Health

നാവിന്റെ ചിത്രം നോക്കി രോഗം നിര്‍ണയിക്കാം; എ ഐ മോഡല്‍ തയ്യാര്‍

നാവിന്റെ ചിത്രം മാത്രം വിശകലനം ചെയ്ത് രോഗം നിര്‍ണയിക്കാന്‍ സാധിക്കുന്ന എഐ മോഡലുകളുമായി ഗവേഷകര്‍. ഇറാഖിലേയും ഓസ്ട്രേലിയേയും ഗവേഷകര്‍ ചേര്‍ന്നാണ് പുതിയ മോഡല്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. പരീക്ഷണങ്ങളില്‍ 98% കൃത്യതയാണ് ഇവയ്ക്കെന്നാണ് ഗവേഷകര്‍ പറയുന്നത്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നാവ് പരിശോധിച്ച് രോഗം കണ്ടെത്തുന്ന രീതിയുണ്ട്. രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്ര രീതിയാണിത്. ഈ പരമ്പരാഗത രീതിയെ ആധുനിക സാങ്കേതിക വിദ്യയുമായി സംയോജിപ്പിച്ചാണ് എഐ രോഗനിര്‍ണയം നടത്തുക.

നാവിന്റെ നിറവും രൂപസവിശേഷതയും പരിശോധിച്ചാണ് ഡോക്ടര്‍മാര്‍ രോഗനിര്‍ണയം നടത്തിയിരുന്നത്. സാധാരണയായി പ്രമേഹ രോഗികളുടെ നാവിന് മഞ്ഞനിറവും കാന്‍സര്‍ ബാധിതരായവരുടെ നാവിന് പര്‍പ്പിള്‍ നിറവുമായിരിക്കും. സ്ട്രോക്ക് ബാധിച്ചവര്‍ക്കാവട്ടെ ചുവപ്പ് നിറവും ആണ് കണ്ടുവരുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രഫ അല്‍ നാജി പറയുന്നു. വെള്ള നിറത്തിലുള്ള നാവ് അനീമയുടെയും കടുത്ത ചുവപ്പ് നിറം അല്ലെങ്കില്‍ വയലറ്റ് നിറത്തിലുള്ളത് ദഹനവ്യവസ്ഥ സംബന്ധിക്കുന്ന തകരാറുകളെയും സൂചിപ്പിക്കുന്നു.

5,260 നാവുകളുടെ വിവര ചിത്രങ്ങളടങ്ങിയ ഡാറ്റാകള്‍ ഉപയോഗിച്ചാണ് എഐ മോഡല്‍ തയ്യാറാക്കിയിട്ടുള്ളത്. കൃത്യത പരിശോധിക്കുന്നതില്‍ 60 രോഗികളുടെ നാവിന്റെ ചിത്രം ഉപയോഗിച്ചുള്ള പരിശോധനകള്‍ വിജയകരമായി രോഗാവസ്ഥ തിരച്ചറിയാന്‍ സാധിച്ചുവെന്നാണ് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നത്. നിലവില്‍ ഈ സങ്കേതികവിദ്യയ്ക്ക് മുന്നില്‍ രോഗിയുടെ സ്വകാര്യത, കാമറയുടെ കൃത്യത തുടങ്ങി നിരവധി വെല്ലുവിളികളുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ടെക്‌നോളജീസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.