കുട്ടികള്‍ക്ക് ആഹാരം നല്‍കുമ്പോള്‍ വളരെയധികം ശ്രദ്ധ വേണം. ചെറിയ കുട്ടികള്‍ക്ക് കൊടുക്കുന്ന ഭക്ഷണത്തില്‍ പ്രത്യേകിച്ചും. ആറ് മാസം വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രമാണ് നല്‍കുന്നത്. കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യം മുലപ്പാല്‍ തന്നെയാണ്. ആറ് മാസം കഴിയുമ്പോള്‍ അവര്‍ക്ക് പതുക്കെ മറ്റ് ഭക്ഷണങ്ങളും നല്‍കാം. ആദ്യ ഘട്ടത്തില്‍ കുറുക്കുകളാണ് കുഞ്ഞിന് നല്‍കേണ്ടത്. ആറാം മാസം കുറുക്കില്‍ ആരംഭിച്ച് പതുക്കെ പതുക്കെ ചോറും മറ്റ് ഭക്ഷണങ്ങളും അവരെ ശീലിപ്പിക്കാം. പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണങ്ങള്‍ വേണം കുട്ടികള്‍ കൊടുക്കേണ്ടത്….
* കുറുക്കുകള്‍ നല്‍കാം – ആറ് മാസം കഴിഞ്ഞ കുട്ടികള്‍ക്ക് വ്യത്യസ്തമായ കുറുക്കുകള്‍ നല്‍കാവുന്നതാണ്. റാഗി, നുറുക്ക് ഗോതമ്പ്, ഏത്തകായ, കണ്ണന്‍കായ എന്നിവയാണ് ഇതില്‍ പ്രധാനമായിട്ടുള്ളത്. ഇവയെല്ലാം വീട്ടില്‍ തന്നെ ഉണക്കി പൊടിച്ച് എടുക്കാന്‍ സാധിക്കുകയാണെങ്കില്‍ അതാണ് കൂടുതല്‍ ഉത്തമം. ജോലി തിരക്കുള്ള അമ്മമാര്‍ക്ക് ഇത് പൊടിച്ചത് നേരിട്ട് ഉപയോഗിക്കാവുന്നതാണ്. വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷം അരച്ച് എടുക്കുകയോ അല്ലെങ്കില്‍ ഉണക്കി പൊടിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയോ ചെയ്യാം. ആവശ്യ അനുസരണം ഇത് ഉപയോഗിച്ചാല്‍ മതിയാകും. ആവശ്യത്തിന് പൊടിയും വെള്ളവും ചേര്‍ത്ത് കുറുക്കി എടുക്കുക. മധുരത്തിനായി പഞ്ചസാര ഉപയോഗിക്കരുത് പകരം പനംകല്‍കണ്ടം അല്ലെങ്കില്‍ കരിപ്പെട്ടി ചേര്‍ക്കാവുന്നതാണ്.
* ആറ് മാസം കഴിഞ്ഞാല്‍ – ആറ് മാസത്തിന് ശേഷം കുട്ടികള്‍ക്ക് ചോറ് നല്‍കി ശീലിപ്പിക്കാവുന്നതാണ്. ചോറ് നന്നായി വേവിച്ച് ഉടച്ച് നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ചോറിനൊപ്പം കുട്ടികള്‍ക്ക് പച്ചക്കറികളും വേവിച്ച് ചേര്‍ത്ത് നല്‍കാവുന്നതാണ്. കാരറ്റ്, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ്, മത്തങ്ങ എന്നിവയെല്ലാം വേവിച്ച് നല്‍കാം. ചോറില്‍ അല്‍പ്പം നെയ്യ് ചേര്‍ക്കുന്നത് കൂടുതല്‍ ഗുണം നല്‍കും. മാത്രമല്ല പരിപ്പ്, കടല, പയര്‍ എന്നിവയും വേവിച്ച് നല്‍കാവുന്നതാണ്. ഓരോ ദിവസവും ഓരോ വിഭവങ്ങള്‍ നല്‍കുന്നത് അവര്‍ക്ക് ഭക്ഷണത്തോടുള്ള ഇഷ്ടം കൂട്ടാന്‍ ഏറെ സഹായിക്കും.
* ഏഴ് മുതല്‍ എട്ട് മാസം – ഏഴ് മുതല്‍ എട്ട് മാസമായ കുഞ്ഞുങ്ങള്‍ക്ക് പഴം, ആപ്പിള്‍, ഏത്തപ്പഴം എന്നിവ നല്‍കാം. ഏത്തപ്പഴം പുഴുങ്ങി ഉടച്ച് നല്‍കാവുന്നതാണ്. അതുപോലെ ആപ്പിള്‍ ആവി കേറ്റി നല്‍കുന്നതും ഏറെ നല്ലതാണ്. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്ക് ചെറിയ അളവില്‍ മസാലയും എരിവും ശീലിപ്പിക്കാവുന്നതാണ്.
* ഒന്‍പതാം മാസം – ഇനി കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ ഒരു പ്രധാന പ്രോട്ടീന്‍ കൂടെ ഉള്‍പ്പെടുത്താവുന്നതാണ്. ഒന്‍പത് മാസമായ കുഞ്ഞിന് മുട്ട നല്‍കി ശീലിപ്പിക്കാവുന്നതാണ്. കുഞ്ഞുങ്ങള്‍ക്ക് മുട്ട നല്‍കുമ്പോള്‍ ആദ്യം മഞ്ഞ മാത്രം നല്‍കാന്‍ ശ്രദ്ധിക്കുക. അത് കഴിച്ച് അവരുടെ വയറിന് പ്രശ്‌നമൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തണം. അതിന് ശേഷം വെള്ള നല്‍കാവുന്നതാണ്. കോഴി, താറാവ്, കാട എന്നിവയുടെ മുട്ട നല്‍കാവുന്നതാണ്.
* പത്ത് മുതല്‍ പന്ത്രണ്ട് മാസം – മാംസാഹരങ്ങള്‍ കഴിക്കുന്നവരാണെങ്കില്‍ കുഞ്ഞുങ്ങളെയും അത് ശീലിപ്പിക്കേണ്ട സമയമാണിത്. പത്ത് മുതല്‍ പന്ത്രണ്ട് മാസം വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഇറച്ചിയും മീനുമൊക്കെ നല്‍കി ശീലിക്കാവുന്നതാണ്. കുട്ടികളുടെ ദഹനത്തിന് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഇത് ശീലമാക്കാന്‍ പാടുള്ളൂ. കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണങ്ങള്‍ വീട്ടില്‍ തന്നെ തയാറാക്കുന്നതാണ് എപ്പോഴും നല്ലത്.