Oddly News

ഈ ചെറിയ പ്രാണിയ്ക്ക് വില 75 ലക്ഷം; കൈയ്യിലിരുന്നാല്‍ ലക്ഷപ്രഭുവാകുമെന്ന് വിശ്വാസം

ചെറിയ ചെറിയ പ്രാണികളെയൊക്കെ നമ്മള്‍ എപ്പോഴും കാണാറുണ്ട്. എന്നാല്‍ ഒരു ചെറിയ പ്രാണിയ്ക്ക് 75 ലക്ഷം വരെ വിലയുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിയ്ക്കാന്‍ സാധിയ്ക്കുമോ ?. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ പ്രാണികളിലൊന്നാണ് സ്റ്റാഗ് ബീറ്റില്‍. ഇവയ്ക്ക് ഇത്രയും വില വരുന്നതിനും കാരണമുണ്ട്. ഭാഗ്യം കൊണ്ടു വരുന്ന പ്രാണികളാണ് ഇവയെന്നാണ് പൊതുവെയുള്ള വിശ്വാസം. ഇവ കൈയ്യിലിരുന്നാല്‍ അപ്രതീക്ഷിതമായി സമ്പത്ത് വന്നുചേരുമെന്നാണ് ചിലരുടെ വിശ്വാസം. ഈ വിശ്വാസത്തിന്റെ പേരിലാണ് സ്റ്റാഗ് ബീറ്റിലിനെ സ്വന്തമാക്കാന്‍ ആളുകള്‍ മുന്നോട്ട് വരുന്നത്.

വണ്ടുകളുടെ കുടുംബത്തില്‍പ്പെട്ട സ്റ്റാഗ് ബീറ്റിലിന്റെ രൂപം വളരെ പ്രത്യേകത നിറഞ്ഞതാണ്. മുന്നിലേക്ക് നീണ്ടുനില്‍ക്കുന്ന രണ്ട് കൂര്‍ത്ത കൊമ്പുകളുണ്ട് ഇവയ്ക്ക്. കലമാന്റെ കൊമ്പുകള്‍ പോലെ ശാഖകളുള്ള കൊമ്പുകളാണ് ആണ്‍ സ്റ്റാഗ് ബീറ്റിലിന് ഉള്ളത്. ആണ്‍ സ്റ്റാഗുകള്‍ 4 മുതല്‍ 9 സെന്റിമീറ്റര്‍ വരെ വലിപ്പം വെയ്ക്കാറുണ്ടെന്നാണ് യൂറോപ്യന്‍ സ്റ്റാഗ് ബീറ്റില്‍ മോണിറ്ററിംഗ് നെറ്റ് വര്‍ക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പെണ്‍ സ്റ്റാഗുകള്‍ മൂന്ന് സെന്റിമീറ്റര്‍ മുതല്‍ 4 സെമി വരെ വലിപ്പം വെയ്ക്കാറുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. മൂന്ന് മുതല്‍ 7 വര്‍ഷം വരെയാണ് ഇവരുടെ ആയുസ്സ്. ആയുസ്സിന്റെ ഏറിയ പങ്കും ലാര്‍വാ രൂപത്തിലാണ് ഇവ കഴിയുന്നത്.

പ്രജനന കാലത്ത് ഇണയെ സ്വന്തമാക്കാനുള്ള പോരാട്ടത്തില്‍ കൊമ്പുകള്‍ ഇവയ്ക്ക് സഹായകമാകുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിനെല്ലാം പുറമെ സ്റ്റാഗ് ബീറ്റിലുകളെ മരുന്ന് നിര്‍മ്മാണത്തിനും ഉപയോഗിക്കാറുണ്ട്. കൂടാതെ ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിനും ഇവ അത്യന്താപേക്ഷിതമാണ്. പരിസ്ഥിതിയിലെ വിഘടന പ്രക്രിയയെ ത്വരിതപ്പെടുത്താനുള്ള കഴിവും ഇവയ്ക്കുണ്ട്.