Health

കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ച; ഓരോ രക്ഷിതാവും അറിഞ്ഞിരിക്കേണ്ടവ

കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് രക്ഷിതാക്കളില്‍ മതിയായ അവബോധം ആവശ്യമാണ്, ആരോഗ്യകരമായ കുടുംബത്തിലെ ജീവിതശൈലി മറ്റ് അംഗങ്ങളെയും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് പറയാം .

ബംഗളൂരു ബെല്ലന്തൂരിലെ ക്ലൗഡ്നൈന്‍ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് നിയോനറ്റോളജിസ്റ്റും ശിശുരോഗ വിദഗ്ധയുമായ ഡോ.ലക്ഷ്മി മേനോന്‍ എച്ച്ടി ലൈഫ്സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍, കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം വളര്‍ത്തുന്നതിനു ചില പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കുകയുണ്ടായി.

  1. വ്യായാമം
  • കുട്ടികള്‍ ഓട്ടം / സൈക്ലിംഗ് / സ്‌കേറ്റിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുക്കുന്നതും അവരെ അച്ചടക്കമുള്ള കായിക പ്രവര്‍ത്തനങ്ങളില്‍ ചേര്‍ക്കുന്നതും ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

കുട്ടികള്‍ക്കും കൗമാരപ്രായക്കാര്‍ക്കും കുറഞ്ഞത് 1-2 മണിക്കൂര്‍ മെച്ചപ്പെട്ട ശാരീരിക പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്, അതില്‍ സ്‌പോര്‍ട്‌സ്/ ടെന്നീസ്, ബാഡ്മിന്റണ്‍/നീന്തല്‍ തുടങ്ങിയ ഗെയിമുകള്‍ ഉള്‍പ്പെടുത്താം .

  • സജീവമായ കുടുംബം കുട്ടികള്‍ക്ക് നല്ലൊരു മാതൃകയാണ് . മാതാപിതാക്കള്‍ വ്യായാമം ചെയ്യുന്നതും, കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും
    കുട്ടികളില്‍ അവരോടൊപ്പം പങ്കെടുക്കാനുള്ള ആഗ്രഹം ജനിപ്പിക്കുന്നു.
  • കുടുംബത്തോടൊപ്പമുള്ള ഗ്രൂപ്പ് ആക്ടിവിറ്റികള്‍ ട്രെക്കിംഗ് അല്ലെങ്കില്‍ ഹൈക്കിംഗ് അല്ലെങ്കില്‍ ഔട്ട്‌ഡോര്‍ ഗെയിമുകള്‍ പോലുള്ളവ കുട്ടികള്‍ക്ക് ഉപകാരപ്രദമാണ് .
  • വീടിനു ചുറ്റുമുള്ള ജോലികളില്‍ കുട്ടികളെ ഉള്‍പ്പെടുത്തുന്നത് അവരിലെ അലസത നീക്കുന്നു .

കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ ശീലിപ്പിക്കുക

  • കൂടുതല്‍ തവണ ഡീപ്പ് ഫ്രൈയിംഗ് ചെയ്യുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക .
  • പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് വര്‍ദ്ധിപ്പിക്കുക. എണ്ണയില്ലാത്ത പോപ്കോണ്‍, താമര വിത്ത്, ഫ്രൂട്ട് സാലഡ് അല്ലെങ്കില്‍ സൂപ്പ് എന്നിവ പോലുള്ളവ ഭക്ഷത്തില്‍ ഉള്‍പ്പെടുത്തുക.
  • ബേക്കറി ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുന്ന ഉയര്‍ന്ന കൊഴുപ്പ് കൂടിയ പഞ്ചസാര അടങ്ങിയവ കഴിക്കുന്നതിനു പകരം പഴങ്ങള്‍ മധുരത്തിനായി ഉപയോഗിക്കുക.
  • ആഴ്ചയിലൊരിക്കലോ അല്ലെങ്കില്‍ മാസത്തിലൊരിക്കലോ കുടുംബവുമൊത്ത് പുറത്ത് നിന്ന് ഭക്ഷണം കഴിക്കുക.

സ്‌ക്രീന്‍ സമയം കുറയ്ക്കാന്‍

  • സ്‌ക്രീനില്‍ നിന്ന് പുറത്തുകടക്കാന്‍ കുട്ടികളെ സഹായിക്കുന്നതിന് സംവാദങ്ങള്‍, ഔട്ട്ഡോര്‍ ഗെയിമുകള്‍, പുസ്തകങ്ങള്‍ ഇവ ശീലിപ്പിക്കുക .
  • 2 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സീറോ സ്‌ക്രീന്‍ സമയമാണ് ശുപാര്‍ശ ചെയ്യുന്നത് . 2മുതല്‍ 5 വയസ്സ് വരെയുള്ള കുട്ടികളില്‍ പ്രതിദിനം 1 മണിക്കൂറില്‍ കൂടുതല്‍ സ്‌ക്രീന്‍ സമയം ആരോഗ്യകരമല്ല . 5 മുതല്‍ 8 വര്‍ഷം വരെ ഈ കണക്ക് പ്രതിദിനം 2 മണിക്കൂറില്‍ കൂടരുത്. അവരുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഏതൊരു സ്‌ക്രീന്‍ സമയവും നിരുത്സാഹപ്പെടുത്തേണ്ടതാണ്.
  • സോഷ്യല്‍ മീഡിയയുടെ ഉപയോഗം 13 വയസ്സിനു ശേഷവും സജീവമായ ഇടപെടല്‍ 16 മുതല്‍ 18 വയസ്സു വരെയുമാണ് അഭികാമ്യം .