Lifestyle

ലോകത്തിലെ ഏറ്റവും വിലയേറിയ വാച്ച് ; വില 466 കോടി രൂപ

സമയം അറിയാന്‍ ഇന്ന് നിരവധി മാര്‍ഗങ്ങളുണ്ട്. എങ്കിലും മിക്കവര്‍ക്കും സൗകര്യപ്രദമായുള്ളത് വാച്ച് തന്നെയാണ്. ഒരു കാലത്ത് സമയം നോക്കാനായി മാത്രമാണ് വാച്ച് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് അത് ഒരു സ്റ്റൈല്‍ മെറ്റീരിയല്‍ കൂടിയായി മാറിയിരിയ്ക്കുകയാണ്. ഫാഷന്റെ ഒരു പര്യായം കൂടി തന്നെയാണ് വാച്ചുകളും. വില കൂടിയയും വ്യത്യസ്ത തരത്തില്‍ നിര്‍മ്മിച്ചതുമായ വാച്ചുകള്‍ വിപണിയില്‍ ഇന്ന് ലഭ്യമാണ്.

ലോകത്തിലെ ഏറ്റവും വിലയേറിയ വാച്ചിനെ കുറിച്ചാണ് ഇനി പറയുന്നത്. 55 മില്യണ്‍ ഡോളര്‍ (ഏകദേശം 466 കോടി രൂപ) വിലമതിക്കുന്ന ഇത് ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ചെലവേറിയ വാച്ചാണ്. ഒരു മാസ്റ്റര്‍പീസ് ആണ് ഗ്രാഫ് ഡയമണ്ട്സ് ഹാലൂസിനേഷന്‍ വാച്ച് എന്ന് തന്നെ പറയാം. പ്രശസ്തമായ ഗ്രാഫ് ഡയമണ്ട്സ് തങ്ങളുടെ സ്ഥാപകനും ചെയര്‍മാനുമായ ലോറന്‍സ് ഗ്രാഫിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഹാലുസിനേഷന്‍ വാച്ച്, 2014-ല്‍ ബേസല്‍വേള്‍ഡിലാണ് ലോഞ്ച് ചെയ്തത്. ലോകത്തിലെ ഏറ്റവും അപൂര്‍വവും അതിമനോഹരവുമായ വജ്രങ്ങളാണ് ഈ വാച്ചില്‍ പതിപ്പിച്ചിരിയ്ക്കുന്നത്. പിങ്ക്, നീല, പച്ച, ഓറഞ്ച്, മഞ്ഞ എന്നിങ്ങനെയുള്ള നിറങ്ങളിലാണ് ഈ വജ്രങ്ങള്‍ വരുന്നത്.

മിക്ക ഡയമണ്ട് വാച്ചുകളിലും കാണുന്ന സ്റ്റാന്‍ഡേര്‍ഡ് റൗണ്ട് അല്ലെങ്കില്‍ ബാഗെറ്റ് കട്ടുകളില്‍ നിന്ന് മാറിയാണ് ഈ വാച്ച് നിര്‍മ്മിച്ചിരിയ്ക്കുന്നത്. സാമനതകളില്ലാത്ത രൂപകല്‍പ്പന തന്നെയാണ് ഈ വാച്ചിന് ഇത്രയും വ്യത്യസ്തമാക്കുന്നതും ഇതിന്റെ മൂല്യം കൂട്ടുന്നതും.