Featured Sports

മരണത്തിന്റെ വക്കിലെത്തിച്ച രോഗാവസ്ഥ; വെളിപ്പെടുത്തലുമായി മൈക് ടൈസൺ

20 വര്‍ഷത്തിന് ശേഷം ഹെവി വെയ്റ്റ് ബോക്‌സിങ്ങിന് ഇറങ്ങിയ ഇതിഹാസ താരം മൈക് ടൈസണ്‍ റിങ്ങില്‍ പരാജയപ്പെട്ടെങ്കിലും നിരവധി ആരാധകരുടെ മനസ്സ് കീഴടക്കിയാണ് മത്സരം അവസാനിപ്പിച്ചത്. 58 കാരനായ ടൈസണ്‍ തന്റെ പ്രായം ഒരു പ്രശ്‌നമല്ലയെന്ന് തെളിയിച്ചുകൊണ്ടാണ് തന്നേക്കാള്‍ 31 വയസ് കുറഞ്ഞ ജേക്ക് പോളുമായി പോരാട്ടത്തിന് ഇറങ്ങിയത്.

എന്നാല്‍ മത്സത്തില്‍ തയാറെടുപ്പിനിടെ സംഭവിച്ച ഒരു ആരോഗ്യ പ്രശ്‌നം തന്നെ മരണത്തിന്റെ പടിവതില്‍ക്കല്‍ വരെ എത്തിച്ചിരുന്നതായി മൈക്ക് വെളിപ്പെടുത്തി. തന്നെ വീഴ്ത്തിയത് അള്‍സര്‍ രോഗ മൂര്‍ച്ഛയായിരുന്നെന്ന് മൈക്ക് പറയുന്നു. മെയ് മാസത്തിലായിരുന്നു രോഗം സങ്കീര്‍ണമായത്. കടുത്ത വേദന അനുഭവിച്ചതായും ആ സമയത്ത് താന്‍ മരിക്കാന്‍ പോകുന്നത് പോലെ തോന്നിയതായും അദ്ദേഹം പറഞ്ഞു.

തന്റെ ശരീരത്തില്‍ നിന്നും രക്തം നഷ്ടപ്പെട്ട് 8 തവണ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ചെയ്യേണ്ടിവന്നു. ഇതിനെതുടര്‍ന്ന് ജൂലൈയില്‍ നടക്കേണ്ടിയിരുന്ന ടൈസണ്‍ – ജേക്ക് പോൾ മത്സരം മാറ്റിവെയ്ക്കുകയായിരുന്നു.

അള്‍സര്‍ മൂര്‍ച്ഛയ്ക്ക് ശേഷം തയ്യാറെടുപ്പുകളെല്ലാം തനിക്ക് ആദ്യം മുതല്‍ ആരംഭിക്കേണ്ടി വന്നെന്നും ടൈസണ്‍ ന്യൂയോര്‍ക്കര്‍ നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. തന്റെ ആരോഗ്യപ്രശ്‌നങ്ങളെയെല്ലാം മറികടന്ന് തന്നെക്കാള്‍ പാതി പ്രായം മാത്രമുള്ള ഒരു ഫൈറ്ററുടെ കൂടെ 8 റൗണ്ട് ബോക്‌സിങ്ങ് റിങ്ങില്‍ പിടിച്ച് നില്‍ക്കാനായതും വലിയ കാര്യമാണെന്നും റിങ്ങില്‍ അവസാനമായി ഇറങ്ങിയതില്‍ പശ്ചാത്താപമൊന്നും ഇല്ലെന്നും ആ മത്സര രാവിന് താന്‍ കടപ്പെട്ടിരിക്കുന്നതായും മൈക്ക് എക്‌സില്‍ കുറിച്ചു. ഇരുവരുടെയും മത്സരം 12 കോടിയിലധികം ആളുകള്‍ കണ്ടതായിയാണ് കണക്ക്.