Movie News

മനുഷ്യസ്‌നേഹിയായ സൂപ്പര്‍സ്റ്റാര്‍; ജീവകാരുണ്യത്തിന് വര്‍ഷംതോറും 30 കോടി നല്‍കി മഹേഷ്ബാബു

തെലുങ്ക് സിനിമയിലെ മഹേഷ് ബാബു ആഗോളതലത്തില്‍ അറിയപ്പെടുന്ന ഒരു സൂപ്പര്‍സ്റ്റാര്‍ മാത്രമല്ല മഹാനായ ഒരു മനുഷ്യസ്‌നേഹി കൂടിയാണെന്ന് എത്രപേര്‍ക്കറിയാം. തെലുങ്ക് സിനിമയില്‍ സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കുന്ന അദ്ദേഹം അഭിനയ വൈദഗ്ധ്യത്തിന് പുറമേ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും അനേകരുടെ ഹൃദയം കീഴടക്കുന്നു. ഓരോ വര്‍ഷവും 30 കോടി രൂപയാണ് അദ്ദേഹം ഇതിനായി നല്‍കുന്നത്.

48 വയസ്സുള്ള നടന്‍ നിരവധി എന്‍ജിഒകളുമായി സഹകരിച്ചാണ് ഇത് ചെയ്യുന്നത്. ചിലത് അദ്ദേഹം സ്വയം നിയന്ത്രിക്കുന്നു. റെയിന്‍ബോ ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍ അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പങ്കാളിയാണ്. അവിടെ അനേകം പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുന്നത്. ആയിരത്തിലധികം കുട്ടികള്‍ ഇതിനകം ഇവിടെ സൗജന്യ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയരായി.

റോഡുകള്‍, വൈദ്യുതി, സ്‌കൂളുകള്‍, ആരോഗ്യ സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും താരം തന്റെ പ്രതിഫലത്തിന്റെ ഒരു ഭാഗം വിനിയോഗിക്കുന്നു. തന്റെ പൂര്‍വ്വിക ഗ്രാമം ഉള്‍പ്പെടെ രണ്ട് ഗ്രാമങ്ങളും താരം ദത്തെടുത്തിട്ടുണ്ട്. ഐഎംഡിബി പറയുന്നതനുസരിച്ച്, ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഹീല്‍ എ ചൈല്‍ഡ് എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്റെയും പങ്കാളി കൂടിയാണ്.

കുറച്ചുകാലമായി, മഹേഷ് ബാബുവിന് ബോക്‌സോഫീസ് തീരെ അനുകൂലമല്ല. അദ്ദേഹത്തിന്റെ ചിത്രമായ ഗുണ്ടൂര്‍ കരം ബോക്‌സോഫീസില്‍ മോശം പ്രകടനം കാഴ്ചവെക്കുകയും പ്രേക്ഷകരില്‍ നിന്ന് മോശം അഭിപ്രായം നേടുകയും ചെയ്തു. പിന്നാലെ വന്ന സര്‍ക്കാര്‍ വാരി പാട ബോക്‌സോഫീസില്‍ അമ്പരപ്പിക്കുന്ന നേട്ടം കൊയ്തെങ്കിലും മോശം അവലോകനങ്ങളാണ് കിട്ടിയത്.