Celebrity

വിടാതെ പിന്‍തുടര്‍ന്ന് പാപ്പരാസികള്‍ ; ഇത് എന്റെ സ്വകാര്യ ഇടമാണ്, നിയന്ത്രണം വിട്ട് ആലിയ

ബോളിവുഡിലെ പല താരങ്ങളേയും പാപ്പരാസികള്‍ വിടാതെ പിന്‍തുടരാറുണ്ട്. പല താരങ്ങളും ഇത്തരം പെരുമാറ്റത്തില്‍ എതിര്‍പ്പ് പ്രകടിപ്പിയ്ക്കാറുണ്ട്. പാപ്പരാസികളോടുള്ള സൗഹൃദപരമായ പെരുമാറ്റത്തിന് പേരുകേട്ട ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. എന്നാല്‍ ആലിയയുടേയും നിയന്ത്രണം വിട്ട് പോകുന്ന തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഒരു കൂട്ടം ഫോട്ടോഗ്രാഫര്‍മാര്‍ ഒരു കെട്ടിടത്തിന്റെ എലിവേറ്ററിലേക്ക് ആലിയയെ പിന്തുടര്‍ന്നതോടെ താരം ദേഷ്യത്തോടെ പ്രതികരിയ്ക്കുകയായിരുന്നു. വീഡിയോയില്‍, ആലിയ ഒരു കെട്ടിടത്തിലേക്ക് അതിവേഗം നടക്കുകയാണ്. ഫോട്ടോകള്‍ക്ക് പോസ് ചെയ്യാതെയാണ് താരം നടന്നു പോകുന്നത്. ഈ സമയം ഫോട്ടോഗ്രാഫര്‍മാര്‍ താരത്തെ പിന്തുടരുന്നു. ചിത്രങ്ങള്‍ക്ക് പോസ് ചെയ്യാനും താരത്തോട് അവര്‍ പറയുന്നുണ്ട്. ആലിയയുടെ സ്വകാര്യതയെ മാനിക്കണമെന്ന് അവളുടെ ടീമിന്റെ വിനീതമായ അഭ്യര്‍ത്ഥന ഉണ്ടായിരുന്നിട്ടും, ഫോട്ടോഗ്രാഫര്‍മാര്‍ കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു.

ഇതോടെയാണ് താരം നിയന്ത്രണം വിട്ട് പെരുമാറിയത്. പ്രകോപിതയായ ആലിയ അവളുടെ സ്വകാര്യതയിലേക്ക് കടന്നതിന് പാപ്പരാസികളെ ശകാരിക്കുകയായിരുന്നു. ”നിങ്ങള്‍ ഇവിടെ എന്താണ് ചെയ്യുന്നത്? ഇത് എന്റെ സ്വകാര്യ ഇടമാണ് ” – എന്നാണ് ആലിയ ദേഷ്യത്തോടെ പറഞ്ഞത്.