Health

വെണ്ണ, ടൂത്ത്പേസ്റ്റ്… പൊള്ളലേറ്റാൽ ഈ കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്

ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ നേരിടേണ്ടി വന്ന അപകടാവസ്ഥയായിരിയ്ക്കും പൊള്ളല്‍. പാചകം ചെയ്യുമ്പോഴാണ് പലര്‍ക്കും പൊള്ളലേല്‍ക്കാറുള്ളത്. അമിതമായ പൊള്ളല്‍ ഇല്ലെങ്കില്‍ നമ്മളൊക്കെ വീട്ടിലെ ചെറിയ ചെറിയ പൊടിക്കൈകള്‍ തന്നെയായിരിയ്ക്കും ഇതിനായി പ്രയോഗിയ്ക്കുന്നത്.

പലരും പലതരത്തിലാണ് തീപൊളളലിന് പ്രഥമശുശ്രൂഷ നല്‍കുന്നത്. ഇതില്‍ പലരും അവര്‍ പ്രയോഗിക്കുന്ന പൊടിക്കൈ പ്രയോഗങ്ങളുടെ ശാസ്ത്രീയ വശങ്ങള്‍ അറിഞ്ഞിട്ടൊന്നുമല്ല ഇത്തരം കാര്യങ്ങള്‍ക്ക് പിറകെ പോകുന്നത്. അതില്‍ പല പൊടിക്കൈ പ്രയോഗങ്ങളും പൊള്ളലിനെ കൂടുതല്‍ ഗുരുതരമാക്കുന്നതാണ്.

വെണ്ണയും ടൂത്ത്പേസ്റ്റും – പൊള്ളലേറ്റവരില്‍ പൊതുവെ കാണുന്ന പ്രവണതയാണ് പൊള്ളലേറ്റ ഭാഗത്ത് വെണ്ണയും ടൂത്ത്പേസ്റ്റുമൊക്കെ പുരട്ടുന്നത്. ഇത് പൊള്ളലിനെ കൂടുതല്‍ ഗുരുതരമാക്കുകയേ ഉള്ളൂ. നാട്ടുവൈദ്യങ്ങളില്‍ ശാസ്ത്രീയ അടിത്തറ ഉള്ളവ മാത്രം സ്വീകരിക്കുക. അല്ലാത്തവ പൂര്‍ണ്ണമായും ഒഴിവാക്കുക. ഓയിന്‍മെന്റുകളും മറ്റും ഉപയോഗിക്കുമ്പോള്‍ ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്ന ഓയിന്‍മെന്റുകള്‍ മാത്രം ഉപയോഗിക്കുക. പൊള്ളലില്‍ സഹിക്കാനാകാത്ത വേദന ഉണ്ടെങ്കില്‍ അതിനുള്ള മരുന്നുകളും നിര്‍ദ്ദേശാനുസരണം ഉപയോഗിക്കുക.

ദീര്‍ഘനേരം പൊള്ളലില്‍ വെള്ളമൊഴിക്കുന്നത് ഒഴിവാക്കുക – പൊള്ളലേറ്റ ഭാഗത്ത് വെള്ളമൊഴിക്കുന്നത് നല്ലതാണെങ്കിലും ദീര്‍ഘനേരം അങ്ങനെ ചെയ്യേണ്ടതില്ല. ഇരുപതോ മുപ്പതോ മിനുട്ട് വെള്ളംകൊണ്ട് കഴുകിയാല്‍ മതിയാകും. മുറിയിലെ താപനിലയിലുള്ള വെള്ളം തന്നെയാണ് പൊള്ളലേറ്റ ഭാഗം കഴുകാന്‍ ഉപയോഗിക്കേണ്ടത്. ഐസ് ഉപയോഗിച്ച് പൊള്ളലേറ്റ ഭാഗം തടവുന്നത് താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും ഇങ്ങനെ ചെയ്യുന്നത് പൊള്ളലേറ്റ ഭാഗത്തെ ശരീരകോശങ്ങളെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഐസോ തണുത്ത വെള്ളമോ ഉപയോഗിച്ച് ആ ഭാഗം കഴുകുന്നത് ഒഴിവാക്കുക.

പൊള്ളലേറ്റ ഭാഗത്ത് വെയിലേല്‍ക്കാതിരിക്കുക – പൊള്ളലേറ്റാല്‍ മൂന്ന് ദിവസത്തേക്കെങ്കിലും പൊള്ളലേറ്റ ഭാഗത്ത് വെയില്‍ കൊള്ളിക്കാതിരിക്കുക. വെയിലേറ്റാല്‍ പൊള്ളിയ ഭാഗത്ത് കുമിളകള്‍ വരാനുള്ള സാധ്യത കൂടുതലാണ്. വീടിന് പുറത്ത് പോകുന്നുണ്ടെങ്കില്‍ പൊള്ളലേറ്റ ഭാഗം എന്തെങ്കിലും ഉപയോഗിച്ച് വെയില്‍ കൊള്ളാത്തവിധം മറയ്ക്കുക. മുഖത്താണ് പൊള്ളലേറ്റതെങ്കില്‍ സ്‌കാര്‍ഫോ തൂവാലയോ ഉപയോഗിച്ച് ആ ഭാഗം വെയിലേല്‍ക്കാതെ സംരക്ഷിക്കുക. ചെറിയ അശ്രദ്ധ കാണിച്ചാല്‍ നിങ്ങള്‍ പിന്നീട് കൂടുതല്‍ ബുദ്ധിമുട്ടേണ്ടി വരും. പൊള്ളലേറ്റാല്‍ ആ പൊള്ളല്‍ എത്രമാത്രം ഗുരുതരമാണ് എന്ന് കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. നിസ്സാരമായ പൊള്ളലുകള്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാം. പക്ഷെ പൊള്ളല്‍ ഗുരുതരമാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ വൈദ്യസഹായം തേടണം.

ആന്റിബയോട്ടിക് ഓയിന്‍മെന്റുകള്‍ കഴിവതും ഒഴിവാക്കുക – ചെറിയ പൊള്ളല്‍ ആണെങ്കില്‍ ആന്റിബയോട്ടിക് ഓയിന്‍മെന്റുകളുടെ ആവശ്യം ഇല്ല. ആന്റിബയോട്ടിക് ഓയിന്‍മെന്റുകള്‍ പുരട്ടുന്ന ഭാഗത്തെ പൂര്‍ണ്ണമായി അണുവിമുക്തമാക്കും. മുറിവുണക്കാനും തൊലിയുടെ പ്രധിരോധശേഷി നിലനിര്‍ത്താനും സഹായിക്കുന്ന ബാക്റ്റീരിയകളും ഇതോടൊപ്പം നശിക്കും. അതിനാല്‍, ഓയിന്‍മെന്റുകളോ ക്രീമുകളോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കുക.

പൊള്ളല്‍ കുമിളകളില്‍ അമര്‍ത്താതിരിക്കുക – പൊള്ളലേറ്റ ഭാഗത്ത് ചിലര്‍ക്ക് കുമിളകള്‍ വന്നിട്ടുണ്ടാകും. പൊള്ളലേറ്റവര്‍ക്ക് ഏറ്റവും ബുദ്ധിമുട്ടും അസ്വസ്ഥതയും ഉണ്ടാക്കുന്നത് ഇത്തരം കുമിളകള്‍ ആയിരിക്കും. അതിനെ അമര്‍ത്തി പൊട്ടിക്കാനുള്ള പ്രവണതയും ചിലര്‍ക്ക് കാണും. അങ്ങനെ ചെയ്യുന്നത് അണുബാധയ്ക്ക് കാരണമാകും. പൊള്ളലേറ്റ ഭാഗത്ത് പുതിയ ചര്‍മ്മകോശങ്ങള്‍ വരുന്ന സമയത്ത് ആ കുമിളകള്‍ തനിയെ അടര്‍ന്നുപോകും. അതിനുള്ള ക്ഷമകാണിക്കേണ്ടത് പൊള്ളല്‍ ഭേദമാകാന്‍ ഏറ്റവും ആവശ്യമായ ഒരു കാര്യമാണ്. പൊള്ളല്‍ കുമിളകള്‍ കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കില്‍ അധികം വൈകാതെ ഡോക്ടറുടെ സഹായം തേടുക.

Leave a Reply

Your email address will not be published. Required fields are marked *