ബോക്സ് ഓഫീസ് കളക്ഷനില്‍ ചരിത്ര വിജയം തന്നെ സൃഷ്ടിച്ച ചിത്രമാണ് എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ‘ഗജിനി’ എന്ന തമിഴ് ചിത്രം. സൂര്യ നായകനായി അഭിനയിച്ച ചിത്രത്തില്‍ അസിനും നയന്‍താരയുമായിരുന്നു നായികമാര്‍. 2005ല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ഗജിനി ബോക്സ് ഓഫീസില്‍ ബ്ലോക്ക്ബസ്റ്ററായിരുന്നു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ് 7 കോടി രൂപയാണ്, എന്നാല്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ അത് ബോക്സ് ഓഫീസില്‍ 50 കോടി രൂപയാണ് നേടിയത്. ഇതൊക്കെയാണെങ്കിലും രസകരമായ ചില പിന്നാമ്പുറ കഥകളുമുണ്ട് ഈ സിനിമയ്ക്ക് .
സംവിധായകന്‍ എ ആര്‍ മുരുഗദോസ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയശേഷം ‘ഗജിനി’യിലെ നായകനെ കണ്ടെത്തുവാന്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിട്ടതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. മിക്ക താരങ്ങളും ഈ സിനിമ ചെയ്യാന്‍ വിസമ്മതിച്ചു. ഈ പടത്തില്‍ അഭിനയിക്കുന്നതിനായി മുന്‍നിര നായകന്മാരുള്‍പ്പെടെ ഒരു ഡസന്‍ അഭിനേതാക്കളോട് താന്‍ കഥ പറഞ്ഞുവെന്നും അവസാനം തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ സൂര്യ സമ്മതിക്കുകയായിരുന്നുവെന്നും മുരുഗദോസ് പറയുന്നു.
ഈ സിനിമ ചെയ്യാന്‍ ആദ്യം തല അജിത്ത് സമ്മതിച്ചിരുന്നുവെങ്കിലും പിന്നീട് പിന്മാറി. അദ്ദേഹത്തിന് മുമ്പ്, ഈ ഓഫര്‍ മാധവനും പോയിരുന്നു,
എന്നാല്‍ അദ്ദേഹവും അത് ചെയ്യാന്‍ വിസമ്മതിച്ചു. ചിത്രത്തിലെ വില്ലന്‍ വേഷം ചെയ്യാന്‍ ആദ്യം സമീപിച്ചത് പ്രകാശ് രാജിനെയാണെന്നും എന്നാല്‍ അദ്ദേഹം നിരസിച്ചതിനെ തുടര്‍ന്ന് പ്രദീപ് റാവത്തിന് ഈ വേഷം നല്‍കുകയായിരുന്നുവെന്നും പറയപ്പെടുന്നു. അസിന് മുമ്പ് നായികയായി ജ്യോതികയെ നിശ്ചയിച്ചിരുന്നെങ്കിലും അവര്‍ അത് ചെയ്യാന്‍ തയ്യാറായില്ല. മാധ്യമപ്രവര്‍ത്തകയുടെ വേഷത്തിനായി ശ്രിയ ശരണിനെ സമീപിച്ചെങ്കിലും അവിടെയും കാര്യങ്ങള്‍ നടന്നില്ല.
ചിത്രം പുറത്തിറങ്ങിയപ്പോള്‍ ബോക്സ് ഓഫീസിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തുകൊണ്ടാണ് മുന്നേറിയത്. ഈ തമിഴ് ചിത്രത്തിന്റെ വിജയം കണ്ട്, 2008-ല്‍ ‘ഗജിനി’ എന്ന പേരില്‍ തന്നെ ബോളിവുഡില്‍ ഒരു ചിത്രം നിര്‍മ്മിച്ചു, എ ആര്‍ മുരുകദാസ് തന്നെയണ് സംവിധാനം ചെയ്തത്. തമിഴ് ചിത്രം 50 കോടി നേടിയപ്പോള്‍ ബോളിവുഡ് റീമേക്ക് 200 കോടിയില്‍ എത്തി.
ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ കരിയറിലെ ഏറ്റവും വിജയകരമായ ചിത്രങ്ങളിലൊന്നായി ഇപ്പോഴും കണക്കാക്കപ്പെടുന്നു ചിത്രമാണ് ‘ഗജിനി’. എ.ആര്‍ മുരുകദാസ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ അസിന്‍ ആണ് ആമിര്‍ ഖാന്റെ നായികയായി അഭിനയിച്ചിരിക്കുന്നത്.