ബിരിയാണി നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഒരു വികാരം തന്നെയാണ്. ഒരോ സെക്കന്‍ഡിലും ഇന്ത്യയില്‍ രണ്ട് പേര്‍ വീതം ബിരിയാണി ഓര്‍ഡര്‍ ചെയ്യുന്നുവെന്നാണ് ഭക്ഷണവിതരണ കമ്പനികളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2024 ല്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ട ഭക്ഷണമാണ് ബിരിയാണി. ചില ബിരിയാണി വിശേഷങ്ങള്‍ നോക്കിയാലോ?
ലോകത്തിലെ ഏറ്റവും വില കൂടിയ ബിരിയാണിയുടെ വില അറിയാമോ . പ്ലേറ്റിന് 20000 രൂപയോളം വരുമത്രേ. ദുബായിലെ ഒരു ഇന്ത്യന്‍ റസ്റ്ററന്റ് നല്‍കുന്ന ഈ ബിരിയാണിയുടെ പേര് റോയല്‍ ഗോള്‍ഡ് ബിരിയാണിയെന്നാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ഇതില്‍ ഭക്ഷ്യ യോഗ്യമായ സ്വര്‍ണമൊക്കെയുണ്ട്. 3 കിലോയോളം ചോറ് ഉള്‍പ്പെടുന്നതാണ് ഈ ബിരിയാണി.
14000 കിലോയാണ് ലോകത്തിലെ ഏറ്റവും വലിയ ബിരിയാണിയുടെ ഭാരം. 2008ല്‍ ന്യൂഡല്‍ഹിയിലാണ് ഈ ബിരായാണി നിര്‍മിച്ചത്. 60 പാചകക്കാര്‍ ന്യൂഡല്‍ഹിയിലെ സ്പോര്‍ട്സ് സ്റ്റേഡിയത്തിലൊരുക്കിയ വലിയ പാത്രങ്ങളിലായിരുന്നു ഇത് തയ്യാറാക്കിയത്.ബിരിയാണി തിളപ്പിച്ചത് 3 അടി പൊക്കമുള്ള ഫര്‍ണറിയിലായിരുന്നു. അഗ്‌നിരക്ഷ വസ്ത്രങ്ങള്‍ പാചകക്കാര്‍ അണിഞ്ഞിരുന്നു.പാത്രത്തിന് 16 അടി പൊക്കമുണ്ടായിരുന്നു 3000 കിലോ ബസ്മതി അരി, 1200 ലീറ്റര്‍ എണ്ണ 3650 കിലോ പച്ചക്കറികള്‍ എന്നിവ ഇതിനായി ഉപയോഗിച്ചു.6 മണിക്കൂറാണ് ഈ ഭീമന്‍ ബിരിയാണി വെക്കാനായി വേണ്ടിവന്നത്.6000 ലീറ്റര്‍ വെള്ളമാണ് വേണ്ടി വന്നത്.
ബിരിയാണി എന്ന വാക്ക് വന്നത് തന്നെ ബിരിയന്‍ എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്നാണ്.പാകം ചെയ്യുന്നതിന് മുമ്പായി വറക്കുകയെന്നാണ് ഈ വാക്കിനര്‍ഥം. എന്നാല്‍ ഷാജഹാന്‍ ചക്രവര്‍ത്തിയുടെ പത്നി മുംതാസ് മഹലാണ് ബിരിയാണി ഉണ്ടാക്കാന്‍ കാരണമായതെന്നും ഒരു കഥയുണ്ട്. എന്നാല്‍ പ്രതിഭ കരണിനെപ്പോലെയുള്ള എഴുത്തുകാര്‍ പറയുന്നത് ദക്ഷിണേന്ത്യയിലാണ് ബിരിയാണി പിറവി കൊണ്ടതെന്നാണ്.
ഇന്ത്യയില്‍ പല തരത്തിലുള്ള ബിരിയാണികളുണ്ട്. മുഗ്ളൈ ബിരിയാണി നല്ല സുഗന്ധമുള്ള ബിരിയാണിയാണ്. ഇത് കൂടാതെ പുക്കി ബിരിയാണി, അവധി ബിരിയാണി തുടങ്ങിയ ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ നിന്നുള്ള ബിരിയാണിയുമുണ്ട്. മാംസവും അരിയും പ്രത്യേകം പാകം ചെയ്ത് ചെമ്പ് പാത്രത്തില്‍ ഇടകലര്‍ത്തിയാണ് ഈ ബിരിയാണി തയ്യാറാക്കുന്നത്. ഒരുപാട് സുഗന്ധ ദ്രവ്യങ്ങളും ഉണക്കിയ പ്ലമ്മുകളും ഉപയോഗിക്കുന്ന ബോംബെ ബിരിയാണിയും പ്രശസ്തമാണ്.
ഹൈദരാബാദി ബിരിയാണിയാണ് ബിരിയാണികളിലെ രാജാവ്. അവിടുത്തെ ഭരണാധികാരിയായ നിസ ഉല്‍ മാലിക്കാണ് ഈ ബിരിയാണി തയ്യാറാക്കിയത്. ചെട്ടിനാട് ബിരിയാണി, ബെംഗളൂരു ബിരിയാണ്, തലശ്ശേരി ബിരിയാണി, ദിണ്ടിഗല്‍ ബിരിയാണി, കോഴിക്കോട് ബിരിയാണി അങ്ങനെ നീളുന്നു ബിരിയാണിയിലെ വെറൈറ്റികള്‍. പാകിസ്താനിലെ സിന്ധി ബിരിയാണി, ബംഗ്ലാദേശിലെ ധാകായ ബിരിയാണി, ശ്രീലങ്കയിലെ ലങ്കന്‍ ബിരിയാണി, ബര്‍മയിലെ ഡാന്‍പോക് ബിരിയാണി, അഫ്ഗാനിസ്ഥാനിലെ അഫ്ഗാന്‍ ബിരിയാണി,മലേഷ്യയിലെ നാസി ബിരിയാണി ഇവയെല്ലാം തന്നെ പ്രശസ്തമാണ്.