തീയില്‍ നേരിട്ട് മാംസം പാകം ചെയ്യുന്ന രീതി നാഗരികതയുടെ ആരംഭം മുതലുള്ളതാണെങ്കിലും, നാം ഇന്ന് കാണുന്ന ആധുനിക ബാര്‍ബിക്യൂ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത കാലങ്ങളില്‍ വ്യത്യസ്ത ശൈലികളിലും ഉണ്ടായതാണ്.
ഉദാഹരണത്തിന്, ഗോഗി-ഗുയി എന്നറിയപ്പെടുന്ന കൊറിയന്‍ ബാര്‍ബിക്യൂ , അതില്‍ മാംസത്തിന്റെ നേര്‍ത്ത സ്ട്രിപ്പുകള്‍ തീജ്വാലകളില്‍ ചുട്ടെടുക്കുന്നു,ഏകദേശം 2,000 വര്‍ഷം പഴക്കമുള്ളതാണ് ഈ പാചകരീതി. അതേസമയം ‘ഗ്രില്‍ ചെയ്ത മാംസം’ എന്നര്‍ത്ഥം വരുന്ന ചുരാസ്‌കോ 17-ാം നൂറ്റാണ്ടില്‍ ബ്രസീലില്‍നിന്നാണ് ഉണ്ടായത്.
ഭക്ഷ്യ ചരിത്രകാരന്മാര്‍ പറയുന്നതനുസരിച്ച്, കൊറിയയിലെ ജാപ്പനീസ് കൊളോണിയല്‍ കാലഘട്ടത്തില്‍ (1910-1945), കൊറിയന്‍ കുടിയേറ്റക്കാരാണ് ബാര്‍ബിക്യൂ പാചകരീതി ജപ്പാനില്‍ അവതരിപ്പിച്ചത്. ഇത് 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ‘ഗ്രില്‍ ചെയ്ത മാംസം’ എന്നര്‍ഥമുള്ള യാക്കിനികുവിന്റെ ആവിര്‍ഭാവത്തിലേക്ക് നയിച്ചു.
അര്‍ജന്റീനയിലെ പമ്പാസ് മേഖലയിലെ കൗബോയ്മാരായ ഗൗച്ചോസിലാണ് അസഡോ എന്ന ബാര്‍ബിക്യൂവിന്റെ ഉത്ഭവം . പതിനെട്ടാം നൂറ്റാണ്ടില്‍, കന്നുകാലികളെ മേയ്ക്കുന്നവര്‍ തുറന്ന തീയില്‍ മാംസം ഗ്രില്‍ ചെയ്യുന്നതിനുള്ള ഒരു പ്രത്യേക രീതി ആവിഷ്‌കരിച്ചു, ഇതാണ് ഏറെ രുചികരമായ ഇന്നത്തെ അസഡോ.
ദക്ഷിണാഫ്രിക്കയില്‍, ബ്രെയ്വ്ലീസ് എന്ന ഡച്ച് പദത്തിന്റെ അര്‍ത്ഥം ‘ഗ്രില്‍ ചെയ്ത മാംസം’ എന്നുതന്നെയാണ്, ആയിരക്കണക്കിന് വര്‍ഷങ്ങളായി തുറന്ന തീയില്‍ മാംസം ഗ്രില്‍ ചെയ്യുന്ന ഖോയ്‌ഖോയ്, സാന്‍ കമ്മ്യൂണിറ്റികള്‍ പോലുള്ള തദ്ദേശീയ ഗ്രൂപ്പുകളുടെ പാചകരീതിയിലാണ് അതിന്റെ ഉത്ഭവം.
പതിനേഴാം നൂറ്റാണ്ടില്‍, ഡച്ച് കുടിയേറ്റക്കാര്‍ ഖോയിസാന്‍ ജനതയുടെ ഗ്രില്ലിംഗ് സമ്പ്രദായം നേരിട്ട് കാണുകയുണ്ടായി. ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അവരുടെ സ്വന്തം പാചക രീതികളില്‍ ചിലതുകൂടി സംയോജിപ്പിച്ച് ഒടുവില്‍ ബ്രായ് എന്ന ബാര്‍ബിക്യൂ സൃഷ്ടിച്ചു.
അമേരിക്കന്‍ ശൈലിയിലുള്ള ബാര്‍ബിക്യൂവിന്റെ ഉത്ഭവം വടക്കേ അമേരിക്കയില്‍ നിന്നുള്ള തദ്ദേശീയ ജനങ്ങളില്‍ നിന്നാണ്. അമേരിക്കയുടെ തെക്കന്‍ പ്രദേശത്തെ അടിമകളാക്കിയ ആഫ്രിക്കക്കാര്‍ ഈ ഓപ്പണ്‍ ഫയര്‍ ടെക്‌നിക്കുകള്‍ സ്വീകരിച്ചതായി പറയപ്പെടുന്നു.
കരീബിയനിലെ ടൈനോ ഇന്ത്യക്കാരുടെ ബാര്‍ബിക്യൂ പാചകരീതി കരീബിയനില്‍ നിന്ന് അമേരിക്കയിലേക്ക്‌കൊണ്ടുവന്നതായി വിശ്വസിക്കപ്പെടുന്നു. ഇത് നമുക്ക് അറിയാവുന്ന അമേരിക്കന്‍ ശൈലിയിലുള്ള ബാര്‍ബിക്യൂവിന്റെ മുന്നോടിയാണ്.
ടെക്‌സസ് മാസികയുടെ സെപ്തംബര്‍ ലക്കത്തില്‍, ഫ്രം ബാര്‍ബിക്യൂ ടു ബാര്‍ബിക്യൂ: ദി അണ്‍ടോള്‍ഡ് ഹിസ്റ്ററി ഓഫ് ആന്‍ അമേരിക്കന്‍ ട്രഡീഷന്റെ (From Barbycu to Barbecue: The Untold History of an American Tradition) രചയിതാവ് ജോസഫ് ആര്‍ ഹെയ്ന്‍സ് എഴുതി: ”അടിമകളാക്കിയ ആഫ്രിക്കക്കാരെ 1619-ല്‍ പശ്ചിമാഫ്രിക്കയില്‍ നിന്ന് വിര്‍ജീനിയയിലേക്ക് കൊണ്ടുവന്നതിന് ശേഷമാണ് [ബാര്‍ബിക്യൂ] ജനിച്ചത്. ഒടുവില്‍, ആഫ്രിക്കന്‍ വംശജരായ അടിമകളായ ആളുകളും യൂറോപ്യന്‍ വംശജരും മറ്റ് അമേരിക്കന്‍ ഇന്ത്യന്‍ വംശജരും അവരുടെ പാചക പാരമ്പര്യങ്ങള്‍ സംയോജിപ്പിച്ച് ഇന്ന് തെക്കന്‍ ബാര്‍ബിക്യൂ എന്ന് വിളിക്കുന്നത് സൃഷ്ടിച്ചു.
