ലോക ജനതയെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം മ്യാൻമാറിൽ 7.7 തീവ്രത രേഖപെടുത്തിയ ഭൂകമ്പം ഉണ്ടായത്. 16,000 പേരിൽ അധികം ആളുകളുടെ ജീവൻ അപഹരിക്കപ്പെട്ട ദുരന്തിന്റെ ഭീതിജനകമായ വീഡിയോകളാണ് ഓരോ മിനിറ്റിലും ഇന്റർനെറ്റിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
തായ്‌ലൻഡ്, ചൈന, ജപ്പാൻ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഇതിനിടയിലാണ് മ്യാൻമാറിലെ ഒരു കെട്ടിടത്തിനു മുകളിലെ നീന്തൽക്കുളത്തിൽ സുനാമിക്ക് സമാനമായ തിരകൾ ഉയർന്നു പൊങ്ങിയതിന്റെ ദൃശ്യങ്ങൾ വൈറലായത്. വീഡിയോയിൽ ഭൂകമ്പത്തിനിടയിൽ നീന്തൽ കുളത്തിലെ വെള്ളം ഉയർന്നുപൊങ്ങുന്നതും ആളുകൾ ഓടി രക്ഷപ്പെടുന്നതും കാണാം.
കുളത്തിന്റെ അരികിൽ ഒരാൾ വിശ്രമിക്കുന്നതും ദമ്പതികൾ വെള്ളത്തിൽ വായു നിറയ്ക്കാവുന്ന ലോഞ്ചറുകളിൽ പൊങ്ങിക്കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഭൂകമ്പം ഉണ്ടായപ്പോൾ, വെള്ളം അലയടിക്കാൻ തുടങ്ങി. നിമിഷങ്ങൾക്കുള്ളിൽ, കൂറ്റൻ തിരമാലകൾ രൂപപ്പെട്ടു, കുളത്തിന്റെ അരികുകളിൽ ശക്തമായി ആഞ്ഞടിച്ചു.
ഡെക്കിലുണ്ടായിരുന്നയാള്‍ ദമ്പതികളോട് കുളത്തില്‍നിന്ന് പുറത്തിറങ്ങാൻ അടിയന്തിരമായി ആംഗ്യം കാണിച്ചു, ദമ്പതികൾ അവരുടെ ഫ്ലോട്ടികൾ ഉപേക്ഷിച്ച് വേഗത്തിൽ കുളത്തിന്റെ അരികിലേക്ക് നീന്തി. വെള്ളം ഡെക്കിൽ ഇടിച്ചുകൊണ്ടിരുന്നപ്പോൾ സ്ത്രീ ആദ്യം പുറത്തെത്തി. പുരുഷൻ പിന്നാലെ വന്നു. നിമിഷങ്ങൾക്കുള്ളിൽ, ഉയർന്നുപൊങ്ങിയ തിരമാലകൾ പ്രദേശം മുഴുവൻ നനച്ചു, ലോഞ്ച് കസേരകൾ വെള്ളപ്പൊക്കത്തിലാക്കി, മേൽക്കൂരയിൽ നിന്ന് താഴെയുള്ള തെരുവുകളിലേക്ക് വെള്ളം കുത്തിയൊലിച്ചു.
ഭൂകമ്പത്തിൽ വൻതോതിലുള്ള നാശനഷ്ടങ്ങളാണ് സംഭവിച്ചത്. അംബരചുംബികളായ കെട്ടിടങ്ങളിൽ വിള്ളലുകൾ ഉണ്ടാകുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തു. നിരവധി പേരാണ് ദുരന്തത്തിൽ മരിച്ചുവീണത്.
ദുരന്തബാധിത പ്രദേശങ്ങളിൽ നിന്നുള്ള ഇത്തരം വീഡിയോകൾ അരാജകത്വവും നാശനഷ്ടങ്ങളും എടുത്തു കാണിക്കുകയാണ്. ബാങ്കോക്കിലും, ഭൂചലനം വളരെ ശക്തമായിരുന്നു, ആഡംബര റൂഫ്‌ടോപ്പ് ഇൻഫിനിറ്റി പൂളുകളിൽ നിന്നുള്ള വെള്ളം താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ആശങ്കകൾ സൃഷ്ടിക്കുകയാണ്.
ബനിയൻ ട്രീ ഹോട്ടലിൽ നിന്നുള്ള ഫൂട്ടേജിൽ അതിൻ്റെ 61-ാം നിലയിലെ നീന്തൽകുളത്തിൽ നിന്ന് വെള്ളം കെട്ടിടത്തിന്റെ താഴേക്ക് പതിക്കുന്നത് കാണാം. അതേസമയം വാൽഡോർഫ് അസ്റ്റോറിയയുടെ 16-ാം നിലയിലെ കുളവും മാരിയറ്റ് മാർക്വിസിന്റെ 9-ാം നിലയിലെ കുളവും മിനിറ്റുകൾക്കുള്ളിൽ കാലിയായി, ഇതോടെ താഴെയുള്ള തെരുവുകളിൽ വെള്ളപ്പൊക്കവുമുണ്ടായി.