മോഷണത്തിനിടെ ആളുകള്‍ ഓടിച്ചപ്പോള്‍ കള്ളന്മാരില്‍ ഒരാള്‍ സമ്മര്‍ദ്ദം താങ്ങാനാകാതെ ബോധം കെട്ടുവീണു. പശ്ചിമ ബംഗാളിലെ ഹൂഗ്ലിയില്‍ നടന്ന സംഭവത്തില്‍. ഒരു ക്ഷേത്രത്തില്‍ നിന്ന് പാത്രങ്ങളും സ്റ്റൗവും ഗ്യാസ് സിലിണ്ടറും മോഷ്ടിച്ച രണ്ട് കള്ളന്മാരില്‍ ഒരാളാണ് ആളു കൂടിയപ്പോള്‍ ബോധരഹിതനായി വീണത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.
ഹൂഗ്ലി ജില്ലയിലെ ചുചൂര പ്രദേശത്തുള്ള ക്ഷേത്രത്തില്‍ മോഷണം നടത്തിയപ്പോഴാണ് ഇത് നാട്ടുകാര്‍ അറിഞ്ഞതും കള്ളന്മാര്‍ ഇറങ്ങിയോടിയത്. നാട്ടുകാര്‍ പിന്തുടരുന്നതിനിടയില്‍ ഒരു കള്ളന്‍ അബോധാവസ്ഥയില്‍ നിലത്ത് വീഴുകയായിരുന്നു. ഇയാള്‍ വിറയ്ക്കുന്നത് കണ്ട് അമ്പരന്ന നാട്ടുകാര്‍ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ അവര്‍ സ്ഥലത്തെത്തി ബോധരഹിതനായ മോഷ്ടാവിനെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ചികില്‍സയ്ക്കുശേഷം മോഷ്ടാവ് ബോധം വീണ്ടെടുത്തപ്പോള്‍ പിടികൂടുകയും ചെയ്തു. ഡിസ്ചാര്‍ജ് ചെയ്തശേഷം കള്ളനെ നേരെ കൊണ്ടുപോയി ജയിലില്‍ അടയ്ക്കുകയായിരുന്നു. ഇയാള്‍ യഥാര്‍ത്ഥത്തില്‍ അപസ്മാര രോഗിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു വലിയ ജനക്കൂട്ടം പിന്തുടരുമ്പോള്‍ പരിഭ്രാന്തനായി അപസ്മാരത്തില്‍ പെടുകയായിരുന്നു.
മോഷ്ടാക്കള്‍ മയക്കുമരുന്നിന് അടിമകളാണെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. രണ്ട് പ്രതികളും നോര്‍ത്ത് 24 പര്‍ഗാനാസിലെ നൈഹാട്ടി നിവാസികളാണ്. ചുചൂരയിലെ വീടുകളിലും ക്ഷേത്രങ്ങളിലും മോഷണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ ഹൂഗ്ലിയിലെത്തിയത്. എന്നാല്‍, ക്ഷേത്രത്തില്‍ നിന്ന് മോഷണം നടത്തിയ ശേഷം കൈയോടെ പിടികൂടുകയായിരുന്നു. രണ്ടാമത്തെ പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു.
