ഉറങ്ങുന്നതിന് മുമ്പായി പല്ല് ബ്രഷ് ചെയ്യുന്നവരുണ്ട്. പാല്‍ കുടിക്കുന്നവരെയും കണ്ടിരിക്കാം. എന്നാല്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പായി വായ ടേപ്പ് വച്ച് മൂടിക്കെട്ടുന്നവരെ കണ്ടിട്ടുണ്ടോ ?എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ പുതിയ ട്രെന്‍ഡ് ഇത്തരത്തിലുള്ള മൗത്ത് ടേപ്പിങ്ങാണത്രേ.
ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും വായ ടേപ്പ് ഉപയോഗിച്ച് ഒട്ടിക്കുന്നതിനാല്‍ മൂക്കിലൂടെ മാത്രം ശ്വാസമെടുക്കുകയും പുറത്തേയ്ക്ക് വിടുകയും ചെയ്യുമെന്നും അത് ഉറക്കത്തിനും ആരോഗ്യത്തിനുംനല്ലതാണെന്നുമാണ് വാദം. കൂര്‍ക്കംവലിയും കുറയുമത്രേ. ഈ മൗത്ത് ടേപ്പിങ് ചെയ്യുന്നതാവട്ടെ 7 മുതല്‍ 8 മണിക്കൂറിലേക്കാണ്. ചര്‍മ്മത്തിന് അലര്‍ജി ഉണ്ടാക്കാത്ത തരത്തിലുള്ള പോറസ് ടേപ്പാണ് ഇതിനായി ഉപയോഗിക്കുന്നത്. മൂക്കിലൂടെ ശ്വസിക്കുന്നത് വായിലൂടെ ശ്വസിക്കുന്നതിനേക്കാള്‍ ആരോഗ്യ പ്രദമാണെന്നാണ് ഏഷ്യന്‍ ഹോസ്‌പിറ്റലിലെ റെസ്‌പിറേറ്റി, ക്രിട്ടിക്കല്‍ കെയര്‍ ആന്‍ഡ് സ്ലീപ് മെഡിസിന്‍ ഡയറക്ടര്‍ ഡോ. മാനവ് മന്‍ചന്ദ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഇത് നല്ലതാണ്. എന്നാല്‍ ഈ ശീലം ആരംഭിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും നിങ്ങള്‍ ഡോക്ടറുടെ അഭിപ്രായം സ്വീകരിക്കണം. പ്രത്യേകിച്ച് ശ്വസനപ്രശ്‌നങ്ങളും സ്ലീപ് അപ്‌നിയ പോലുള്ള ഉറക്കപ്രശ്‌നങ്ങളും ഉള്ളവര്‍. പകല്‍സമയത്ത് കുറച്ചു സമയത്തേയ്ക്ക് ഉറങ്ങുമ്പോള്‍ ഇത് പരീക്ഷിച്ചിട്ട് പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍മാത്രം രാത്രിയില്‍ ഉപയോഗിച്ചാല്‍ മതി.
.
സൈനസ് അണുബാധ, ചെവിയിലെ അണുബാധ , ജലദോഷം എന്നിവയുള്ളവര്‍ ഇതിനായി ശ്രമിക്കരുത്. കൂടാതെ അമിതവണ്ണമുള്ളര്‍ ശ്വാസകോശ ഹൃദ്രോഹ പ്രശ്നങ്ങള്‍ നേരിടുന്നവരും ഇത് പരീക്ഷിക്കരുതെന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മദ്യപിച്ച ശേഷവും മരുന്നുകള്‍ കഴിച്ച ശേഷവും വായ മൂടിക്കെട്ടാന്‍ ശ്രമിക്കരുത്. സെലിബ്രിറ്റികള്‍ അടക്കമുള്ളവര്‍ ഇത് ഉപകാരപ്രദമാണെന്ന രീതിയില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു.