ആരാധകരുടെ നീണ്ട കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ പുഷ്പ 2 തിയേറ്ററുകളില്‍ എത്തിയിരിയ്ക്കുകയാണ്. 2021-ല്‍ റിലീസായ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗമാണ് പുഷ്പ 2. അല്ലു അര്‍ജുന്റെ ഏറെ പ്രതീക്ഷയുള്ള ചിത്രം കൂടിയാണ് ഇത്. രണ്ടാം ഭാഗത്തില്‍ അല്ലു അര്‍ജുനോടൊപ്പം രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. എന്നാല്‍ പുഷ്പയില്‍ അഭിനയിക്കേണ്ടിയിരുന്നത് അല്ലു അര്‍ജുന് പകരം മറ്റൊരു പ്രമുഖ നടനായിരുന്നു.
വര്‍ഷങ്ങളായി നിരവധി ഹിറ്റുകള്‍ ആരാധകര്‍ക്ക് സമ്മാനിച്ച തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ താരം മഹേഷ് ബാബു ആയിരുന്നു ഈ താരം. പുഷ്പ രാജിന്റെ വേഷം ചെയ്യാന്‍ സംവിധായകന്‍ സുകുമാര്‍ ആദ്യം തിരഞ്ഞെടുത്തത് മഹേഷ് ബാബുവിനെ ആയിരുന്നു. സുകുമാറും മഹേഷ് ബാബുവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം മഹേഷ് ബാബു ഈ ചിത്രം നിരസിയ്ക്കുകയായിരുന്നു.
”ഞാന്‍ മഹേഷ് ബാബുവിനോട് പറഞ്ഞ കഥ മണല്‍ കടത്ത് അടിസ്ഥാനമാക്കിയുള്ളതാണ്. പക്ഷേ അത് വളരെ കാലം മുമ്പാണ്. ആ പ്രൊജക്റ്റില്‍ നിന്ന് മാറിക്കഴിഞ്ഞപ്പോള്‍ ഞാന്‍ മറ്റൊരു കഥ എഴുതി. കഥാപാത്രത്തിന് ഒരു പ്രത്യേക മനോഭാവം ഉണ്ടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. മഹേഷ് ബാബുവിനൊപ്പം എനിക്ക് അത് ചെയ്യാന്‍ കഴിഞ്ഞില്ല. അദ്ദേഹം വളരെ നീതിമാനാണ്. പിന്നീട് കഥ വ്യത്യസ്തമായി എഴുതുകയായിരുന്നു. ” – എന്തുകൊണ്ടാണ് മഹേഷ് ബാബു ഈ വേഷം നിരസിച്ചത് എന്നതിനെ കുറിച്ച് സുകുമാര്‍ വെളിപ്പെടുത്തി.
500 കോടി രൂപ ബഡ്ജറ്റില്‍ മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിച്ച പുഷ്പ 2: ദി റൂള്‍ ഏറ്റവും ചെലവേറിയ ഇന്ത്യന്‍ ചിത്രങ്ങളിലൊന്നാണ്. അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ലോകമെമ്പാടും 100 കോടി രൂപ നേടിയ ഈ രണ്ടാം ഭാഗം ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണറുകളില്‍ ഒന്നായി മാറാന്‍ ഒരുങ്ങുകയാണ്.