ദേശീയ പുരസ്‌ക്കാര ജേതാവ് കൂടിയായ മലയാള നടന്‍ സൂരാജ് വെഞ്ഞാറമൂട് അരുണ്‍കുമാറിന്റെ സിനിമയിലൂടെ തമിഴില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ്. വിക്രം നായകനാകുന്ന വീര ധീര ശൂരനിലൂടെ തമിഴില്‍ എത്തുന്ന സുരാജ് വെഞ്ഞാറമൂട് അന്യഭാഷയിലെ ആദ്യ അനുഭവത്തെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
ഷൂട്ടിംഗിനായി എത്തിയ രണ്ടാംദിനം തന്നെ താരത്തിന് ഒറ്റ ഷോട്ടില്‍ തന്നെ ഒരു നെടുങ്കന്‍ ഡയലോഗുള്ള രംഗമായിരുന്നു കിട്ടിയതെന്നും മൂന്ന് അറ്റാക്കുകള്‍ ഒരുമിച്ച് വന്നപോലെയായിരുന്നെന്നും താരം പറഞ്ഞു. അതും ഷൂട്ടിംഗിന്റെ രണ്ടാം ദിവസം ഒരു കാട്ടില്‍ വെച്ചായിരുന്നു സിനിമയുടെ ഷൂട്ടിംഗ്.
സിനിമയുടെ കഥയും തന്റെ കഥാപാത്രത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനുമായി സുരാജ് ഷൂട്ടിംഗിന് രണ്ടുദിവസം മുമ്പ് തന്നെ സ്ഥലത്തെത്തി. നടന്‍ എന്ന നിലയില്‍ ആ സിനിമ ഒരു വലിയ പരിചയമായിരുന്നെന്നും സുരാജ് വ്യക്തമാക്കുന്നു. ”എനിക്ക് തമിഴ് നന്നായി അറിയുമായിരുന്നില്ല. ആദ്യദിവസം എനിക്ക് സംഭാഷണമുണ്ടോ എന്നു സംവിധായകനോട് ചോദിച്ചപ്പോള്‍ ഉണ്ടെന്നും അതൊരു ചെറിയ ഡയലോഗ് ആണെന്നും പറഞ്ഞു. അപ്പോള്‍ ആത്മവിശ്വാസം കൂടി. പിറ്റേന്ന് ചെന്നപ്പോഴും ഡയലോഗ് ഉണ്ടോയെന്ന് ചോദിച്ചു. ഉണ്ടെന്ന് മറുപടി നല്‍കിയ സംവിധായകന്‍ വരാന്‍ പറഞ്ഞു.
ചെന്നപ്പോള്‍ ഒരു നീണ്ട വോയ്‌സ് റെക്കോഡിംഗ് തന്നു. ഉടന്‍ ഞാന്‍ സംശയിച്ച് ഇതെന്താ സിനിമയിലെ മുഴുവന്‍ ഡയലോഗുമാണോ എന്ന് ചോദിച്ചു. അല്ല. ഇത് നിങ്ങളുടെ മാത്രം ഡയലോഗ് ആണെന്ന് സംവിധായകന്റെ മറുപടി. ഇത് കേട്ട് സെറ്റിലുണ്ടായിരുന്നവര്‍ മുഴുവന്‍ ഉച്ചത്തില്‍ ചിരിച്ചു മറിഞ്ഞു. ഇതെല്ലാം ഇന്നൊരു ദിവസത്തെയാണോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അല്ല. നാളെ ഷൂട്ടിംഗില്‍ ഒറ്റ ഷോട്ടില്‍ പൂര്‍ത്തിയാക്കേണ്ട ഡയലോഗ് ആണെന്നും സംവിധായകന്‍ പറഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി.” സുരാജ് പറഞ്ഞു.
”മൂന്ന് ഹാര്‍ട്ട്അറ്റാക്കുകള്‍ ഒരുമിച്ച് വന്നത് പോലെ തോന്നി. അവിടെ നിന്നും പതിയെ മുങ്ങി എങ്ങോട്ടെങ്കിലൂം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോകാന്‍ പറ്റുമായിരുന്നില്ല. കാരണം ഷൂട്ടിംഗ് അന്ന് നടന്നത് ഒരു കാട്ടിലായിരുന്നു.” നടന്‍ പറഞ്ഞു.
എന്നാല്‍ ഈ രംഗം ബിറ്റ് ബിറ്റായി എടുത്തതിനാല്‍ അത് നന്നായി ചെയ്യാന്‍ പറ്റിയെന്നും നടന്‍ പറഞ്ഞു. മാര്‍ച്ച് 27 ന് റിലീസ് ചെയ്യുന്ന സിനിമയില്‍ സൂപ്പര്‍താരനിരയാണ് അഭിനയിക്കുന്നത്. ചിയാന്‍ വിക്രം, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയന്‍ എന്നിവരാണ് താരങ്ങള്‍.
സിനിമയുടെ രണ്ടാംഭാഗമാണ് മാര്‍ച്ച് 27 ന് ആദ്യം ഇറങ്ങുന്നത്. തേനി ഈശ്വറാണ് ക്യാമറ, ജിവി പ്രകാശ്കുമാറാണ് സംഗീതം ഒരുക്കുന്നത്. സിനിമ തകര്‍പ്പന്‍ ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.