Featured Sports

‘ബ്‌ളാക്ക് സെപ്തംബര്‍’ ഓര്‍മ്മയില്ലേ ? പാരീസ് ഒളിമ്പിക്സിനുവേണ്ടി 1972 ലെ പരസ്യവുമായി അഡിഡാസ്, വിവാദം

12 ഇസ്രായേലികള്‍ കൊല്ലപ്പെട്ട മ്യൂണിക് ഒളിമ്പിക്‌സില്‍ ഉപയോഗിച്ച ക്ലാസ്സിക് പരസ്യം പാരീസ് ഒളിമ്പിക്‌സിലേക്ക് വീണ്ടും പൊടിതട്ടിയെടുത്ത അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ അഡിഡാസ് പിടിച്ചത് വിവാദം. മോഡല്‍ ബെല്ല ഹദീദ്, ഒരു ജോഡി സ്‌നീക്കറുകള്‍, പിന്നെ അഡിഡാസ് എന്നതാണ് പരസ്യം. 1972 ല്‍ ഉപയോഗിച്ച പരസ്യം വീണ്ടും വന്നതോടെ അഡിഡാസ് പുലിവാല്‍ പിടിച്ചിരിക്കുകയാണ്.

1972 ഒളിമ്പിക് ഗെയിംസില്‍ നിന്നുള്ള ക്ലാസിക് എസ്എല്‍ 72 സ്നീക്കറുകള്‍ പാരീസ് ഒളിമ്പിക്സിനൊപ്പ വീണ്ടും സമാരംഭിക്കുന്നതിനുള്ള നീക്കമാണ് പരസ്യക്യാമ്പയിനിലൂടെ പാളിയത്. പരസ്യത്തിനായി അഡിഡാസ് തെരഞ്ഞെടുത്ത മോഡല്‍ ബെല്ല ഹദീദായിരുന്നു. പകുതി പാലസ്തീനിയായ ബെല്ല എപ്പോഴും പാലസ്തീനികള്‍ക്ക് അനുകൂലമായ നിലപാട് എടുക്കുന്നയാളാണ്.

അമേരിക്കന്‍ സൂപ്പര്‍ മോഡല്‍ ബെല്ല ഹഡിഡിനെ പരസ്യ കാമ്പെയ്നിനായി തെരഞ്ഞെടുത്ത് എന്തുകൊണ്ടാണെന്ന് അറിയാന്‍ മ്യൂണിക്ക് ഗെയിംസിന്റെ രക്തരൂക്ഷിതമായ ചരിത്രം കൂടി അറിയേണ്ടതുണ്ട്. 1972-ലെ മ്യൂണിക്ക് ഒളിമ്പിക്‌സില്‍ 12 ഇസ്രായേലി അത്‌ലറ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ബ്‌ളാക്ക് സെപ്തംബര്‍ എന്ന് ഒളിമ്പിക്‌സ് ചരിത്രത്തില്‍ അറിയപ്പെടുന്ന സംഭവം ലോകം മുഴുവന്‍ ഒളിമ്പിക്സ് വീക്ഷിക്കുമ്പോള്‍ ഒരു പാലസ്തീനിയന്‍ ഭീകരസംഘം ഇസ്രയേലി അത്‌ലറ്റുകള്‍ താമസിക്കുന്ന ഹോട്ടലില്‍ കടന്നുകയറി അവരെ ബന്ദികളാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവമായിരുന്നു. ഒളിമ്പിക്‌സ് ചരിത്രത്തിലെ രക്തരൂക്ഷിത കഥകളിലാണ് ഈ സംഭവം.

എന്തായാലും 1972 ലെ സാധനങ്ങളും അതിന്റെ പരസ്യവും ബെല്ലാ ഹദീദിനെ വെച്ച് വീണ്ടും ചെയ്തപ്പോള്‍ എസ്എല്‍ 72 പരസ്യത്തിനെതിരേ
ഇസ്രായേലികളും അമേരിക്കന്‍ യഹൂദന്മാരും രൂക്ഷവിമര്‍ശനവുമായി എത്തി. ഇസ്രായേലി സര്‍ക്കാരിന്റെ ഔദ്യോഗിക എക്സ് ഹാന്‍ഡില്‍ പോലും പരസ്യത്തിനെതിരെ പ്രതിഷേധിച്ചു. പ്രതിഷേധം കടുത്തതോടെ പരസ്യപ്രചാരണത്തിന് അഡിഡാസ് ക്ഷമാപണം നടത്തിയിരിക്കുകയും പരിശോധിക്കാമെന്ന ഉറപ്പും നല്‍കിയിരിക്കുകയാണ്. 70-കളിലെ ‘ആഗ്രഹിക്കുന്ന ക്ലാസിക്’ സ്നീക്കറുകളുടെ പുനരുജ്ജീവനമാണ് എസ്എല്‍72 കാമ്പെയ്ന്‍. മ്യൂണിക്ക് ഗെയിംസിന്റെ 52-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് അഡിഡാസിന്റെ പരസ്യ കാമ്പെയ്ന്‍ സംസാരമാകുന്നത്.

ബെല്ല ഹദീദിന്റെ പിതാവ് മുഹമ്മദ് ഹദീദ് യുഎസിലേക്ക് കുടിയേറിയ പലസ്തീന്‍കാരനാണ്. ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ഗാസയെ പിന്തുണച്ചതിന് ബെല്ല ഹദീദിനെയും അവളുടെ പിതാവിനെയും ഇസ്രായേല്‍ അനുകൂല ഗ്രൂപ്പുകള്‍ വിമര്‍ശിച്ചു. ‘അഭിമാനമുള്ള പലസ്തീനി’ എന്നാണ് ഹദീദ് സ്വയം വിശേഷിപ്പിക്കുന്നത്. യുദ്ധത്തില്‍ ഫലസ്തീനെ പിന്തുണച്ച് അവള്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച അന്നത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ അവര്‍ മാര്‍ച്ച് പോലും നടത്തിയിരുന്നു. അഡിഡാസ് പ്രചാരണത്തിനെതിരെ അമേരിക്കന്‍ ജൂത സമിതിയും ട്വീറ്റ് ചെയ്തു.

സംഭവം വിവാദമായതോടെ അഡിഡാസ് അതിന്റെ പ്രചാരണം പരിഷ്‌കരിക്കാന്‍ പദ്ധതിയിടുകയാണ്. ”കാമ്പെയ്നിന്റെ ശേഷിക്കുന്ന ഭാഗം ഞങ്ങള്‍ പരിഷ്‌കരിക്കുകയാണ്. ലോകമെമ്പാടുമുള്ള ഏകീകൃത ശക്തിയായി ഞങ്ങള്‍ സ്പോര്‍ട്സില്‍ വിശ്വസിക്കുന്നു, ഞങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വൈവിധ്യവും സമത്വവും നിലനിര്‍ത്താനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ തുടരും.” അഡിഡാസ് പറഞ്ഞു.