Movie News

മഹാരാജയില്‍ അഭിനയിക്കേണ്ടിയിരുന്നത് വിജയ് ആന്റണി ; നിര്‍മ്മാതാക്കളുടെ താല്‍പ്പര്യം വിജയ് സേതുപതിയില്‍

അടുത്ത കാലത്ത് റിലീസ് ചെയ്ത മഹാരാജയുടെ കളക്ഷന്‍ റെക്കോഡ് മാത്രം നോക്കിയാല്‍ മതി സിനിമയ്ക്ക് പ്രേക്ഷകര്‍ നല്‍കുന്ന പ്രതികരണം. വെറും ആറു ദിവസങ്ങള്‍ കൊണ്ട് വിജയ് സേതുപതി നായകനായ സിനിമ വാരിയത് 40 കോടി രൂപയാണ്. പ്രേക്ഷകശ്രദ്ധയ്‌ക്കൊപ്പം നിരൂപക പ്രശംസയും സിനിമ നേടിക്കൊണ്ടിരിക്കുകയാണ്. അതേസമയം വിജയ് സേതുപതിയുടെ അമ്പതാം സിനിമ കരിയര്‍ ബ്രേക്കായി തുടരുമ്പോള്‍ സിനിമ ശരിക്കും നേട്ടമാകേണ്ടത് നടന്‍ വിജയ് ആന്റണിക്കാണെന്നാണ് ഏറ്റവും പുതിയ വിവരം.

ഈ വര്‍ഷത്തെ ബ്‌ളോക്ക് ബസ്റ്ററില്‍ ഒന്നായി മാറിയേക്കാവുന്ന സിനിമ ആദ്യമായി സംവിധായകന്‍ നിതിലന്‍ സ്വാമിനാഥന്‍ സംസാരിച്ചത് വിജയ് ആന്റണിയോടായിരുന്നു. കഥ ഇഷ്ടപ്പെട്ട വിജയ് ആന്റണി അഭിനയിക്കാന്‍ സമ്മതം മൂളുകയും കരാര്‍ അടിയന്തിരമായി ഒപ്പിടുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തതാണ്. അതേസമയം നേരത്തേ പാഷന്‍ സ്റ്റുഡിയോയുമായി ഒരു സിനിമയ്ക്ക് കരാര്‍ ഒപ്പിട്ടിരുന്നതിനാല്‍ കഥ അവരോട് പറയുകയും അവര്‍ സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടും അഭിപ്രായങ്ങളും പങ്കുവെയ്ക്കുകയും ചെയ്തു.

നിര്‍മ്മാതാക്കള്‍ ഇതിനൊപ്പം സിനിമയില്‍ വിജയ് സേതുപതിയെ നായകനാക്കാനായിരുന്നു താല്‍പ്പര്യപ്പെട്ടതും. സിനിമയിലെ മഹാരാജയുടെ വേഷത്തില്‍ തങ്ങള്‍ വിജയ് സേതുപതിയെയാണ് പിന്തുണയ്ക്കുന്നതെന്നും പറഞ്ഞതോടെ വിജയ് ആന്റണിയുമായി മറ്റൊരു സിനിമ ചെയ്യാന്‍ ധനജ്ഞയന്‍ തീരുമാനിക്കുകയായിരുന്നു. വിജയ് സേതുപതിയുടെ അമ്പതാം സിനിമയായി വന്ന ചിത്രം താരത്തിന്റെ കരിയറിലെ മറ്റൊരു ബ്‌ളോക്ക്ബസ്റ്ററായി മാറുകയാണ്. കുറേ കാലത്തെ വില്ലന്‍ വേഷങ്ങള്‍ക്ക് ശേഷമാണ് താരം നായകനായി വരുന്നതും.