Movie News

കേസ് വാദിച്ച് പ്രതിയെ കൊല്ലുന്ന ലാൽ കൃഷ്ണ വിരാടിയാറല്ല, പുതിയ എൽ കെ- എ.കെ സാജൻ

ധ്രുവം, കാശ്മീരം, റെഡ് ചില്ലീസ്, ചിന്താമണി കൊലക്കേസ് പോലുള്ള സിനിമകള്‍ മലയാളിക്ക് സമ്മാനിച്ചിട്ടുള്ള തിരക്കഥാകൃത്താണ് എ.കെ സാജൻ. സാജൻ തിരക്കഥയെഴുതിയ സിനിമകളിലെ കഥാപാത്രങ്ങളുടെ പേരുകള്‍ മലയാളികളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞതാണ്. നരസിംഹ മന്നാഡിയാര്‍, ചിന്താമണി, അഡ്വ. ലാല്‍കൃഷ്ണ വിരാടിയാര്‍, ഒഎംആര്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും സിനിമകളെ കുറിച്ച്‌ പറയുമ്പോൾ പ്രേക്ഷകർ എപ്പോഴും എടുത്തു പറയുന്നതാണ്.

ഇപ്പോഴും റിപ്പീറ്റ് വാല്യുവുള്ള സിനിമകളാണ് എ.കെ സാജന്റെ തിരക്കഥയില്‍ പിറന്ന സിനിമകൾ. എ.കെ സാജൻ തിരക്കഥ എഴുതിയപ്പോഴും സംവിധാനം ചെയ്തപ്പോഴും ഏറ്റവും കൂടുതല്‍ തവണ നായകനായത് സുരേഷ് ഗോപിയായിരുന്നു. അതില്‍ ഒട്ടുമിക്ക സിനിമകളും വിജയവുമായിരുന്നു.ഇപ്പോഴിതാ ചിന്താമണി കൊലക്കേസ് വീണ്ടും എത്തുന്നു എന്ന വാർത്ത സ്ഥിതീകരിക്കുകയാണ് സാജൻ. സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന് കേട്ടല്ലോ എന്ന് അവതാരകൻ ചോദിക്കുമ്പോഴാണ് സാജൻ മറുപടി പറയുന്നത്.

“എന്റെ സിനിമകളുടെ ആരാധകനല്ല ഞാൻ. സിനിമകൾ ചെയ്തു കഴിഞ്ഞാലത് വിട്ടു കളയും. ജോൺപോൾ സർ അടക്കമുള്ള പല ഗുരുനാഥന്മാരും പറഞ്ഞിട്ടുള്ളത് വിജയം തലയിൽ കയറ്റരുത് എന്നാണ്. പത്രം നന്നായി വായിക്കുന്ന ആളാണ്‌ ഞാൻ…. വായിച്ചറിയുന്ന കാര്യങ്ങളിൽ നിന്നാണ് എല്ലാം എഴുതുന്നത്.ഇപ്പോൾ ചിന്താമണി എഴുതുന്ന സമയത്ത് ഞാൻ ചിന്തിക്കുന്നതും അതാണ്. എൽ കെയുടെ മോഡസ് ഒപ്രണ്ടി എല്ലാവർക്കും മനസിലായി. വാദിച്ച പ്രതിയെ കൊല്ലും. അതിനെ ബ്രേക്ക്‌ ചെയ്യണം. അതാണ് ഞാൻ വൈകിച്ചത്. അതൊരു ചെറിയ വെല്ലുവിളിയല്ല. എൽ കെ യെ എല്ലാവർക്കും മനസിലായി. അയാളുടെ രീതി മനസിലായി. തെറ്റ് ചെയ്ത പ്രതിയുടെ കേസ് വാദിച്ചാൽ പ്രതിയെ കൊല്ലും. അതിനിയും കാണിക്കുന്നതിൽ ഒരു കൗതുകവും ഇല്ല. രണ്ടാം ഭാഗവും ഒരു കോർട്ട് റൂം ഡ്രാമയാണ്, ഒപ്പം മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട്. കുറച്ചു കൂടി വലിയ ബഡ്ജറ്റിൽ ഉള്ള സിനിമയാണത്. ഏതാണ്ട് എഴുതി കഴിയാറായി…എല്ലാം അതിന്റെ സമയം ആകുമ്പോൾ നടക്കും. ഷൂട്ടിംഗ് ഈ വർഷം ഉണ്ടാകും, ഉണ്ടാകണം…. ” സാജൻ പറയുന്നു.