ലഖ്നൗ: ഒരുവിഭാഗം നടത്തിയ കല്ലേറിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയിലും മൗവിലും സംഘര്‍ഷം. ‘ഐ ലവ് മുഹമ്മദ്’ പോസ്റ്ററിനെച്ചൊല്ലി ആഴ്ചകള്‍ക്കു മുമ്പാരംഭിച്ച പ്രതിഷേധത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്. പ്രതിഷേധക്കാരെ തടയാന്‍ ലാത്തിച്ചാര്‍ജ് നടത്തിയ പോലീസ് ബറേലിയില്‍ 12 പേരെ അറസ്റ്റ് ചെയ്തു. മൗവില്‍ നിരവധി പേര്‍ക്കെതിരേ കേസെടുത്തു.
‘ഐ ലവ് മുഹമ്മദ്’ എന്ന പോസ്റ്റര്‍ പതിച്ച ഒരു കൂടാരം ഈമാസം 4 ന് പോലീസ് നീക്കം ചെയ്യുകയും ഏതാനും പേര്‍ക്കെതിരേ കാണ്‍പുരില്‍ കേസെടുക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് രാജ്യമെമ്പാടും നടന്നുവന്ന പ്രതിഷേധപ്രകടനങ്ങളില്‍ ഒടുവിലത്തേതാണ് ഇന്നലത്തേത്. ഐ ലവ് മുഹമ്മദ്’ കാമ്പയിനിനെ പിന്തുണച്ച് പ്രകടനം നടത്താന്‍ പ്രാദേശിക പുരോഹിതനും ഇത്തിഹാദ്-ഇ-മില്ലത്ത് കൗണ്‍സില്‍ മേധാവിയുമായ മൗലാന തൗഖീര്‍ റാസ ആഹ്വാനം ചെയ്തതോടെ ബറേലിയിലെ ഇസ്ലാമിയ ഗ്രൗണ്ടിനു സമീപം വലിയൊരു ജനക്കൂട്ടം തടിച്ചുകൂടുകയായിരുന്നു.
കനത്ത പോലീസ് സാന്നിധ്യത്തിനിടയിലും ആക്ഷേപകരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി ഇവര്‍ പ്രകോപനം സൃഷ്ടിച്ചു. പോലീസിനു നേരേ ചിലര്‍ കല്ലെറിഞ്ഞതോടെയാണ് പ്രതിഷേധക്കാര്‍ക്കെതിരേ ലാത്തിച്ചാര്‍ജ് തുടങ്ങിയത്. കുറഞ്ഞത് 12 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിട്ട സ്ഥലത്ത് ചെരിപ്പുകളും കല്ലുകളും ചിതറിക്കിടക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുന്നു. ഏറ്റുമുട്ടലില്‍ 10 പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് പ്രദേശത്ത് പൊലീസ് ഫ്ളാഗ് മാര്‍ച്ച് നടത്തുകയും നമസ്കാരം നടത്തി വീട്ടിലേക്കു മടങ്ങാന്‍ ആളുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ജനക്കൂട്ടത്തിനിടയില്‍നിന്ന് ചിലര്‍ കല്ലെറിയുകയും വെടിയുതിര്‍ക്കുകയും ചെയ്തയായി മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു. ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നു വിചാരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവസ്ഥലത്തുനിന്ന് ചില ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ലാത്തിചാര്‍ജ് യു.പി. സര്‍ക്കാരിന്റെ ബലഹീനതയെയാണു സൂചിപ്പിക്കുന്നതെന്ന് സമാജ് വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. സംഭവം അപലപനീയമാണെന്നും ലാത്തിചാര്‍ജിനു പകരം ഐക്യത്തോടെയും സൗഹാര്‍ദ്ദത്തോടെയുമാണു സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബറേലിയില്‍ന്ന് 600 കിലോമീറ്റര്‍ അകലെ, ബാഗ്പത്തിലെ മൗവിലും സമാനമായ പ്രതിഷേധമാണുണ്ടായത്. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കുശേഷം തടിച്ചുകൂടിയ നൂറുകണക്കിനാളുകള്‍ ഇവിടെയും മുദ്രാവാക്യം മുഴക്കി. വീട്ടിലേക്കു മടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടതോടെ ജനക്കൂട്ടത്തില്‍നിന്നു കല്ലേറുണ്ടായി. തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിചാര്‍ജ് നടത്തുകയായിരുന്നു. തിരിച്ചറിയാവുന്ന രണ്ടും അജ്ഞാതരായ 150 ഉം പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.




