Oddly News

ആടുകള്‍ക്ക് മാത്രമല്ല, ജനങ്ങള്‍ക്കും ഭീഷണി; ചെന്നായ്ക്കളുടെ എണ്ണം കുറയ്ക്കാന്‍ സ്വീഡന്‍

ചെന്നായ്ക്കളുടെ എണ്ണം മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും ഭീഷണിയാകുന്ന നിലയിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് സ്വീഡന്‍ അവയുടെ എണ്ണം കുറയ്ക്കുന്നു. വംശനാശഭീഷണി നേരിടുന്ന ഇരപിടിയന്റെ ജനസംഖ്യ പകുതിയോളം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്വീഡന്‍ വിവാദ ചെന്നായ വേട്ട ജനുവരി 2 വ്യാഴാഴ്ച മുതല്‍ ആരംഭിച്ചു.

ചെന്നായ്ക്കള്‍ കന്നുകാലികള്‍ക്ക് ഭീഷണിയായി ഉയരുകയും ജീവിവര്‍ഗത്തെ കൂടുതല്‍ അപകടത്തിലാക്കുന്നുവെന്നും ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ അഞ്ച് ചെന്നായ കുടുംബങ്ങളെ കൊല്ലാന്‍ സ്വീഡിഷ് സര്‍ക്കാര്‍ അംഗീകാരം നല്‍കി.

അതേസമയം സ്വീഡനിലെ ചെന്നായ ജനസംഖ്യ, ഇതിനകം തന്നെ സമ്മര്‍ദ്ദത്തിലാണെന്നാണ് പരിസ്ഥിതിവാദികളുടെ വാദം. 2022-23 കാലയളവില്‍ ഏകദേശം 20 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. നിലവിലെ കണക്കുകള്‍ പ്രകാരം 375 ആണ് ചെന്നായ്ക്കളുടെ എണ്ണം. ‘അനുകൂലമായ സംരക്ഷണ നില’ യായി സര്‍ക്കാര്‍ പുതിയ മിനിമം എണ്ണമായി 170 ചെന്നായ്ക്കള്‍ നിശ്ചയിച്ചിട്ടുണ്ട്.

അതേസമയം തീരുമാനം ജീവിവര്‍ഗത്തെ കൂടുതല്‍ അപകടത്തിലാക്കുന്നുവെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. 1966 നും 1983 നും ഇടയില്‍ പ്രജനനം കുറഞ്ഞതിനെ തുടര്‍ന്ന് സ്വീഡനില്‍ ചെന്നായ്ക്കള്‍ വംശനാശ ഭീഷണിയില്‍ ആയിരുന്നു. ഈ നയം ജീവിവര്‍ഗങ്ങളെ പുനഃസ്ഥാപിക്കുന്നതിനുള്ള ദശാബ്ദങ്ങള്‍ നീണ്ട ശ്രമങ്ങളെ പഴയപടിയാക്കുമെന്ന് സംരക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം മറുവശത്ത് കന്നുകാലികള്‍ക്ക്, പ്രത്യേകിച്ച് ആടുകള്‍ക്ക് നേരെയുള്ള പതിവ് ആക്രമണങ്ങള്‍ കൂടിയതോടെയാണ് ചെന്നായകളുടെ എണ്ണം കുറയ്ക്കണമെന്ന് കര്‍ഷകര്‍ വാദിച്ചത്. വലിയ ചെന്നായകളുടെ എണ്ണം ഗ്രാമീണ ഉപജീവനമാര്‍ഗങ്ങളെ തടസ്സപ്പെടുത്തുകയും കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമാക്കുകയും ചെയ്യുന്നു എന്ന് അവര്‍ വാദിക്കുന്നു.

കന്നുകാലികളെ വേട്ടയാടുന്നത് തടയാന്‍ വൈദ്യുത വേലി പോലുള്ള ബദല്‍ പരിഹാരങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പരിസ്ഥിതി ഗ്രൂപ്പുകള്‍ വേട്ടയെ എതിര്‍ക്കുന്നുണ്ട്. നശീകരണം ജൈവവൈവിധ്യത്തെ തകര്‍ക്കുമെന്നും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ ചെന്നായ്ക്കള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അവര്‍ വാദിക്കുന്നു.

സ്വീഡന് പുറമേ കന്നുകാലികള്‍ക്ക് ഭീഷണിയായി യൂറോപ്പിന്റെ ചില ഭാഗങ്ങളില്‍ ചെന്നായ്ക്കളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ യൂറോപ്യന്‍ കമ്മീഷന്‍ അതിന്റെ ആവാസവ്യവസ്ഥയുടെ നിര്‍ദ്ദേശത്തില്‍ മാറ്റങ്ങള്‍ പരിഗണിക്കുന്നു. 2025 മാര്‍ച്ച് 7 മുതല്‍ ചെന്നായ്ക്കളെ ‘സംരക്ഷിത’ പദവിയിലേക്ക് തരംതാഴ്ത്താന്‍ ബെര്‍ണ്‍ കണ്‍വെന്‍ഷന്‍ അടുത്തിടെ വോട്ട് ചെയ്തിരുന്നു.