അലഞ്ഞുതിരിഞ്ഞ നടക്കുന്ന തെരുവുനായ്ക്കളുടെ കടിയേറ്റ് പേ വിഷബാധമൂലം അടുത്ത കാലത്താണ് രണ്ടു കുട്ടികള്‍ മരിച്ചത്. പേ വിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് എടുത്തിട്ടും ആ കുരുന്നുകളുടെ ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ വാക്സിന്‍ എടുക്കുന്നതുമൂലം അനേകം മരണങ്ങള്‍ ഒഴിവാക്കാനായിട്ടുണ്ട്.
കാലങ്ങളായി പേവിഷ ബാധ ഭൂമിയിലുണ്ടായിരുന്നു. 2000 ബിസി കാലഘട്ടത്തില്‍ മെസപ്പട്ടേമിയന്‍ ചരിത്രരേഖകളില്‍ പോലും ഇതിനെ പറ്റി പരാമര്‍ശമുണ്ട്. അക്കാലത്ത് വാക്‌സിനൊന്നും ഇല്ലെന്ന് ഓര്‍ക്കണം .പേപ്പട്ടിയുടെ കടിയേറ്റാല്‍ മരണത്തിന് കീഴടങ്ങുകയേ മാര്‍ഗമുള്ളൂ. പഴമക്കാര്‍ പല ഒറ്റമൂലികളും ഇതിനെതിരെ ചെയ്തിരുന്നു. ഇതില്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത് മാഡ് സ്റ്റോണ്‍ എന്ന കല്ലുകളാണ്. യു എസിലെ ചില ഗ്രാമപ്രദേശങ്ങളിലാണ് ഈ രീതി ഉണ്ടായിരുന്നത്.
ഈ കല്ലുകള്‍ മാനുകളുടെ ഉദരത്തിൽ നിന്നും ലഭിക്കുന്ന കല്ലുകള്‍ പോലുള്ള വസ്തുക്കളായിരുന്നു. പുള്ളിമാനുകളില്‍ നിന്നും ലഭിക്കുന്ന മാഡ് സ്റ്റോണുകള്‍ക്ക് ആവശ്യക്കാരും ഏറെയായിരുന്നു. കടിയേറ്റ ഭാഗത്ത് ഈ കല്ലുകള്‍വച്ചുരച്ചിട്ട് പാലില്‍ മുക്കും. പാലിന്റെ നിറം പച്ചപ്പുള്ള മഞ്ഞ നിറമായി മാറിയാല്‍ പേ ബാധ മാറിയതായി ഒറ്റമൂലി ചികിത്സകര്‍ വിധിച്ചു.
വലിയ വിലയുള്ള വസ്തുവായിരുന്നു മാഡ് സ്റ്റോണ്‍. ചില കുടുംബങ്ങള്‍ ഇത് തലമുറകളായി കൈമാറിവന്നിരുന്നു. ഈ കല്ലില്‍ യു എസ് പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കന് പോലും വിശ്വാസമുണ്ടായിരുന്നു. പ്രാചീന റോമില്‍ പേവിഷബാധയെ ചെറുക്കാനായി മറ്റു ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നു. കടിച്ച നായയുടെ കരള്‍ കഴിക്കുക, നായപല്ലില്‍ നിന്നുണ്ടാക്കിയ ലോക്കറ്റ് ധരിക്കുക എന്നിവയായിരുന്നു അവ.
എന്നാല്‍ ഈ മാര്‍ഗങ്ങളൊന്നും ഫലപ്രദമല്ലായിരുന്നു.1885ലാണ് വിഖ്യാത ശാസ്ത്രജ്ഞന്‍ ലൂയി പാസ്ചര്‍ ആന്റി റേബീസ് വാക്‌സീന്‍ കണ്ടെത്തിയത്. ഇതോടെ മനുഷ്യസമൂഹങ്ങളെ പലകാലങ്ങളായി പ്രതിസന്ധിയിലാക്കിക്കൊണ്ടിരുന്ന പേവിഷബാധ എന്ന വലിയ പ്രശ്‌നത്തിനു പരിഹാരമായി.