Good News

അന്ന് വഴിയരികില്‍ അച്ചാര്‍ വില്‍പ്പന നടത്തി ; ഇന്ന് വര്‍ഷം അഞ്ചുകോടി നേട്ടമുണ്ടാക്കുന്ന കമ്പനിയുടമ


ഉത്തര്‍പ്രദേശിലെ ദൗലത്പൂര്‍ എന്ന ചെറിയ ഗ്രാമത്തില്‍ ജനിച്ച കൃഷ്ണ സ്‌കൂളില്‍ പോയിട്ടില്ല. വിവാഹശേഷം ട്രാഫിക് പോലീസ് ഓഫീസറായിരുന്ന ഭര്‍ത്താവിനൊപ്പം ബുലന്ദ്ഷഹറിലേക്ക് താമസം മാറി. എന്നാല്‍ ഭര്‍ത്താവിന് ജോലി നഷ്ടമായതോടെ ജീവിതം കടുത്ത പ്രതിസന്ധിയിലായി. എന്തെങ്കിലും ജോലി കിട്ടുമെന്ന പ്രതീക്ഷയില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഡല്‍ഹിയിലുള്ള പിതാവിന്റെ അരികിലേക്ക് പോയി. പോക്കറ്റില്‍ ആകെയുണ്ടായിരുന്നത് 500 രൂപ മാത്രമായിരുന്നു.

വിദ്യാഭ്യാസം ഇല്ലാത്തതിനാല്‍ കൃഷ്ണയ്ക്ക് കാര്യമായ ഒരു ജോലിയും കിട്ടിയില്ല.
ജീവിതം ദുഷ്‌ക്കരമായതോടെ ഷെയര്‍ ക്രോപ്പിംഗ് വഴി ഒരു വയലില്‍ പണിയെടുത്തു. ഉല്‍പ്പാദിപ്പിക്കുന്ന വിളകളുടെ ഒരു ഭാഗത്തിന് പകരമായി ഭൂവുടമ പാട്ടക്കാരനെ അവരുടെ ഭൂമിയില്‍ കൃഷി ചെയ്യാന്‍ അനുവദിക്കുന്ന നിയമപരമായ ക്രമീകരണമാണ് ഷെയര്‍ക്രോപ്പിംഗ്. വയലിനോട് ചേര്‍ന്നുള്ള ചെറിയമുറി അഞ്ചംഗ കുടുംബത്തിന് തല ചായ്ക്കാനും ലഭിച്ചു. എന്നാല്‍ കൃഷി കാര്യമായ ലാഭം നല്‍കിയില്ല.


എന്നാല്‍ മൂല്യവര്‍ദ്ധന പരിശീലന പരിപാടിയെക്കുറിച്ച് ടെലിവിഷനില്‍ ഒരു പരസ്യംകണ്ടത് കൃഷ്ണയുടെ ജീവിതം മാറ്റിമറിച്ചു. കൃഷി വിജ്ഞാന കേന്ദ്രത്തില്‍ അച്ചാറുണ്ടാക്കാനുള്ള പരിശീലന പരിപാടിയില്‍ ചേര്‍ന്ന് ആ വിദ്യയില്‍ പ്രാവീണ്യം നേടി. ഉത്സാഹിയായ ഒരു വിദ്യാര്‍ത്ഥിയെപ്പോലെയായിരുന്നു കൃഷ്ണ. വീട്ടിലെ കൃഷിപണിക്ക് ശേഷം പരിശീലന കേന്ദ്രത്തിലേക്ക് പതിവായി എത്തും.


കൃഷ്ണ അച്ചാറുകള്‍ ഉണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ വിപണി കണ്ടുപിടിക്കലായിരുന്നു പ്രധാന പ്രശ്നം. റോഡരികില്‍ ഒരു ചെറിയ മേശ സ്ഥാപിച്ചു അച്ചാറുകള്‍ നിരത്തിവെച്ചു. എന്നാല്‍ ആരും മൈന്‍ഡ് ചെയ്തില്ല. ഇതോടെ കടുത്ത ചൂടില്‍ യാത്രക്കാര്‍ക്ക് സൗജന്യമായി വെള്ളം കൊടുക്കാന്‍ ഒരു പദ്ധതി തയ്യാറാക്കി. വെള്ളം കുടിക്കാന്‍ നിര്‍ത്തിയ ഉപയോക്താക്കള്‍ക്ക് അച്ചാറിന്റെ സാമ്പിളുകള്‍ നല്‍കി. ലളിതവും എന്നാല്‍ ഫലപ്രദവുമായ ഈ തന്ത്രം വിജയ കണ്ടു. സാവധാനം ഒരു ഉപഭോക്തൃ അടിത്തറ കെട്ടിപ്പടുക്കാന്‍ കൃഷ്ണയ്ക്കായി.
അച്ചാറുമായി കൃഷ്ണ ഉല്‍പ്പന്ന പ്രാദേശിക മേളകളില്‍ പങ്കെടുക്കാനും തുടങ്ങി. അച്ചാറുകള്‍ രുചിപിടിക്കാന്‍ അധികകാലം വേണ്ടി വന്നില്ല. ഇത് സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തി. ഇതോടെ ‘ശ്രീ കൃഷ്ണ പിക്കിള്‍സി’ ന് ഔപചാരികമായി തുടക്കമായി. ഇപ്പോള്‍ ബിസിനസ് വളര്‍ന്ന് അച്ചാര്‍ നിര്‍മ്മാണത്തിന് അഞ്ചുനിലയിലുള്ള സ്വന്തം ഫാക്ടറി തുറന്നിരിക്കുകയാണ് കൃഷ്ണ.
ഉണക്കമുന്തിരി, മാങ്ങ, മുളക്, നാരങ്ങ എന്നിവയുള്‍പ്പെടെ പലതരം അച്ചാറുകള്‍ ശ്രീ കൃഷ്ണ പിക്കിള്‍സ് അവതരിപ്പിച്ചു. ഇന്ന്, 250 ഇനം അച്ചാറുകള്‍, ഹെര്‍ബല്‍ ജ്യൂസുകള്‍, ചട്ണികള്‍, മാര്‍മാലേഡുകള്‍, സിറപ്പുകള്‍ എന്നിവ അവര്‍ ഉണ്ടാക്കി വില്‍പ്പന നടത്തുന്നു.

കൃഷ്ണയുടെ ഡല്‍ഹിയിലെ അഞ്ച് നില സ്ഥാപനം പ്രതിദിനം 10 മുതല്‍ 20 ക്വിന്റല്‍ വരെ അച്ചാറുകള്‍ നിര്‍മ്മിക്കുകയും പ്രതിവര്‍ഷം 5 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാക്കുകയും ചെയ്യുന്നു. കൃഷ്ണയുടെ നിശ്ചയദാര്‍ഢ്യവും സംരംഭകത്വ മനോഭാവവും മൂലം, 2012-ലെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ദേശീയ വനിതാ കമ്മീഷനില്‍ നിന്നുള്ള മികച്ച വനിതാ അവാര്‍ഡ് ഉള്‍പ്പെടെ ഒന്നിലധികം പുരസ്‌കാരങ്ങളും അവരെ തേടിവന്നു.