത്മാക്കളില്‍ നിന്ന് ആളുകളെ ശുദ്ധീകരിക്കാന്‍ കഴിവുള്ള ദൈവിക ശക്തി ക്ഷേത്രത്തില്‍ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ആചാരപരമായ രോഗശാന്തിയുടെയും ഭൂതോച്ചാടനത്തിന്റെയും കേന്ദ്രമെന്ന നിലയില്‍ മെഹന്ദിപൂര്‍ ബാലാജി പ്രശസ്തമാണ്. മെഹന്ദിപൂര്‍ ബാലാജിയില്‍ നടത്തപ്പെടുന്ന ‘ജാദുയി ചികിത്സ’ അല്ലെങ്കില്‍ ‘ദിവ്യ ചികിത്സ’യിലൂടെ ദുഷ്ടാത്മാക്കള്‍ ബാധിച്ച ഭക്തര്‍ സുഖപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഭഗവാന്‍ ബാലാജി തന്റെ ഹനുമാന്‍ അവതാരത്തില്‍ തന്റെ ഭക്തരെ ദുഷ്ടശക്തികളില്‍ നിന്ന് സംരക്ഷിക്കുന്നുവെന്ന് വിശ്വസിയ്ക്കുന്നു. ഇവിടുത്തെ ആചാരങ്ങളില്‍ വഴിപാടുകളും മന്ത്ര ജപവും ഉള്‍പ്പെടുന്നു. ഇത്തരം രീതികള്‍ പലരും ചോദ്യം ചെയ്യാറുണ്ടെങ്കിലും തങ്ങള്‍ക്ക് രോഗശാന്തി ലഭിച്ചതായാണ് പലരും തുറന്ന് പറയുന്നത്.

ക്ഷേത്രത്തിലെ ഭൂതോച്ചാടനവുമായി ബന്ധപ്പെട്ട് പലപ്പോഴും ഇരുമ്പ് ചങ്ങലയില്‍ ബന്ധിച്ചിരിക്കുന്ന വ്യക്തികളെ കാണാറുണ്ട്. അത് കുറച്ച് അസ്വസ്ഥത സൃഷ്ടിയ്ക്കുന്ന കാഴ്ച തന്നെയാണ്. ഇവരെ ചങ്ങലകളില്‍ ബന്ധിയ്ക്കുന്നത് അവരുടെ സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇങ്ങനെ ബന്ധിച്ചിരിയ്ക്കുന്നവരെ പണ്ഡിറ്റുകള്‍ ഭൂതോച്ചാടനം നടത്തുന്നതും ബാലാജിയുടെ പ്രതിമയില്‍ നിന്ന് ഒഴുകുന്ന വിശുദ്ധജലം അവരുടെ മേല്‍ തളിയ്ക്കുന്നതും കാണാം.

മെഹന്ദിപൂര്‍ ബാലാജി ക്ഷേത്രത്തിലെ സന്ദര്‍ശകര്‍ അവരുടെ സന്ദര്‍ശനത്തിന് മുമ്പായി ഒരാഴ്ചയെങ്കിലും സസ്യാഹാരം പിന്തുടരുന്നത് ഉള്‍പ്പെടെ കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. ക്ഷേത്രത്തിലെ അസാധാരണമായ ഒരു ആചാരം പ്രസാദം കൈകാര്യം ചെയ്യുന്നതാണ്. മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി, സന്ദര്‍ശകരോട് ഭക്ഷണം കഴിക്കുകയോ വീട്ടിലേക്ക് കൊണ്ടുപോകുകയോ പ്രസാദം വിതരണം ചെയ്യുകയോ ചെയ്യരുതെന്ന് നിര്‍ദ്ദേശമുണ്ട്. പകരം, അവര്‍ അത് ഒരു നിയുക്ത സ്ഥലത്ത് ഉപേക്ഷിച്ച് തിരിഞ്ഞുനോക്കാതെ നടക്കണം. അര്‍ജി, സാവമണി, ദര്‍ഖസ്ത് തുടങ്ങിയ ആചാരങ്ങളിലൂടെ ദുഷ്ടാത്മാക്കളാല്‍ പീഡിതരായവര്‍ക്ക് ആശ്വാസം നല്‍കുന്നതിന് ഈ ക്ഷേത്രം പ്രശസ്തമാണ്. ഈ ചടങ്ങുകള്‍ക്ക് ശേഷം, ദുരിതമനുഭവിക്കുന്നവര്‍ അവരുടെ ചടങ്ങുകള്‍ പൂര്‍ത്തീകരിക്കുന്നതിനായി കോട്ട്വല്‍ കപ്തന്‍ (കമാന്‍ഡര്‍) അല്ലെങ്കില്‍ ശ്രീ പ്രേതരാജ് സര്‍ക്കാര്‍ (ആത്മാവുകളുടെ രാജാവ്) എന്നും വിളിയ്ക്കുന്ന ഭൈരവ് ബാബയുടെ പ്രതിമയും സന്ദര്‍ശിക്കാറുണ്ട്.