കുട്ടികള്‍ കള്ളം പറയുന്നത് സാധാരണയാണ്. എന്നാല്‍ അവര്‍ കുട്ടികളല്ലേ എന്ന് കരുതി പലരും അത് കാര്യമാക്കാറില്ല. കുട്ടികള്‍ നുണ പറയുമ്പോള്‍ അതിന് പിന്നിലെ കാരണം കണ്ടെത്തി അവരെ തിരുത്തേണ്ടത് മാതാപിതാക്കളുടെ കടമയാണ്. എന്നാല്‍ മാതാപിതാക്കള്‍ അവരെ സമീപിക്കുന്ന രീതികളനുസരിച്ചായിരിക്കും ചെയ്ത തെറ്റിനെക്കുറിച്ച് തിരിച്ചറിയാനും സത്യം പറയാൻ ശീലിക്കാനും അവർ പഠിക്കുന്നത്.
കുട്ടികള്‍ പലപ്പോഴും രണ്ട് രീതികളിലാണ് കള്ളങ്ങള്‍ പറയുന്നത്. ഒന്ന് അവര്‍ സ്വന്തമായി സൃഷ്ടിക്കുന്ന ഭാവനാലോകത്ത് നിന്നുള്ള നുണകള്‍. കഥകള്‍ ഉണ്ടാക്കി പറയുക. ഇത് അവരുടെ സൃഷ്ടിപരമായ കഴിവിനെ വളർത്തുന്നതിന് സഹായിക്കാറുണ്ട്. രണ്ടാമത്തത് മനപ്പൂര്‍വ്വം തന്ത്രപരമായി പറയുന്ന കള്ളങ്ങളാണ്. ഒരു ലക്ഷ്യം നേടിയെടുക്കുന്നതിനോ പ്രശ്നത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനോ വേണ്ടി പറയുന്ന ചില കള്ളങ്ങള്‍. ഇത് പതിവായി കളളം പറയുന്ന ശീലം കുട്ടികളിൽ വളർന്നുവരാൻ കാരണമാകുന്നു. ഈ സാഹചര്യത്തില്‍ മാതാപിതാക്കള്‍ യുക്തിപരമായി തീരുമാനങ്ങള്‍ എടുക്കണം.
ആദ്യമായി കുട്ടികളുടെ നുണയ്ക്ക് പിന്നിലുള്ള കാരണം മനസ്സിലാക്കണം. അവരുമായി നല്ല രീതിയില്‍ ആശയവിനിമയയം നടത്തുക. തന്റെ ആശങ്കകള്‍ മാതാപിതാക്കള്‍ മനസ്സിലാക്കുന്നതായി അവര്‍ക്ക് തോന്നണം. കള്ളം പറയുന്നതിന്റെ ദോഷം പറഞ്ഞ് മനസ്സിലാക്കണം. സ്നേഹവും ആത്മവിശ്വാസവും പകരണം.
കുട്ടികള്‍ കള്ളം പറയുമ്പോള്‍ അമിതമായി ദേഷ്യപ്പെടരുത്. സാഹചര്യം വഷളാക്കാതെ കൈകാര്യം ചെയ്യണം. ചെറിയ കള്ളങ്ങള്‍ ക്ഷമിക്കുക. അമിതമായി പ്രതികരിക്കുന്ന നിര്‍ത്തിയാല്‍ തന്നെ കള്ളം പറയുന്ന ശീലം കുറയും. കുട്ടികളെ ശാന്തമായി സ്നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കണം. കള്ളം എങ്ങനെ വിശ്വാസത്തെ നശിപ്പിക്കുമെന്നും ബന്ധങ്ങളെ തകര്‍ക്കുമെന്നും വിശദീകരിക്കണം.
മാതാപിതാക്കള്‍ അവർക്ക് റോള്‍ മോഡലാവണം. അതിനാല്‍ മാതാപിതാക്കളും സത്യസന്ധരാവാനായി ശ്രമിക്കണം. കുട്ടികളുടെ മുന്നില്‍വെച്ച് നുണകള്‍ പറയരുത്. കുട്ടികള്‍ക്ക് തമാശയ്ക്ക് പോലും കള്ളന് അല്ലെങ്കില്‍ കള്ളി എന്ന വിശേഷണം നല്‍കാതിരിക്കുക. ഇത് ഒരുപക്ഷെ കള്ളം പറയുന്നത് ശീലമായി അവരില്‍ രൂപപ്പെടാനും കാരണമാകും. സത്യം പറയുമ്പോള്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.