Oddly News

അഴുകിയ ജഡത്തിന്റെ ഗന്ധം; പുറത്തേക്ക് വരുന്ന ചുവന്ന നീണ്ട വിരലുകള്‍, മുന്നറിയിപ്പുമായി യു കെ ഭരണകൂടം

മണ്ണിനടിയില്‍ നിന്നും എത്തിപ്പിടിക്കാനെന്ന മട്ടില്‍ പുറത്തേക്കു വരുന്ന ചുവന്ന നീണ്ട വിരലുകള്‍. അതിന്റെ ഒപ്പം അഴുകിയ ജഡത്തിന്റെ തളംകെട്ടി നില്‍ക്കുന്ന ദുര്‍ഗന്ധവും. നല്ല മനക്കട്ടി ഇല്ലാത്തവരാണെങ്കിൽ ഈയൊരൊറ്റ കാഴ്ചയിൽ ബോധംകെടുമെന്ന് ഉറപ്പാണ്. ഇപ്പോള്‍ ഈ അപൂര്‍വ്വ കാഴ്ചയെ പറ്റി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് യു കെ ഭരണകൂടം.

പ്രേത സിനിമകളെ അനുസ്മരിപ്പിക്കുന്ന ഈ കാഴ്ച്ച ഒരുക്കുന്നത് കൂണ്‍വര്‍ഗത്തല്‍ പെട്ട ഒരു ഇനമാണ്. വിചിത്ര രൂപത്തിലുള്ള വിരലുകളുടെ ആകൃതിയായതിനാല്‍ തന്നെ ഡെവിള്‍സ് ഫിംഗേഴ്സ് അഥവാ ചെകുത്താന്റെ വിരലുകള്‍ എന്നാണ് ഇവയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ഇവയുടെ ശാസ്ത്രീയ നാമമാകട്ടെ ക്ലാത്റസ് ആര്‍ച്ചറി എന്നാണ്. കുറച്ച് ദിവസങ്ങള്‍ മുന്‍പാണ് ഈ കൂണ്‍ വര്‍ഗത്തെ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജൂലിയ റോസര്‍ എന്ന 67 കാരിയാണ് ചെകുത്താന്റെ വിരലുകള്‍ കണ്ടത്. സമൂഹ മാധ്യമങ്ങളിലൂടെ ഈ ചിത്രം ശ്രദ്ധനേടുകയാണിപ്പോള്‍.

പൊതുവേ ഒകടോബര്‍ അവസാനത്തോടെയാണ് ഇവ പൊട്ടുമുളയ്ക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം സെപ്റ്റംബറില്‍ തന്നെ മണ്ണില്‍ കൂടുതല്‍ ഈര്‍പ്പം നിറഞ്ഞുനില്‍ക്കുന്നത് കൊണ്ടാകാം അവ നേരത്തെ മുളച്ചത് എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ന്യൂസിലന്‍ഡിലും ഓസ്ട്രേലിയയുമാണ് ഈ കൂണുകളുടെ ജന്മദേശം. ഒന്നാം ലോക മഹായുദ്ധകാലത്താണ് ഇത് ഫ്രാന്‍സില്‍ എത്തിപ്പെട്ടത്. മണ്ണിന് പുറത്തേക്ക് കാണപ്പെടുന്ന കൂണിന്റെ പ്രധാന ഭാഗം ചുവന്ന നിറത്തില്‍ നീണ്ട് വളഞ്ഞിരിക്കുന്നവയാണ്.

വിരലുകള്‍ക്ക് പുറമേ നീരാളികളുടെ കൈകളോടും ഇത് ഉപമിക്കപ്പെടുന്നുണ്ട്. ഒക്ടോപ്പസ് സ്റ്റിങ്ക്ഹോണ്‍, ഒക്ടോപസ് ഫംഗസ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.നേര്‍ത്ത ആകൃതിയില്‍ ജലാറ്റിന്‍ പോലെ തോന്നിപ്പിക്കുന്ന ഒരു മുട്ടയില്‍ നിന്നുമാണ് ഇത് മുളച്ച് പുറത്തേക്ക് വരുന്നത്. തണ്ട് ഭാഗത്ത് 5 സെന്റിമീറ്റര്‍ വരെ ഉയരം ഉണ്ടാകും. ചുരുങ്ങിയത് 4 വിരലുകള്‍ വരെ ഇവയ്ക്കുണ്ടാകും. മരങ്ങള്‍ നിറഞ്ഞ മേഖലകളില്‍ കൊഴിഞ്ഞു കിടക്കുന്ന ഇലകള്‍ക്കടിയില്‍ നിന്നുമാണ് ഇവ മുളച്ചു പൊങ്ങി വരുന്നത്.

കൂണുകളില്‍ ദുര്‍ഗന്ധം വരുന്നത് പരാഗണം നടക്കാനാണെന്നും കരുതപ്പെടുന്നു. ഗന്ധം ഇവയിലേക്ക് പ്രാണികളെ ആകര്‍ഷിക്കുന്നു. ഇവ വഴി ബീജങ്ങൾ പരക്കുകയും ചെയ്യും.