Fitness

‘ഡയറ്റിങ് അവസാനിപ്പിക്കാം, ശരീരത്തിന് ആവശ്യം, പരിപാലനം’- ശില്‍പ്പ ഷെട്ടിയുടെ ആരോഗ്യ ടിപ്സ്

നടി ശില്‍പ്പ ഷെട്ടിയ്ക്ക് പ്രായം ഇപ്പോള്‍ 50 ആകാന്‍ പോകുന്നു. എന്നാല്‍ ആരെങ്കിലും വിശ്വസിക്കുമോ ഇത്. ഇപ്പോഴും താരത്തെ കണ്ടാല്‍ 20 വയസ്സ് തോന്നില്ല. എന്നാല്‍ കൃത്യമായ വ്യായാമവും ചിട്ടയോടെയുള്ള ശീലങ്ങളും തന്റെ ശരീരത്തിനും ആരോഗ്യത്തിനും എന്നും സഹായമായിരുന്നുവെന്ന് പല അവസരങ്ങളിലും താരം വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ ശില്‍പ്പ ചോദിക്കുന്നത് എന്താണ് ആരോഗ്യം എന്നാണ് ? ഉത്തരവും താരത്തിന്റെ കൈവശമുണ്ട്. ഒരു വ്യക്തിയും അയാളുടെ ശരീരവും തമ്മിലുള്ള ബന്ധമാണ് ആരോഗ്യം.

ഭക്ഷണം എത്രത്തോളം കഴിക്കുന്നു, എത്രത്തോളം ദേഹം അനങ്ങുന്നു എന്നത് തമ്മിലുള്ള ഒരു ബാലന്‍സാണ് ആരോഗ്യത്തിന് ആവശ്യമെന്നും ശില്‍പ്പ പറയുന്നു. എന്നാല്‍ പട്ടിണി കിടക്കുന്നതില്‍ കാര്യമില്ല. കഴിക്കുന്ന ഭക്ഷണവും വ്യായാമവും ഒന്നു ശ്രദ്ധിച്ചാല്‍ ശരീരത്തിനെ ഇഷ്ടത്തിനനുസരിച്ച് മാറ്റിയെടുക്കാം. പലവരും ഡയറ്റിങ് ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷം ഉപേക്ഷിക്കുന്നതാണ് കണ്ടു വരുന്നത്.

ഡയറ്റിങ്ങ് അല്ല പകരം പരിപാലനമാണ് വേണ്ടതെന്ന് ശില്‍പ്പ പറയുന്നു. ഒരു വ്യക്തി നിയന്ത്രണങ്ങളല്ല നല്ല ശീലങ്ങളാണ് ഉണ്ടാക്കിയെടുക്കേണ്ടത്. ആരോഗ്യം നിങ്ങളുടെ കൈകളിലാണ്. വെറുതെ ഇരുന്ന് ആരോഗ്യത്തിനായി ആഗ്രഹിക്കാതെ അതിനായി പണിയെടുക്കണമെന്നും താരം പറയുന്നു.