Celebrity

ബോളിവുഡിലെ അതിസമ്പന്ന ഈ നടി ; ഐശ്വര്യ, പ്രിയങ്ക, ദീപിക, ആലിയ എന്നിവരേക്കാള്‍ സമ്പത്ത്

2024 ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പുറത്ത് വന്നപ്പോള്‍ അംബാനിയും അദാനിയും ഉള്‍പ്പെടെ രാജ്യത്തെ പ്രശസ്തരും സമ്പന്നരുമായ വ്യക്തികളുടെ പേരുകള്‍ വാര്‍ഷിക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഈ ലിസ്റ്റില്‍ ബോളിവുഡ് സെലിബ്രിറ്റികളും പിന്നിലായിരുന്നില്ല. എന്നിരുന്നാലും, എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചത് സിനിമ മേഖലയിലെ ഏറ്റവും ധനികയായ സ്ത്രീയുടെ പേരായിരുന്നു. അടുത്ത കാലത്തായി ബോക്സ് ഓഫീസ് ഹിറ്റുകളൊന്നും നല്‍കാത്ത ഈ താരം ഇന്ത്യയിലെ ഏറ്റവും ധനികയായ നടിമാരില്‍ ഒരാളെന്ന പട്ടികയില്‍ ഇടം പിടിച്ചിരിയ്ക്കുകയാണ്.

പറഞ്ഞു വരുന്നത് ബോളിവുഡ് സൂപ്പര്‍ താരം ജൂഹി ചൗളയെ കുറിച്ചാണ്. ഏകദേശം 4,600 കോടി രൂപയാണ് ജൂഹിയുടെ സമ്പത്ത്. ഇന്ത്യയിലെ ഏറ്റവും ധനികയായ നടിയും ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീകളില്‍ ഒരാളുമായി ഇതോടെ താരം മാറിയിരിയ്ക്കുകയാണ്. 90കളിലെ സൂപ്പര്‍ താരമായിരുന്നു ജൂഹി ചൗള. നിരവധി സിനിമകളില്‍ തന്റെ കഴിവ് തെളിയിച്ചു. സ്‌ക്രീനില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നടിമാരില്‍ ഒരാളായിരുന്നു അവര്‍. മൂന്ന് പതിറ്റാണ്ട് നീണ്ട തന്റെ കരിയറില്‍, യെസ് ബോസ്, ജങ്കാര്‍ ബീറ്റ്‌സ്, സലാം-ഇ-ഇഷ്‌ക്, തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ജൂഹി നല്‍കിയിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും നായകന്മാരായ ഹരികൃഷ്ണന്‍സ് എന്ന മലയാള ചിത്രത്തിലും നായികയായി ജൂഹി എത്തി.

2000-കളില്‍ ജൂഹി അഭിനയത്തില്‍ നിന്ന് നിര്‍മ്മാണത്തിലേക്കും സപ്പോര്‍ട്ടിംഗ് റോളിലേക്കും മാറി. ആദ്യം ഡ്രീംസ് അണ്‍ലിമിറ്റഡിലും ഇപ്പോള്‍ ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിലും സിനിമാ നിര്‍മ്മാണ പങ്കാളി കൂടിയാണ് അവര്‍. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിലെ നിക്ഷേപവും നൈറ്റ് റൈഡേഴ്‌സ് ക്രിക്കറ്റ് ഫ്രാഞ്ചൈസിയുടെ സഹ ഉടമസ്ഥതയുമാണ് ജൂഹി ഏറ്റവും സമ്പന്നയായ നടിമാരിലൊരാളായി മാറാന്‍ കാരണം.

ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, ദീപിക പദുക്കോണ്‍, കത്രീന കൈഫ് തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ നടിമാരേക്കാള്‍ സമ്പന്നയാണ് ജൂഹി ചൗള. ഈ നടിമാരൊന്നും രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയിട്ടില്ല. അതിസമ്പന്നരായ ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചതായി പുതിയ പട്ടിക വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ 1,539 പേര്‍ രൂപയില്‍ കൂടുതലുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 220 പേര്‍ കൂടുതലാണിത്. ഈ ലിസ്റ്റില്‍ പുതിയതായി വന്ന ഒരാളാണ് പ്രശസ്ത നടന്‍ ഷാരൂഖ് ഖാന്‍.

Leave a Reply

Your email address will not be published. Required fields are marked *