തായ്‌ലന്റില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഓഫീസില്‍ ജോലി ചെയ്യുന്നതിന് പകരം നൈറ്റ്ക്ലബ്ബില്‍ ഗാനമേള നടത്തിയിരുന്നതായി കണ്ടെത്തല്‍. പത്തുവര്‍ഷത്തോളം ഈ പരിപാടിയുമായി മുമ്പോട്ട് പോയ ഇയാള്‍ ഈ വര്‍ഷം മുഴുവന്‍ സര്‍ക്കാരിന്റെ ചെയ്യാത്ത ജോലിയുടെ ശമ്പളവും ബോണസും കൈപ്പറ്റുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
തായ്ലന്‍ഡിലെ ആങ് തോങ് പ്രവിശ്യയിലെ ദുരന്ത നിവാരണ വകുപ്പില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. മേയര്‍ നിര്‍ദേശിക്കുന്നതിന് അനുസരിച്ച് ഉത്തരവുകള്‍ വാങ്ങാനും പേപ്പറില്‍ ഒപ്പിടാനും മാത്രമായിരുന്നു ഇയാള്‍ ഓഫീസില്‍ വന്നിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ശമ്പളവും ബോണസും വാങ്ങുന്നതിലെ സൂക്ഷ്മപരിശോധന ഒഴിവാക്കാന്‍ വേണ്ടി മാത്രമായിരുന്നു ഇയാള്‍ ഇത് ചെയ്തിരുന്നത്. ഉദ്യോഗസ്ഥന്‍ തന്റെ രാത്രികള്‍ ഒരു ക്ലബ്ബില്‍ പാട്ടുപാടി ചെലവഴിക്കുകയായിരുന്നെന്നാണ് ഇയാള്‍ക്കെതിരേയുള്ള റിപ്പോര്‍ട്ടിലുള്ളത്.
രാത്രി മുഴുവന്‍ ഉണര്‍ന്നിരുന്ന ശേഷം ക്ഷീണിതനായാണ് ഇയാള്‍ രാവിലെ ജോലിക്കെത്തിയിരുന്നത്. വാച്ച് ഡോഗ് എന്ന ഫെയ്സ്ബുക്ക് പേജ് ഈ ദ്വന്ത വ്യക്തിത്വം തുറന്നുകാട്ടിയതോടെയാണ് കുടുങ്ങിയത്. അതേസമയം ഇയാളെ ഇതുവരെ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടിട്ടില്ല. സംഭവത്തില്‍ പ്രാദേശിക സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ലെങ്കിലും ഈ വെളിപ്പെടുത്തല്‍ തായ്ലന്‍ഡിലെ പൊതുമേഖലയിലെ അഴിമതിയെക്കുറിച്ച് പുതിയ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. സംഭവവും സര്‍ക്കാരിന്റെ പ്രതികരണമില്ലായ്മയും സോഷ്യല്‍ മീഡിയയില്‍ രോഷത്തിനും കാരണമായി.
പലരും ജീവനക്കാരനെ സര്‍വീസില്‍ നിന്ന് ഉടന്‍ പിരിച്ചുവിടാനും മറ്റ് ശിക്ഷാ നടപടികള്‍ക്കും ആഹ്വാനം ചെയ്തു. എന്നിരുന്നാലും ജോലി പോലും ചെയ്യാതെ ഒരു ജീവനക്കാരന്‍ ശമ്പളം വാങ്ങുന്നത് ഇത് ആദ്യ സംഭവമല്ല. കഴിഞ്ഞ മാസം, ഒരു അജ്ഞാത പോസ്റ്റില്‍, ഒരു ആമസോണ്‍ ടെക്കി ‘സീറോ വര്‍ക്ക്’ ചെയ്യുന്നതിലൂടെ 4.5 കോടി രൂപ സമ്പാദിച്ചതായി അവകാശപ്പെട്ടു.