ന്യൂഡല്‍ഹി: ടി20 ലോകകപ്പിന് ആദ്യമായി വേദിയരുളുന്ന അമേരിക്കയില്‍ സുരക്ഷാഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് കനത്ത കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ന്യൂയോര്‍ക്ക് നാസു കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന മത്സരത്തില്‍ കാവല്‍ നിന്നത് സ്നൈപ്പര്‍മാര്‍. ലോംഗ് ഐലന്റ് ഗ്രൗണ്ടില്‍ ജൂണ്‍ 3 ന് മുതല്‍ 12 വരെ നടക്കുന്ന മത്സരങ്ങള്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെയും കാവല്‍ നല്‍കിയിട്ടുണ്ട്. ആളുകള്‍ക്ക് കാണാൻ കഴിയാത്ത സ്ഥലത്ത് നിന്ന് ദൂരത്തിലുള്ള ലക്ഷ്യത്തിലേയ്ക്ക് വെടിവയ്ക്കുന്നവരാണ് സ്നൈപ്പേഴ്സ്
വേദിക്ക് ചുറ്റുമായി പ്രത്യേക ലൊക്കേഷനുകളിലാണ് സ്നൈപ്പര്‍മാരെ പൊസിഷന്‍ ചെയ്തിരിക്കുന്നത്. ഈ വേദിയില്‍ ആദ്യമായിട്ടാണ് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടക്കുന്നത്. എല്സനോര്പാര്ക്കില് എട്ടു മത്സരങ്ങളാണ് നടക്കുന്നത്. ജൂണ്‍ 9 ന് നടക്കുന്ന ഇന്ത്യാ പാക് മത്സരങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനം. ഐഎസ് അനുകൂല തീവ്രവാദി സംഘടനകളുടെ ഭീഷണി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിരിക്കുന്നത്. സ്നൈപ്പര്‍മാരുടെ പ്രത്യേകസംഘവും സാധാരണ വസ്ത്രം ധരിച്ച പോലീസുകാരും വരുന്ന സ്വാറ്റ് ടീമുകള്‍ ഉള്‍പ്പെടെയാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.
ഇതിനെല്ലാം പുറമേ പിച്ച് 24 മണിക്കൂര്‍ നാര്‍ക്കോട്ടിക്ക് ഡിവിഷന്റെ നിരീക്ഷണത്തിലുമാണ്. കളി നടക്കുന്ന പിച്ച് തകര്‍ക്കുന്നില്ലെന്ന് ഇവര്‍ ഉറപ്പാക്കുകയും ചെയ്യുന്നു. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി, ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവ ഉള്‍പ്പെടെ വിവിധ സുരക്ഷാ സംഘടനകളുമായി ലോകകപ്പിന് സുരക്ഷ നല്കാന് നാസ്സു പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ബന്ധപ്പെട്ടിരിക്കുന്നു. സ്റ്റേഡിയത്തിന് സമീപത്തെ പാര്‍ക്ക് ലാന്റിന് അടുത്തേക്ക് പോലും പോലീസ് ആരോയും അടുപ്പിക്കില്ല. ഡ്രോണ്‍ ആക്രമണം പോലും ഉണ്ടാകാതിരിക്കാനാണ് ഈ സുരക്ഷാ സംവിധാനം.