ധോണിക്ക് ശേഷം ലോകകപ്പ് ഉയര്‍ത്തുന്ന നായകനായി രോഹിത് ശര്‍മ്മ മാറുമോ എന്നതാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളമുള്ള മില്യണ്‍ ഡോളര്‍ ചോദ്യം. ടെസ്റ്റ് ലോകകപ്പ് മുതല്‍ ഏകദിന ടി20 എന്നിങ്ങനെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ ഫൈനലില്‍ എത്തിച്ചിട്ടും ഒരു കപ്പ് പോലും ഉയര്‍ത്താന്‍ ഭാഗ്യമില്ലാത്ത രോഹിത്ശര്‍മ്മയുടെ ഈ അപശകുനം മാറുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ക്രിക്കറ്റിലെ റെക്കോഡുകള്‍ ഒന്നൊന്നായി പേരിലാക്കിക്കൊണ്ടിരിക്കുന്ന രോഹിത് ടി20 ലോകകപ്പ് 2024 സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ വിജയം ഉറപ്പിച്ചതോടെ മറ്റൊരു റെക്കോഡ് കൂടി പേരിലാക്കി. 49 വിജയങ്ങളോടെ ടി20 യിലെ ഏറ്റവും വിജയമായ നായകനായിട്ടാണ് രോഹിത് മാറിയത്. 48 വിജയങ്ങളുള്ള പാകിസ്ഥാന്റെ ബാബര്‍ അസമിനെയാണ് മറികടന്നത്. ഇംഗ്‌ളണ്ടിനെതിരേയുള്ള വിജയം ഇന്ത്യയുടെ തുടര്‍ച്ചയായ പതിനൊന്നാം മത്സരവിജയമായിട്ടാണ് മാറിയത്.
2021 നവംബറിനും 2022 ഫെബ്രുവരിക്കും ഇടയില്‍ നേടിയ 12 വിജയങ്ങളായിരുന്നു ടീമിന്റെ മുമ്പത്തെ ഏറ്റവും മികച്ച സ്ട്രീക്ക്. നിലവില്‍ 8 വിജയങ്ങളോടെ ഒരു ടി20 ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയതിന്റെ റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കയുടെ പേരിലാണ്, അതേസമയം ഇന്ത്യ 7 വിജയങ്ങളുമായി തൊട്ടുപിന്നിലാണ്. ഈ ടൂര്‍ണമെന്റില്‍ ഇതുവരെ പരാജയം അറിയാതെയാണ് ഇന്ത്യ കുതിക്കുന്നത്. ഫൈനല്‍ കൂടി ജയിച്ചാല്‍ തോല്‍ക്കാതെ കപ്പുയര്‍ത്താം. ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലും സമാന ജൈത്രയാത്ര നടത്തിയ ഇന്ത്യ ആകെ തോറ്റതാകട്ടെ ഫൈനലിലും. ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള വമ്പന്മാരെ തകര്‍ത്താണ് ഇത്തവണയും ടീം മുമ്പോ്ട്ടു പോയത്.